റിയാദ് സീസണ് പുതിയ ലോഗോ: ആഘോഷം ഒക്ടോബർ 28ന് ആരംഭിക്കും
text_fieldsറിയാദ്: നാലാമത് റിയാദ് സീസൺ ആഘോഷം ഒക്ടോബർ 28 ന് ആരംഭിക്കും. ഈ വർഷം പുതിയ േലാഗോയും രൂപവും ഭാവവുമായാണ് സീസൺ ആഘോഷ പരിപാടികൾ മിഴി തുറക്കുക. വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പുതിയ ലോഗോയെയും ലോകോത്തര വിനോദ അനുഭവങ്ങൾ സമ്മാനിക്കുന്ന സീസണിെൻറ ആരംഭ തീയതിയെയും പരിപാടികളെ കുറിച്ചുള്ള വിശദാംശങ്ങളെയും ആഘോഷം അരങ്ങേറുന്ന വേദികളെയും കുറിച്ച് പ്രഖ്യാപിച്ചത്.
‘ബിഗ് ടൈം’ എന്നതാണ് ഈ വർഷത്തെ ശീർഷകം. തികച്ചും നൂതനമായ ആശയത്താൽ ആവിഷ്കൃതമായ ലോഗോയാണ് ഇത്തവണത്തേത്. പുതിയ ഐഡൻറിറ്റി ആഗോള വിപണികളിലേക്ക് സീസണെ കൊണ്ടുവരുന്ന ഒരു സുസ്ഥിര കാഴ്ചപ്പാട് സ്ഥാപിക്കുന്നതാണെന്നും ആലുശൈഖ് പറഞ്ഞു. ലോകമെമ്പാടുമുള്ള മികച്ച ഇവൻറ് സംഘാടകർ കൈകോർത്ത് നടത്തുന്ന ഈ സീസൺ ഏറെ വ്യത്യസ്തമായിരിക്കും. ഏറ്റവും പ്രശസ്തരായ താരങ്ങളുടെ പങ്കാളിത്തം സീസണിലുണ്ടാകും. ഫ്രഞ്ച് താരം ഫ്രാൻസിസ് നഗന്നൂവും ബ്രിട്ടീഷ് താരം ടൈസൺ ഫ്യൂറിയും തമ്മിലുള്ള ബോക്സിങ് പോരാട്ടത്തോടെയാണ് ഇത്തവണ പരിപാടികൾക്ക് തുടക്കം കുറിക്കുക.
ലോകത്തിലെ ഏറ്റവും വലുതും ഇത്തരത്തിലുള്ള ആദ്യത്തേതുമായ ഇവൻറായിരിക്കും ഇത്. പോരാട്ടം ലോകമെമ്പാടും തത്സമയം കാണിക്കുമെന്നും ആലുശൈഖ് സൂചിപ്പിച്ചു.പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫുട്ബാൾ ജീവിതം സംബന്ധിച്ചുള്ള പ്രത്യേക പവലിയൻ ‘സി.ആർ 7’ എന്ന പേരിൽ മ്യൂസിയമായി സീസണിൽ ഒരുങ്ങും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതത്തെ ആസ്പദമാക്കി ആധുനിക രീതിയിൽ രൂപകൽപന ചെയ്ത സി.ആർ 7 മ്യൂസിയവും പ്രദർശനവുമായിരിക്കും മുഖ്യ ആകർഷകം.
സംവേദനാത്മക അനുഭവങ്ങൾക്ക് പുറമേ ക്രിസ്റ്റ്യാനോയുടെ എല്ലാ വ്യക്തിഗത അവാർഡുകളും ടൈറ്റിലുകളും പ്രദർശിപ്പിക്കപ്പെടും. കൂടാതെ, വിവിധ ഫുട്ബാൾ ഇതിഹാസങ്ങളെക്കുറിച്ചുള്ള 30,000ത്തിലധികം അപൂർവ വസ്തുക്കൾ ഉൾക്കൊള്ളുന്ന ‘ലെജൻഡ്സ്’ മ്യൂസിയവും പരിപാടിയിൽ ഉണ്ടാവും. മഡ്രിഡിലെ ഫുട്ബാൾ മ്യൂസിയം കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തേതായിരിക്കും ഇത്.
ലോക ഫുട്ബാൾ ഇതിഹാസങ്ങളെ ആതിഥേയരാക്കുകയും ആവേശകരമായ ഫുട്ബാൾ അനുഭവങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന 433 ആഗോള അനുഭവവും സീസണിൽ ഉൾപ്പെടും. അൽഹിലാൽ, അൽനസ്ർ തുടങ്ങിയ ക്ലബുകളെ അണിനിരത്തി ലീഗ് അടിസ്ഥാനത്തിൽ റിയാദ് സീസൺ കപ്പ് ഫുട്ബാൾ മത്സരം നടത്തും. മറ്റ് അന്താരാഷ്ട്ര മത്സരങ്ങൾക്ക് പുറമേ നാടകങ്ങൾ, കച്ചേരികൾ, കൂടാതെ നിരവധി പ്രദർശനങ്ങളും ഉത്സവങ്ങളും സീസണിലുണ്ടാകുമെന്നും ആലുശൈഖ് പറഞ്ഞു.
രണ്ടു ലക്ഷം തൊഴിലവസരങ്ങൾ
നാലാമത് റിയാദ് സീസൺ ആഘോഷവുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും രണ്ടു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 70 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലൊരുങ്ങുന്ന വിവിധ വേദികളിലായ ഏകദേശം 2,000 പ്രാദേശികവും അന്തർദേശീയവുമായ കമ്പനികൾ ലോകമെമ്പാടുമുള്ള ഏറ്റവും വ്യതിരിക്തമായ വിനോദാനുഭവങ്ങൾ അവതരിപ്പിക്കും. നാലാം പതിപ്പിൽ പുതിയ ഫീച്ചറുകളോടുകുടി ഒരു വെബ്സൈറ്റും അതുല്യമായ സവിശേഷതകളുള്ള ഒരു അംഗീകൃത ടിക്കറ്റിങ് പ്ലാറ്റ്ഫോമും ഉണ്ടായിരിക്കും.
ഈ വർഷം റിയാദ് സീസണിൽ തുറക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്ന് ‘ബൗൾ വാർഡ് ഹാൾ’ ഏരിയയാണെന്ന് ആലുശൈഖ് പറഞ്ഞു. രണ്ടു ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള ഇത് 60 ദിവസത്തിനുള്ളിൽ നിർമിച്ചതാണ്. ഒരേസമയം 40,000 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയും. അത്യാധുനിക അന്തർദേശീയ സാങ്കേതിക വിദ്യകളാൽ സജ്ജീകരിക്കുന്ന ഈ ഹാൾ ഒന്നിലധികം ആവശ്യങ്ങൾക്ക് ഉപയോഗപ്രദമായ കെട്ടിടമാണ്. ഉയർന്ന കലാപരവും സാങ്കേതികവുമായ നിലവാരമുള്ള ഇവൻറുകൾക്ക് ഉപയോഗിക്കാനാകും. ഉദ്ഘാടന ചടങ്ങിനും ബോക്സിങ്ങിനും ഈ ഹാളായിരിക്കും േവദിയാവുക. മറ്റ് പ്രധാന ഇവൻറുകൾക്കും വേദിയാകുമെന്നും ആലുശൈഖ് പറഞ്ഞു.
വ്യത്യസ്താനുഭവം പകരും ബോളിവാർഡ് സിറ്റി
മുൻ സീസണുകളിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഇത്തവണ ബോളിവാർഡ് സിറ്റി. വിവിധങ്ങളായ ആഗോള അനുഭവങ്ങൾ ഇവിടെ പ്രദാനം ചെയ്യപ്പെടും. ഇതിൽ 60 ശതമാനം പുതിയതാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ ലോക ചാമ്പ്യൻ മൈക്ക് ടൈസണുമായി ചേർന്ന് ലോകമെമ്പാടുമുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ബോക്സിങ്ങിൽ പ്രാവീണ്യം നേടിയ ആദ്യത്തെ സ്പോർട്സ് ക്ലബ്ബാണ്.
നിരവധി വലിയ ഗൾഫ്, അറബ്, അന്തർദേശീയ സംഗീതകച്ചേരികൾക്കും 33-ലധികം വൈവിധ്യമാർന്ന നാടകങ്ങൾക്കും ബോളിവാർഡ് സിറ്റി സാക്ഷ്യം വഹിക്കും. സ്പോൺസർമാർ നൽകുന്ന കാറുകളുടെ നറുക്കെടുപ്പ് പ്രതിവാര സമ്മാനമായി ഉണ്ടാകും. സീസൺ വേദികളിൽ വെച്ചാണ് ഇവയുടെ നറുക്കെടുപ്പ്. ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ നൂറിലധികം ‘ഫുഡ് ട്രക്കുകൾ’ ഒരു വേദിയിൽ ഒത്തുകൂടും. ഒന്നര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 1,000 അപൂർവ കാറുകൾ ഉൾപ്പെടുന്ന ആഡംബരവും വ്യതിരിക്തവുമായ കാർ എക്സിബിഷൻ, ‘ഞാൻ അറബ്’ എക്സിബിഷൻ, ടോയ് ഫെയർ (ആർ.ടി.എഫ്), ഇൻഫ്ലുവൻസേഴ്സ് ആൻഡ് കണ്ടൻറ് ക്രിയേറ്റേഴ്സ് അവാർഡ് എക്സിബിഷൻ (കോൺകോൺ), ഡോഗ് എക്സിബിഷൻ എന്നിവയും ഇത്തവണയുണ്ടായിരിക്കും.
ലോക ചാമ്പ്യൻ ജോൺ സീനയുടെ പങ്കാളിത്തത്തോടെ ‘ക്രൗൺ ജ്യുവൽ’ എന്ന ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി ഉത്സവവും ഈ സീസണിൽ അരങ്ങേറും. ലോക ചാമ്പ്യന്മാരുടെ പങ്കാളിത്തത്തോടെയുള്ള ഒരു പ്രധാന അന്താരാഷ്ട്ര പാഡൽ ടൂർണമെൻറ്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരുഷന്മാരുടെയും സ്ത്രീകളുടെയും പങ്കാളിത്തത്തോടെ ‘റിയാദ് സീസൺ ടെന്നീസ് കപ്പ്’ ടൂർണമെൻറ് കൂടാതെ നിരവധി വ്യത്യസ്ത കായിക വിനോദ പരിപാടികളുമുണ്ടായിരിക്കും.
ഈ സീസണിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പൂർണമായും സൗജന്യമായ പ്രദേശങ്ങളായിരിക്കും. പല സ്ഥലങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏറ്റവും വലിയ പ്രതിവാര ലേലം ഉൾക്കൊള്ളുന്ന ‘അൽ അവലീൻ മാർക്കറ്റ്’ അതിലുൾപ്പെടും. ‘റിയാദ് മൃഗശാല’ ഏരിയ അതിെൻറ ശേഷി 25 ശതമാനം വർധിപ്പിച്ചു. ‘അൽ സുവൈദി പാർക്ക്’ എന്നിവയും അതിലുൾപ്പെടുമെന്നും ആലുശൈഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.