റിയാദ് സീസൺ; സുവൈദി പാർക്കിൽ വാരാന്ത്യം പൊടിപൂരമാകും
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ കലാ സാംസ്കാരികോത്സവമായ റിയാദ് സീസണ് കൊടിയേറിയപ്പോൾ വേദികളിലെല്ലാം ആസ്വാദകരുടെ തിരക്കാണ്. സീസൺ ആരംഭിച്ച ശേഷമുള്ള ആദ്യ വാരാന്ത്യ അവധി വ്യാഴാഴ്ച തുടങ്ങുമ്പോൾ പൂരം കളറാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകരും കലാകാരന്മാരും ആസ്വാദകരും. ബോളിവാഡ് ഉൾപ്പെടെ റിയാദിൽ സീസൺ ആഘോഷങ്ങൾക്ക് നിരവധി വേദികളുണ്ടെങ്കിലും അതിൽനിന്നെല്ലാം വേറിട്ട ആഘോഷ ഇടം സുവൈദി പാർക്കാണ്. ലോക സംസ്കാരങ്ങളുടെ വിനിമയം വിശാല അർഥത്തിൽ നടക്കുന്ന ഏക വേദി ഇതാണ്.
ലോകത്തിെൻറ നാനാഭാഗങ്ങളിൽനിന്നുള്ള സാംസ്കാരിക വൈവിധ്യങ്ങൾ ഇവിടെ അതത് ദേശങ്ങളുടെ തനത് കലാരൂപങ്ങളായി ഇവിടെ അവതരിപ്പിക്കപ്പെടുകയാണ്. ഈ ആഴ്ച മുഴുവൻ ഇന്ത്യൻ സാംസ്കാരികോത്സവമാണ് അരങ്ങേറുന്നത്. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഈ ആഘോഷങ്ങളുടെ ആദ്യ ദിനം തന്നെ പൊടിപാറുന്നതായിരുന്നു.
ചെണ്ട മേളത്തിന്റെയും പഞ്ചാബി ഡാൻസിന്റെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര ഇന്ത്യയുടെ കലാസംസ്കാരം വിളിച്ചോതുന്നതായിരുന്നു. പാർക്കിന് ചുറ്റും രണ്ട് കിലോമീറ്ററോളം പ്രദക്ഷിണം ചെയ്യുന്ന ഘോഷയാത്രയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ തനത് പാരമ്പര്യ കലാരൂപങ്ങളായ ഛൗ, ഘൂമാർ, ഗർബ, കൽബെലിയ, ലാവണി, പഞ്ചാബി നൃത്തരൂപങ്ങൾ, നാസിക് ധോൽ, ചെണ്ടമേളം എന്നിവയാണ് അണിനിരക്കുന്നത്.
ഘോഷയാത്ര എല്ലാ ദിവസവും വൈകീട്ടും രാത്രിയുമായി രണ്ടുനേരമുണ്ട്. കാണികളായി തടിച്ചുകൂടുന്ന വിവിധ രാജ്യക്കാരുടെ മുന്നിൽ ഇന്ത്യൻ കലാകാരന്മാർ വിസ്മയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. വമ്പൻ ആവേശാരവങ്ങൾ ഉയർത്തുന്നതാണ് ഇത്.
പഞ്ചാബി നർത്തകർക്കൊപ്പം അറബ് കൗമാരങ്ങളും ചുവടുവെക്കുന്ന കൗതുകക്കാഴ്ചയുമേറെ. ചെണ്ടമേളത്തിനൊപ്പം മലയാളികൾ മാത്രമല്ല അറബികളും കൊട്ടിക്കയറുന്നുണ്ട്. എല്ലാ ദിവസവും വൈകീട്ട് ആറോടെ മുഖ്യവേദിയിൽ എൽ.ഇ.ഡി വെളിച്ചം തെളിയും. 6.30ന് വേദിയിൽ വെൽകം ഡാൻസോടെ സംഗീത, നൃത്തപരിപാടികൾ ആരംഭിക്കും. മലയാളി, ഹിന്ദി, ഉർദു, തമിഴ് ഗായകരുടെ പ്രകടനം വേദിക്ക് മുന്നിൽ തടിച്ചുകൂടുന്ന നാനാദേശക്കാരും ഭാഷക്കാരുമായ കാണികൾ ആസ്വദിക്കുന്നുണ്ട്.
എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് സുവൈദി പാർക്കിലേക്ക് പ്രവേശനം അനുവദിക്കുന്നത്. പ്രവേശന പാസ് പൂർണമായും സൗജന്യമാണ്. webook.com എന്ന ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ 13ന് ആരംഭിച്ച ഇന്ത്യൻ പരിപാടികൾ 21ന് അവസാനിക്കും. ഇന്ത്യ കഴിഞ്ഞാൽ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പാകിസ്താൻ, യമൻ, സുഡാൻ, സിറിയ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പരിപാടികൾ നവംബർ 30വരെ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.