റിയാദ് സീസൺ ആഘോഷത്തിനിടക്ക് 'യുദ്ധക്കളം'
text_fieldsനൗഫൽ പാലക്കാടൻ
റിയാദ്: പിച്ചാത്തി മുതൽ പീരങ്കി വരെ പരമ്പരാഗത യുദ്ധ ഉപകരണങ്ങളുടെ പ്രദർശനത്തിന് തുടക്കം. റിയാദ് സീസൺ ആഘോഷങ്ങളിലെ പ്രധാന വേദികളിലൊന്നായ 'യുദ്ധക്കളം' (കോംബാറ്റ് ഫീൽഡ്) എന്ന പ്രദർശനവേദിയാണ് സൗദി സാംസ്കാരിക പൈതൃക ഗ്രാമമായ റിയാദ് തുമാമയിലെ ജനാദ്രിയയിൽ സന്ദർശകർക്കായി തുറന്നത്. ചരിത്രാന്വേഷികളെ ചരിത്രത്തിലേക്ക് കൊണ്ടുപോകുംവിധമാണ് നഗരി ഒരുക്കിയത്.
പരമ്പരാഗത യുദ്ധ ഉപകരണങ്ങൾ മുതൽ അത്യാധുനിക യുദ്ധ സംവിധാനം വരെ കാഴ്ചക്കാരിൽ കൗതുകം തീർക്കും. യുദ്ധഭൂമിയിൽ എത്തിപ്പെട്ട അനുഭവമാണ് കോംബാറ്റ് ഫീൽഡിലേക്ക് പ്രവേശിക്കുന്നവർക്ക് ലഭിക്കുക. അതിർത്തികളിലും നിരത്തുകളിലും കെട്ടിട സമുച്ചയത്തിനുള്ളിലും അങ്ങനെ വ്യത്യസ്തമായ പോർക്കളങ്ങളിൽ യുദ്ധംചെയ്യുന്ന രീതികൾ ശബ്ദ-ദൃശ്യ വിസ്മയത്തോടെയാണ് ആസ്വാദകരെ അമ്പരപ്പിക്കുന്നത്.മരുഭൂമിയിലും മലമടക്കുകൾക്കിടയിലും ഉപയോഗിക്കുന്ന യുദ്ധവാഹനങ്ങൾ, വസ്ത്രങ്ങൾ, സുരക്ഷാകവചങ്ങൾ തുടങ്ങി യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ അറിവകളും ഈ 'യുദ്ധക്കളം' നൽകും. സൗദി അറേബ്യയുടെ പരമ്പരാഗത കലാപ്രകടനങ്ങൾ കാഴ്ചവെക്കാൻ സൗദിയുടെ ഉൾഗ്രാമങ്ങളിൽനിന്നെത്തിയ കലാകാരന്മാരുടെ പ്രകടനങ്ങൾ മേളക്ക് മാറ്റുകൂട്ടുന്നുണ്ട്. റോബോട്ടിക് യുദ്ധം, ഷൂട്ടിങ്, അമ്പുംവില്ലും ഉപയോഗിച്ചുള്ള ഗെയിമുകൾ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ നിരവധി ഗെയിം പവിലിയനുകളും വിജയിക്കുന്നവർക്ക് സമ്മാനങ്ങളും പ്രദർശനത്തിെൻറ ഭാഗമായുണ്ട്.
ആയിരക്കണക്കിന് വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാനുള്ള ഗ്രൗണ്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. റിയാദ് സിറ്റി സെൻററിൽനിന്ന് 47 കിലോമീറ്റർ അകലെ ജനാദ്രിയയിലാണ് 30,000 ചതുരശ്ര മീറ്റർ പരന്നുകിടക്കുന്ന വേദി. സൗദി അറേബ്യയുടെ പൈതൃകോത്സവമായ ജനാദ്രിയ ഉത്സവം നടക്കുന്ന ഇൗ വേദി മലയാളികൾക്ക് സുപരിചിതമാണ്.പ്രവൃത്തിദിവസങ്ങളിൽ 55 സൗദി റിയാലും വാരാന്ത്യങ്ങളിൽ 110 സൗദി റിയാലുമാണ് പ്രവേശന ഫീസ്. വേദിക്കകത്തുള്ള ഗെയിമുകൾക്കും തെരഞ്ഞെടുക്കപ്പെട്ട സോണിലേക്ക് പ്രവേശിക്കാനും പ്രതേകം ഫീസ് നൽകണം. ഓൺലൈൻ വഴി ടിക്കറ്റ് എടുത്ത് തവക്കൽന വഴി ആക്ടിവേറ്റ് ചെയ്യണം. കവാടത്തിൽ സുരക്ഷപരിശോധന പൂർത്തിയാക്കി തവക്കൽനയിലെ ടിക്കറ്റ് ക്യു.ആർ കോഡ് സംഘാടകർ സ്കാൻ ചെയ്ത ശേഷമാണ് പ്രേവശനം അനുവദിക്കുക. വൈകീട്ട് അഞ്ചു മുതലാണ് നഗരി സന്ദർശകർക്കായി തുറക്കുക. കഴിഞ്ഞദിവസം ആരംഭിച്ച കോംബാറ്റ് ഫീൽഡ് പ്രദർശനം അടുത്തവർഷം മാർച്ച് 16നാണ് അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.