ഒരു മാസം പിന്നിട്ട് റിയാദ് സീസൺ; ഇതുവരെ ആഘോഷത്തിൽ പങ്കെടുത്തത് മൂന്ന് ദശലക്ഷം പേർ
text_fieldsറിയാദ്: സൗദി അറേബ്യൻ തലസ്ഥാന നഗരിയിൽ ആഗോള ശ്രദ്ധയാകർഷിച്ച് അരങ്ങേറുന്ന 'റിയാദ് സീസൺ 2021' ആഘോഷം ഒരു മാസം പിന്നിട്ടു. 'ഭാവനയിൽ കൂടുതൽ കാണുക' (ഇമേജ് മോർ) എന്ന ശീർഷകത്തിൽ ലോക പ്രശസ്തരായ പ്രതിഭകളുടെ സാന്നിധ്യത്തിൽ ഒക്ടോബർ 20 നാണ് റിയാദ് സീസൺ പരിപാടികൾക്ക് വർണാഭമായ തുടക്കമിട്ടത്.
ഒരു മാസത്തിനിടയിൽ മെഗാ േഷാകളിലൂടെയും മറ്റ് വിവിധ കലാസാംസ്കാരിക വിനോദ പരിപാടികളിലൂടെയും പ്രദർശനങ്ങളിലൂടെയും ആഗോള ശ്രദ്ധപിടിച്ചു പറ്റിയ ആഘോഷമായി ഇതിനകം മാറിക്കഴിഞ്ഞു. ഉത്സവത്തിെൻറ ചൈതന്യം പ്രതിഫലിപ്പിച്ച രാവുപകലുകളാണ് കടന്നുപോകുന്നത്. ഒറ്റ മാസത്തിനുള്ളിൽ ആഘോഷങ്ങളിൽ പങ്കെടുക്കാനും ആസ്വദിക്കാനുമെത്തി ചേർന്നത് 30 ലക്ഷം പേരാണ്. ഇത് സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം വലിയ റെക്കോർഡാണ്. ഡിസംബർ അവസാനം വരെ നീളുന്ന ആഘോഷത്തിൽ റിയാദ് നഗരത്തിലെ 14 ഇടങ്ങളിലായി വൈവിധ്യമാർന്ന 7,500 ഒാളം കലാ കായിക വിനോദ പരിപാടികളാണ് അരങ്ങേറാൻ നിശ്ചയിച്ചിരിക്കുന്നത്. അതിെൻറ മൂന്നിലൊന്നിലേറെ പരിപാടികൾ ആളുകളെ വിസ്മയത്തിലാഴ്ത്തി അരങ്ങേറിക്കഴിഞ്ഞു. ആഗോള പ്രശസ്തരായ കലാകാരന്മാരെ അണിനിരത്തി കലാ സാംസ്കാരിക വിനോദ പരിപാടികൾക്കും പ്രദർശനങ്ങൾക്കും ആകാശം പൂത്തിറങ്ങൂന്ന വെടിക്കെട്ടുകൾക്കുമാണ് റിയാദ് നഗരം സാക്ഷ്യം വഹിച്ചത്.
അത്ഭുതം ജനിപ്പിക്കുന്ന അത്യപൂർവമായതുൾപ്പടെ അണിനിരന്ന ആഭരണ (ജ്വല്ലറി) പ്രദർശനവും ലോകത്തിലെ ഏറ്റവും വലിയ 'കാർ ഷോ'യും നടന്നു. നിശ്ചയിക്കപ്പെട്ടിരിക്കുന്നതിൽ വിസ്മയകരമായ പല പരിപാടികളും ഇനി അരങ്ങേറാനിരിക്കുന്നതേയുള്ളൂ. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഏകദേശ ശമനം വന്ന ശേഷം ആദ്യമായാണ് സൗദിയിൽ ഇങ്ങനെയാരു വലിയ ആഘോഷം നടക്കുന്നത്. ആദ്യമാസത്തിൽ തന്നെ വലിയ നേട്ടങ്ങൾ റിയാദ് സീസണുണ്ടാക്കാനായി എന്നാണ് വിലയിരുത്തൽ.
മൂന്ന് ദശലക്ഷം ആളുകളെ ആകർഷിക്കാൻ കഴിഞ്ഞതിന് പുറമെ കൂടുതൽ വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്കെത്താൻ വഴി തുറക്കുകയും പല കലാസാംസ്കാരിക കായിക വിനോദയിനങ്ങളിലും ഗിന്നസ് റെക്കോർഡുകൾ സ്ഥാപിക്കാനും റിയാദ് സീസൺ ആഘോഷത്തിന് ഇതിനകം കഴിഞ്ഞത് വലിയ നേട്ടമായാണ് സംഘാടകരായ ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി വിലയിരുത്തുന്നത്.
റിയാദ് നഗരത്തിന് വടക്ക് ഭാഗത്തുള്ള ഹിതീൻ ഡിസ്ട്രിക്റ്റിലൊരുക്കിയ 'ബോളിവാർഡ് എൻറർടൈൻമെൻറ് സിറ്റി'യാണ് സീസൺ ആഘോഷത്തിെൻറ ഏറ്റവും വലിയ വേദി. അത്ഭുതപ്പെടുത്തുന്ന ഒരു നഗരമായാണ് ഈ വേദി നിർമിക്കപ്പെട്ടിരിക്കുന്നത്. വർണവിസ്മയ കാഴ്ചകളും പുതുമയാർന്ന വിനോദങ്ങളുമൊരുക്കിയിരിക്കുന്ന ബോളിവാർഡ് സിറ്റിയിലേക്ക് ആദ്യ ദിനം മുതൽ കാണികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. അതിപ്പോഴും തുടരുകയാണ്.
വ്യത്യസ്ത അനുഭവങ്ങൾ പകർന്നുതരുന്ന ഒമ്പത് മേഖലകളാണ് ബൊളിവാർഡ് സിറ്റിക്കുള്ളിലുള്ളത്. ഭക്ഷണ പാനീയ സ്റ്റാളുകൾ, വിവിധതരം ഗെയിമുകൾ, ജലധാര, സ്‌പോർട്‌സ് എന്നിവക്കുള്ള പ്രത്യേക ഏരിയയും റെസ്റ്റാറൻറുകൾ, കഫേകൾ, ലോകോത്തര-തദ്ദേശിയ ഷോപ്പിങ് സൂപർ സ്റ്റോറുകൾ, കലാ വൈജ്ഞാനിക വിനോദ പരിപാടികൾക്കുള്ള വേദി, സിനിമാ തീയറ്ററുകൾ എന്നിവയുമാണ് ഈ സവിശേഷ മേഖലകൾ. ഉത്സവത്തിെൻറ ആദ്യമാസത്തിൽ തന്നെ കാഴ്ചക്കാരായി മൂന്ന് ദശലക്ഷത്തോളം ആളുകൾ എത്തിയത് വിസ്മയിപ്പിക്കുകയും സന്തോഷം നൽകുകയും ചെയ്തതായി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് പറഞ്ഞു. പൊതുജനങ്ങളിൽ നിന്നുള്ള വലിയ ജനപങ്കാളിത്തമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാസം പിന്നിട്ട സാഹചര്യത്തിൽ ഇതുവരെ നടന്ന മുഴുവൻ പരിപാടികളുടെയും സംക്ഷിപ്ത രൂപങ്ങൾ കോർത്തിണക്കി തയാറാക്കിയ ഒരു വീഡിയോ ഫിലിം അദ്ദേഹം റിലീസ് ചെയ്തു. ഇതുവരെ അരങ്ങേറിയ കലാ കായിക പ്രകടനങ്ങൾ, വെടിക്കെട്ട്, കുടുംബങ്ങൾക്കും കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവ വീഡിയോയിലുണ്ട്.
'തെന്നി കളിക്കാൻ' വൻ തിരക്ക്
റിയാദ്: ലോകത്തെ ഏറ്റവും ഭീമാകരമായ സ്ലൈഡ് ട്രാക്കുകളിൽ തെന്നി കളിക്കാൻ മുതിർന്നവരുടെയും കുട്ടികളുടെയും വൻ തിരക്കാണ് ബോളിവാർഡ് സിറ്റിയിലെ ഇതിനുള്ള ഭാഗത്ത് അനുഭവപ്പെടുന്നത്. 'അവലാഞ്ച്' എന്ന പേരിലുള്ള ഭീമാകാരമായ സ്ലൈഡുകളിലെ 'തെന്നിക്കളി' (ജയൻറ് സ്ലൈഡ് ഇവൻറ്) നടത്താനും കാണാനും ദിേനനെ നിരവധിയാളുകളാണ് എത്തുന്നത്. പ്രതിദിനം 1,500 ലധികം സന്ദർശകർ എത്തുന്നുണ്ടെന്നാണ് കണക്ക്.
ഭീമാകാരമായ സ്ലൈഡ് ഗെയിം ബോളിവാർഡിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടികളിലൊന്നാണ്. രണ്ട് ഗിന്നസ് റെക്കോർഡ് ഇതിനകം നേടി. ലോകത്തിലെ ഏറ്റവും നീളമുള്ളത്, ഏറ്റവും കൂടുതൽ ട്രാക്കുകളുള്ളത് എന്നീ രണ്ട് ഗിന്നസ് റെക്കോർഡുകളാണിട്ടത്. സ്ലൈഡിെൻറ ഏറ്റവും ഉയർന്ന പോയിൻറിലെ ഉയരം 22.136 മീറ്ററാണ്. നീളം 117 മീറ്ററും വീതി 56.5 മീറ്ററും ട്രാക്കുകളുടെ എണ്ണം 24 ഉം ആണ്. ട്രാക്കുകൾ രൂപകൽപ്പന അനുസരിച്ച് വ്യത്യാസപ്പെടുന്നു.
നേരായ പാതകളും വളവുകളും കയറ്റവും ഇറക്കവുള്ള ട്രാക്കുകളുണ്ട്. ഉദ്ഘാടനത്തിനു ശേഷം 26,000 ത്തിലധികം സന്ദർശകർക്ക് ആതിഥേയത്വം വഹിച്ചതിനാൽ ഭീമൻ സ്ലൈഡ് വിജയിച്ചതായി ഇവൻറ് ഡയറക്ടർ അബ്ദുല്ല അൽഗൗത്ത് പറഞ്ഞു. 'അവലാഞ്ച്' ആതിഥേയത്വം വഹിക്കുന്ന നിരവധി പ്രത്യേക ഇവൻറുകളിൽ ഒന്നാണിത്. കുടുംബങ്ങൾക്കും കുട്ടികൾക്കും വ്യക്തികൾക്കും ഇത് ഉപയോഗിക്കാൻ അവസരമുണ്ട്. സ്ലൈഡിന് തൊട്ടുപിന്നിലാണ് 'സ്നോ ഡോം' സ്ഥിതി ചെയ്യുന്നത്. എട്ട്, 16 വയസിനിടയിലുള്ള കുട്ടികൾക്കായി 12 വ്യത്യസ്ത ഗെയിമുകൾ ഉൾപ്പെടുന്നു. ഒരു മണിക്കൂറിനുള്ളിൽ 200 ആളുകളെ സ്വീകരിക്കുന്നു. താഴികക്കുടത്തിെൻറ വിസ്തീർണം ഏകദേശം 2,300 ചതുരശ്ര മീറ്ററാണ്.
'സമാധാനത്തിെൻറ വൃക്ഷ' വേദിയിലും പരിപാടികൾക്ക് തുടക്കം
റിയാദ്: സീസൺ ആഘോഷത്തിലെ 14 വിനോദ വേദികളിലെന്നായ 'സമാധാനത്തിെൻറ വൃക്ഷം' (അൽസലാം മരം - പീസ് ട്രീ പാർക്ക്) മേഖലയിൽ പരിപാടിക്ക് തുടക്കം. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി സി.ഇ.ഒ ഫൈസൽ ബാഫറത്തിെൻറ സാന്നിധ്യത്തിലാണ് പരിപാടികൾ ആരംഭിച്ചത്. കച്ചേരികളും മറ്റ് ഷോകളും അവതരിപ്പിക്കുന്ന തിയേറ്റർ, വഴിയാത്രക്കാരെ വിസ്മയിപ്പിക്കുന്ന വ്യക്തിഗത പ്രകടനങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളുള്ള വിശാലമായ റോസ് ഗാർഡൻ, വ്യത്യസ്തവും ആകർഷകവുമായ മറ്റ് പരിപാടികൾ എന്നിവ പീസ് ട്രീ ഏരിയയിലുണ്ട്. ഈ വേദിയുടെ പ്രതീകമായാണ് സമാധാനത്തിെൻറ വൃക്ഷത്തെ അവതരിപ്പിക്കുന്നത്. 12 മീറ്ററിൽ കൂടുതൽ ഉയരമുള്ള മിന്നുന്ന അലങ്കാര ദീപങ്ങളുള്ള കൃത്രിമ വൃക്ഷമാണിത്.
ഈ അലങ്കാര വിളക്കുകൾ സ്ഥലത്ത് വർണശബളമായ കാഴ്ചയൊരുക്കുന്നു. മരത്തിൽ നിന്ന് എല്ലായിപ്പോഴും പൊഴിയുന്ന മധുര സംഗീതം മേഖലയിലെ അന്തരീക്ഷത്തിൽ സവിശേഷമായ മൂഡ് സൃഷ്ടിക്കുന്നു. എൽ.ഇ.ഡി വിളക്കുകളുടെ വിസ്മയിപ്പിക്കുന്ന പ്രഭാപൂരം എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്. റിയാദ് നഗരത്തിെൻറ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പീസ് ട്രീ പാർക്കിൽ 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വേദി സംവിധാനിച്ചിരിക്കുന്നത്. ആഡംബര ഭക്ഷണശാലകൾക്കും വിവിധ ഷോപ്പിങ് ഏരിയകൾക്കും അടുത്തുള്ള തുറസ്സായ സ്ഥലമാണിത്. ഇവിടെ റോസാ പുഷ്പങ്ങളുടെ ഒരു ഉദ്യാനം 2,500 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങിനുള്ള കടകളും ചെറുകിട ബിസിനസ്സുകളുടെ ഉടമകൾക്കുള്ള ഷോപ്പുകളും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന കാർഷിക വിപണിയും ഉണ്ട്.
'പീസ് ട്രീ'യുടെ പ്രവർത്തനങ്ങളിൽ തത്സമയ പാചകത്തിനായി ഒരു പ്രദേശവും ഒരുക്കിയിട്ടുണ്ട്. ബലൂണുകൾ, കുമിളകൾ, പെയിൻറിങ് പോലുള്ള കുട്ടികളുടെ ഷോകൾ അവതരിപ്പിക്കുന്നതിന് ചെറിയ തിയേറ്റർ ഉൾപ്പെടുന്നതാണ് സ്ഥലത്തെ കുട്ടികളുടെ ഏരിയ. സൗജന്യ ഡ്രോയിങ്, സൈക്കിളിങ്, സ്കേറ്റിങ് ഏരിയ, മറ്റ് ഔട്ട്ഡോർ വിനോദ പരിപാടികളും ഏരിയയിലുണ്ട്. 2021ലെ റിയാദ് സീസണിലെ സൗജന്യ മേഖലകളിൽ ഒന്നാണ് പീസ് ട്രീ ഏരിയ. പ്രവൃത്തിദിവസങ്ങളിൽ ദിവസവും വൈകീട്ട് നാല് മുതൽ പുലർച്ചെ 1.30 വരെയും വാരാന്ത്യത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ പുലർച്ചെ രണ്ട് വരെയും സന്ദർശകർക്കായി പീസ് ട്രീ പാർക്കിെൻറ കവാടങ്ങൾ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.