റിയാദ് സീസൺ കപ്പിന് ഇന്ന് തുടക്കം; ലയണൽ മെസ്സിയുടെ ഇന്റർ മയാമി ഇന്ന് അൽഹിലാലിനെ നേരിടും
text_fieldsറിയാദ്: റിയാദ് സീസൺ കപ്പിന് ഇന്ന് തുടക്കമാവും. രാത്രി ഒമ്പത് മണിക്ക് റിയാദ് കിങ്ഡം അറീന സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിയും സൗദി ക്ലബ് അൽഹിലാലും തമ്മിൽ ഏറ്റുമുട്ടും. മെസ്സിക്കൊപ്പം ലൂയിസ് സുവാരസ്, സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ എന്നിവർ മയാമി ക്ലബ്ബിന് വേണ്ടി ബൂട്ടണിയും. അലക്സാണ്ടർ മിട്രോവിച്ച്, യാസ്സിന്‍ ബോനോ എന്നിവരുൾപ്പെടുന്ന താരനിര അൽഹിലാലിലും അണിനിരക്കും. നെയ്മർ ജൂനിയർ നേതൃത്വം നൽകുന്ന ക്ലബ്ബാണ് അൽഹിലാലെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് ബ്രസീലില്‍ വിശ്രമത്തിലായതിനാല്‍ നെയ്മറിന് റിയാദ് സീസൺ കപ്പ് ടൂർണമെന്റിൽ കളിക്കാനാവില്ല. ഇന്നത്തെ മത്സരത്തിൽ ലയണൽ മെസ്സി കളത്തിലിറങ്ങുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
റിയാദ് സീസൺ കപ്പിന്റെ ഫെബ്രുവരി ഒന്നിന് നടക്കുന്ന രണ്ടാം മത്സരമാണ് ഫുട്ബാൾ പ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കുന്നത്. ലയണൽ മെസ്സിയുടെ ഇന്റർ മയാമിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്ർ ക്ലബ്ബും തമ്മിലാണ് അന്ന് മത്സരം.
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ ഏറ്റുമുട്ടുന്ന ഈ മത്സരം നേരിൽ കാണുന്നതിനായി നേരത്തെ തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കി കാത്തിരിക്കുകാണ് ഫുട്ബാൾ പ്രേമികൾ. മെസ്സിയും റൊണാൾഡോയും നേർക്കുനേർ വരുന്ന അവസാന മത്സരമായിരിക്കും ഇതെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ പരിക്കിന്റെ പിടിയിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തത ആരാധകരിൽ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. സൗദി ക്ലബുകളായ അൽഹിലാലും അൽനസ്റും തമ്മിലുള്ള റിയാദ് സീസൺ കപ്പിന്റെ മൂന്നാം മത്സരം ഫെബ്രുവരി എട്ടിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.