റിയാദ് സീസൺ; അഞ്ച് ഗിന്നസ് റെക്കോഡുകളുടെ തിളക്കത്തിൽ 'ബോളിവാർഡ് വേൾഡ്'
text_fieldsറിയാദ്: വിനോദവ്യവസായ രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന്റെ പ്രതീതിയുണർത്തി, 'റിയാദ് സീസൺ 2022' അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ സ്വന്തമാക്കി. എല്ലാംതന്നെ 'ബോളിവാർഡ് വേൾഡ്' സോണിൽ നിന്നാണെന്നതാണ് പ്രത്യേകത. ഇതോടെ വിനോദലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ബോളിവാർഡിലേക്ക് നീങ്ങി.
വെറും 82 ദിനരാത്രങ്ങൾ കൊണ്ടാണ് ഈ വിസ്മയനഗരി പടുത്തുയർത്തിയത്. ബോളിവാർഡ് വേൾഡിലെ ലഗൂൺ തടാകം 12.19 ഹെക്ടർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകമായി റെക്കോഡ് നേടി. മരുഭൂമിയുടെ വരണ്ടുണങ്ങിയ മണ്ണിൽ നിശ്ചയദാർഢ്യംകൊണ്ട് പണിത ഈ തടാകം കേരളത്തിലെ കായൽ സ്‌മൃതികളുണർത്തും.
33.7 മീറ്റർ ഉയരമുള്ള ഒരു മോഡൽ, ലോകത്തിലെ ഒരു സാങ്കൽപിക കഥാപാത്രത്തിന്റെ ഏറ്റവും വലിയ ലോഹ മോഡലായി ഗിന്നസിൽ ഇടംകണ്ടെത്തി. കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ടഭാജനമായ കഥാപാത്രം ബോളിവാർഡിൽ ജപ്പാൻ പവലിയനോട് ചേർന്നാണ് സ്ഥാപിച്ചിട്ടുള്ളത്. ബോളിവാർഡ് വേൾഡിന്റെ മറ്റൊരു ആകർഷണമായ ലോകത്തിലെ ഏറ്റവും വലിയ 'എൽ.ഇ.ഡി ലൈറ്റ് ബോൾ' ഗിന്നസ് വേൾഡ് റെക്കോഡിലും ഇടം നേടി.
35 മീറ്റർ വ്യാസമുള്ള മോഡലിന് 114 അടി 10 ഇഞ്ച് തുല്യമാണ്. നഗരിയുടെ ഏതു ഭാഗത്തുനിന്നും ദൃശ്യമാകുന്ന ഈ തിളങ്ങുന്ന ഗോളത്തിനുള്ളിലേക്ക് സന്ദർശകർക്കും പ്രവേശിക്കാം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൊബൈൽ സ്കൈ ലൂപ് എന്ന് ഗിന്നസ് ബുക്കിൽ ബോളിവാർഡിലെ സ്കൈ ലൂപ് ഗെയിം മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി.
സാഹസിക സവാരിക്ക് വലിയ ആവേശത്തോടെയാണ് കുട്ടികളും മുതിർന്നവരും എത്തുന്നത്. കൂടാതെ, ബൊളിവാർഡ് സിറ്റിയിൽ സ്ഥിതിചെയ്യുന്ന മെർവാസ് ലോകത്തിലെ ഏറ്റവും വലിയ സംഗീത നിർമാണ സ്റ്റുഡിയോ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉദ്വേഗജനകമായ അനുഭവങ്ങളും കാണാക്കാഴ്ചകളുമാണ് ഈ ഗിന്നസ് ദൃശ്യങ്ങൾ.
ഇവക്ക് പുറമെ ധാരാളം വിസ്മയങ്ങൾ ബോളിവാർഡിലുണ്ട്. ഫ്രഞ്ച് കോർണറിലെ എൽ.ഇ.ഡി വാളും വലിയ മ്യൂസിക് ലൈറ്റിങ് ഫൗണ്ടൻ ഷോകളും സന്ദർശകരെ ഹരം കൊള്ളിക്കും. അഞ്ച് പേർക്ക് കയറാവുന്ന ഹീലിയം നിറച്ച കൂറ്റൻ ബലൂണും സന്ദർശകരിൽ ആശ്ചര്യം നിറക്കും. 80 മീറ്റർ മുകളിലേക്ക് ഉയരുന്ന ഈ 'പേടക'ത്തിൽനിന്ന് ബോളിവാഡിന്റെ മനോഹരമായ ആകാശക്കാഴ്ചകൾ കാണാം.
ബോളിവാർഡിന്റെ ആദ്യ എഡിഷൻ കൂടി ഒപ്പിയെടുക്കുന്ന സാറ്റലൈറ്റ് വ്യൂ നൽകുന്നതാണ് അന്തരീക്ഷത്തിലൂടെ പായുന്ന കേബിൾ കാർ. വിനോദവ്യവസായം പ്രോജ്വലമാക്കാൻ സൗദി അറേബ്യ നടത്തിയ തീവ്രപരിശ്രമത്തിന്റെ മുദ്രകളാണെങ്ങും. ബൊളിവാർഡ് ഈ വർഷത്തെ സന്ദർശകർക്ക് ധാരാളം മറക്കാനാകാത്ത ഓർമകളായിരിക്കും സമ്മാനിക്കുക.
മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിനോദ കേന്ദ്രമാണിത്. കുരുന്നുകൾക്കായി ധാരാളം ഗെയിമുകളാണ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.