റിയാദ് സീസൺ; പ്രേക്ഷകഹൃദയങ്ങളിൽ പാടിനിറഞ്ഞ് അബ്ദുൽ മജീദ് അബ്ദുല്ല
text_fieldsറിയാദ്: സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റി ഗായകൻ അബ്ദുൽ മജീദ് അബ്ദുല്ലയുടെ സ്വരവീചികൾ റിയാദ് സീസൺ വേദിയെ സംഗീത സാന്ദ്രമാക്കി. ദശലക്ഷക്കണക്കിന് ഫോളോവർമാരുള്ള ഈ സൗദി ഗായകനെ നേരിൽ കണ്ടാസ്വദിക്കാൻ കാത്തിരുന്ന റിയാദിലെ സംഗീതപ്രിയരെ ഒരു രാത്രി മുഴുവൻ ആസ്വാദനത്തിെൻറ കൊടിമുടിയേറ്റിയാണ് അബ്ദുൽ മജീദ് വേദിവിട്ടത്.
ജിദ്ദയിൽ 13ാം വയസ്സിൽ പാടിത്തുടങ്ങി ഗൾഫിലുടനീളം ആരാധകരെ സൃഷ്ടിച്ച അബ്ദുൽ മജീദ് വെള്ളിയാഴ്ച രാത്രി 9.30ഓടെ വേദിയിലെത്തി. കൈവീശിക്കാണിച്ച് അരങ്ങിലേക്കെത്തിയ അബ്ദുൽ മജീദിനോട് കാത്തിരിക്കുകയാണെന്ന് ആരാധകർ ഉച്ചത്തിൽ ഒരേസ്വരത്തിൽ വിളിച്ചുപറഞ്ഞു.
മധുരിതമായ താളാത്മകതയിൽ കരഘോഷം മുഴക്കി അഭിവാദ്യമർപ്പിച്ചു. പാടിത്തുടങ്ങിയതോടെ സദസ്സാകെ കൂടെചേർന്നു. അബ്ദുൽ മജീദ് സമൂഹമാധ്യമങ്ങളിൽ പാടി സുപരിചിതമാക്കിയ ഈരടികളെല്ലാം മനഃപാഠമാണ് ആരാധകർക്ക്. ഹൃദയത്തിലേക്ക് നേരിട്ട് കിനിഞ്ഞിറങ്ങുംവിധമാണ് അദ്ദേഹത്തിെൻറ ആലാപന രീതി.
മനുഷ്യരുടെ വികാരങ്ങളും അനുഭൂതികളും വാങ്മയരൂപംകൊണ്ട വരികളിലൂടെയാണ് അബ്ദുൽ മജീദിനെ അറബികൾക്ക് പ്രിയപ്പെട്ട ഗായകനാക്കിയത്. സ്വരമധുരം പോലെ വരികൾ അർഥസമ്പുഷ്ടമാകുന്നതുമാണല്ലോ അറേബ്യൻ പാട്ടുകളുടെ ആകർഷണീയത. ‘ലൈലത് അബ്ദുൽ മജീദ് അബ്ദുല്ല’ (അബ്ദുൽ മജീദ് അബ്ദുല്ലയുടെ രാവുകൾ) എന്ന ശീർഷകത്തിൽ റിയാദ് സീസണിെൻറ പ്രധാന വേദിയായ ബോളീവാർഡിൽ വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം പാടിയത്.
രാത്രി 9.30 മുതൽ ആരംഭിച്ച പാട്ടുരാവ് മണിക്കൂറുകളോളം നീണ്ടു. സദസ്സിനോട് സംവദിച്ച് പാടിയ അബ്ദുൽ മജീദിെൻറ പാട്ടുകളോട് ആ രാത്രി വിടപറയാൻ പ്രേക്ഷകമനസ്സ് വിസമ്മതിച്ചിരുന്നു.
പരിപാടിക്ക് ഒരാഴ്ചമുന്നേ ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖ് ‘എക്സ്’ അക്കൗണ്ടിൽ അബ്ദുൽ മജീദ് പാടുന്ന പ്രമോഷൻ വിഡിയോ ക്ലിപ് പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മിനിറ്റുകൾക്കകം ടിക്കറ്റുകളെല്ലാം ചൂടപ്പംപോലെ വിറ്റുപോയി. ജിദ്ദ ഇത്തിഹാദ് ക്ലബിെൻറ വേദിയിൽ 13 വയസ്സിൽ പാടിത്തുടങ്ങിയ അബ്ദുൽ മജീദിന് ഗൾഫിലുടനീളം ആരാധകരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.