റിയാദ് സീസൺ; റിയാദ് മൃഗശാലയിൽ പ്രവേശനം സൗജന്യം
text_fieldsറിയാദ്: മനുഷ്യരുടെ മാത്രമല്ല വന്യമൃഗങ്ങളുൾപ്പടെ ഇതര ജീവിവർഗങ്ങളുടെയും കൂടി ആഘോഷമായി മാറുകയാണ് റിയാദ് സീസൺ. സൗദി അറേബ്യയിലെ ഏറ്റവും വലുതും പഴയതുമായ റിയാദ് മൃഗശാല നവീകരിച്ച് ഈ വർഷത്തെ സീസൺ ആഘോഷങ്ങളുടെ പ്രധാന വേദികളിലൊന്നാക്കി സന്ദർശകർക്ക് വീണ്ടും തുറന്നുകൊടുത്തത് ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ്. സീസൺ കഴിയുന്നതുവരെ ഇവിടെ പ്രവേശനം പൂർണമായും സൗജന്യമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. എന്നാൽ, വൈകീട്ട് നാലോടെ പ്രവേശനം അവസാനിപ്പിക്കും.
പ്രവേശന ടിക്കറ്റ് സൗജന്യമായി https://webook.com/en/zones/riyadh-zoo/book എന്ന മൊബൈൽ ആപ്പിൽ ബുക്ക് ചെയ്യണം. കുടുംബങ്ങൾക്കും ബാച്ചിലർമാർക്കുമെല്ലാം പ്രവേശനം അനുവദിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള വിവിധയിനം ജീവി വർഗങ്ങളെ എത്തിച്ചും ഉല്ലാസത്തിനും ആനന്ദത്തിനും സമയം ചെലവഴിക്കാൻ ആവശ്യമായ കൂടുതൽ സൗകര്യങ്ങളും വിനോദ പ്രവർത്തനങ്ങളും വിവിധ തരം ഷോകളും ഒരുക്കിയും നവീകരിച്ച ശേഷമാണ് മൃഗശാല പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പലതരം പുഷ്പങ്ങൾ നിറഞ്ഞ ഉദ്യാനങ്ങളും പൊയ്കകളും ചെറു ജലാശയങ്ങളും പുൽമേടുകളും കമനീയമായും വൃത്തിയായും ഒരുക്കിയ വഴിത്താരകളും കൊണ്ട് മൃഗശാല ആകർഷകമാക്കിയിട്ടുണ്ട്.
മനോഹരമായ കവാടം മുതൽ ഹൃദയാവർജകമാണ് മൃഗശാലക്കുള്ളിലെ ഓരോ കാഴ്ചകളും. രുചികരമായ ഭക്ഷണപാനീയങ്ങൾ വിളമ്പുന്ന റസ്റ്റാറന്റുകളും ജ്യൂസ് സ്റ്റാളുമെല്ലാം ഉള്ളതിനാൽ എത്ര സമയം അവിടെ ചെലവഴിക്കാനും വിശപ്പോ ദാഹമോ തടസ്സമാകില്ല. ഇടയ്ക്കിടെ ആകർഷകമായ പലതരം ഷോകൾ അവിടെയുള്ള ചെറു തിയറ്ററുകളിൽ അരങ്ങേറും. സന്ദർശകരെ അറിയിക്കാൻ അനൗൺസ്മെന്റ് വന്നുകൊണ്ടിരിക്കും. ഇതിനിടയിൽ വിവിധ മൃഗങ്ങളുടെ രൂപം ധരിച്ച കലാകാരന്മാരുടെ ഘോഷയാത്രയും നൃത്തവുമുണ്ടാകും.
196 വ്യത്യസ്ത തരം ജീവിവർഗങ്ങളിൽപെട്ട 1500ലേറെ മൃഗങ്ങളാണ് നിലവിൽ മൃഗശാലയിലുള്ളത്. ഏഷ്യൻ, ആഫ്രിക്കൻ തവിട്ട് നിറക്കാരായ 12 സിംഹങ്ങളും മൂന്ന് ലബനാൻ വെള്ള സിംഹങ്ങളുമാണ് മുഖ്യ ആകർഷണം. 12 സിംഹങ്ങളുടെ താമസം ഒരുമിച്ചാണെങ്കിലും അഞ്ചും ഏഴുമായി തിരിഞ്ഞ് രണ്ട് സംഘങ്ങളായാണ് ഇവ വിഹരിക്കുന്നത്.
ഏഴുപേരടങ്ങിയ സംഘം പുറത്താണെങ്കിൽ അഞ്ചുപേരടങ്ങിയ മറ്റേ സംഘം മാളത്തിലായിരിക്കും. പുറത്തുള്ള സംഘം അകത്ത് കയറിയാലേ മറ്റേ സംഘം പുറത്തിറങ്ങൂ. വെള്ള സിംഹങ്ങളിൽ ഒന്ന് മാത്രമാണ് പെണ്ണ്. വെള്ള കടുവകൾ അഞ്ചെണ്ണമുണ്ട്. ആന ഒന്നേയുള്ളൂ. ആഫ്രിക്കൻ വംശജരായ രണ്ട് ഭീമാകാരന്മാരായ കരടികളാണുള്ളത്. പ്രത്യേകമായി സജ്ജീകരിച്ച മടയിലാണ് അവയുള്ളത്.
ജിറാഫുകളും സീബ്രകളും ഒരുമിച്ചാണ് താമസം. ഇവയെ അടുത്തുകാണാനും ഇലകൾ നീട്ടി അവയെ ആകർഷിക്കാനും സന്ദർശകർക്കായി ബാൽക്കണികൾ ഒരുക്കിയിട്ടുണ്ട്. ആന, പുലി, മാൻ, കാട്ടാട്, ചെന്നായ, കുരങ്ങ്, ചിമ്പാൻസി, മരുഭൂമിയിൽ മാത്രം കാണുന്ന ജീവികൾ തുടങ്ങി വംശനാശ ഭീഷണി നേരിടുന്നതു വരെ പലയിനം പക്ഷി മൃഗാദികൾ ഇവിടെയുണ്ട്. രാജ്യത്തെ ഏറ്റവും പഴയതും വലുതുമായ മൃഗശാലയാണ് റിയാദിലേത്.
റിയാദ് നഗര ഹൃദയത്തോട് ചേർന്നുള്ള മലസിൽ 55 ഏക്കർ വിസ്തീർണത്തിലാണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്. ആദ്യം ഇതിന് റിയാദ് സുവോളജിക്കൽ പാർക്ക് എന്നായിരുന്നു പേര്. 1957ൽ സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് സൗദി രാജകുടുംബത്തിന്റെ സ്വകാര്യ ഉടമസ്ഥതക്ക് കീഴിൽ ആരംഭിച്ചതാണ് മൃഗശാല. 1987ലാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതും ‘റിയാദ് സൂ’ എന്ന് പുനർനാമകരണം ചെയ്തതും. 2022 മുതലാണ് റിയാദ് സീസൺ ആഘോഷങ്ങളുടെ പ്രധാന വേദികളിൽ മൃഗശാലയെ ഉൾപ്പെടുത്തി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.