റിയാദ് സീസണും വേൾഡ് ബോക്സിങ് കൗൺസിലും കരാർ ഒപ്പുവെച്ചു
text_fieldsറിയാദ്: റിയാദ് സീസണും വേൾഡ് ബോക്സിങ് കൗൺസിലും (ഡബ്ല്യു.ബി.സി) ഔദ്യോഗിക പങ്കാളിത്തത്തിൽ ഒപ്പുവെച്ചു. പൊതു വിനോദ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദിയിലെ വിനോദ മേഖലയെ എല്ലാവരും ആഗ്രഹിക്കുന്നതിലേക്ക് കൊണ്ടുവരുന്നതിൽ റിയാദ് സീസൺ നടത്തുന്ന ശ്രമങ്ങളുടെ വിപുലീകരണമായാണ് ഈ പങ്കാളിത്തം വരുന്നതെന്നും ഈ കൂട്ടുകെട്ട് ബോക്സിങ് ഗെയിമിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.
ബോക്സിങ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും പഴയതുമായ ഔദ്യോഗിക സ്ഥാപനങ്ങളിലൊന്നാണ് ഡബ്ല്യു.ബി. സി. വൈവിധ്യമാർന്നതും അതുല്യവുമായ വിനോദ പരിപാടികളിലൂടെ ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് റിയാദ് സീസൺ ലക്ഷ്യമിടുന്നത്. ബോക്സിങ് കായികരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനവുമായുള്ള ഈ സഹകരണം ആഗോള പ്രേക്ഷകരിൽനിന്ന് കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുമെന്നും പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.
വേൾഡ് ബോക്സിങ് കൗൺസിലിന്റെ പുതിയ ഔദ്യോഗിക പങ്കാളിയായി റിയാദ് സീസണിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് വേൾഡ് ബോക്സിങ് കൗൺസിൽ പ്രസിഡൻറ് മൗറിസിയോ സുലൈമാൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വിനോദ പരിപാടികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒരു വലിയ സംഭവമാണ് റിയാദ് സീസൺ. അടുത്തിടെ ബോക്സിങ് കായിക ഇനവുമായി റിയാദ് സീസനെ ബന്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ റിയാദ് സീസണിൽ മൂന്ന് ആവേശകരമായ പോരാട്ടങ്ങൾക്ക് ശേഷം റിയാദ് ബോക്സിങ്ങിെൻറ തലസ്ഥാനമായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടുവെന്നും വേൾഡ് ബോക്സിങ് കൗൺസിൽ പ്രസിഡൻറ് പറഞ്ഞു. ബോക്സിങ് എന്ന കായിക വിനോദത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. ഞങ്ങളുടെ സഹകരണം നിരവധി അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കരുതുന്നു. സൗദി അറേബ്യയിൽ വളർന്നുവരുന്ന ബോക്സിങ്ങിനോടുള്ള അഭിനിവേശത്തിൽ പങ്കെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും വേൾഡ് ബോക്സിങ് കൗൺസിൽ പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.