റിയാദ് സീസൺ; ബോളിവാഡിൽ ‘റൺവേ ഏരിയ’ തുറന്നു
text_fieldsറിയാദ്: കൂറ്റൻ ബോയിങ് 777 വിമാനം നിങ്ങളുടെ വീട്ടിലെ ഡൈനിങ് റൂമോ അതല്ലെങ്കിൽ ഒരു റസ്റ്റാറന്റോ ആയാലോ? അങ്ങനെയൊരു വിമാനത്തിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കാൻ ഒരു അവസരം കിട്ടിയാലോ? അതോടൊപ്പം വിവിധ ഗെയിമുകളുടെ ത്രില്ലും കൂടിയായാലോ? എത്ര രസകരമായിരിക്കും, ത്രസിപ്പിക്കുന്ന അനുഭവമായിരിക്കും! അതെ വിനോദവും കലാപരിപാടികളും ആസ്വദിക്കാനും ഗെയിം കളിക്കാനും ഭക്ഷണം കഴിക്കാനും വിമാനത്തിനുള്ളിൽ സൗകര്യമൊരുക്കുന്ന ‘ബോളിവാഡ് റൺവേ’ സംവിധാനത്തിന് റിയാദ് സീസണിൽ ചൊവ്വാഴ്ച മുതൽ തുടക്കമായി.
ഒരു യഥാർഥ റൺവേയും അതിൽ നിർത്തിയിട്ടിരിക്കുന്ന മൂന്ന് ബോയിങ് 777 വിമാനങ്ങളും ഉൾപ്പെട്ടതാണ് റിയാദ് സീസൺ ആഘോഷങ്ങളുടെ പ്രധാന വേദിയായ റിയാദ് ബോളിവാഡ് സിറ്റിയിൽ ഒരുക്കിയ ‘ബോളിവാഡ് റൺവേ ഏരിയ’. അന്താരാഷ്ട്ര നിലവാരമുള്ള റസ്റ്റോറൻറുകളാണ് വിമാനങ്ങൾക്കുള്ളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം വിവിധതരം ഗെയിമുകൾ, കലാപരിപാടികൾ, സിനിമ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും ഈ വിമാനങ്ങളിലോ റൺവേയിലെ കൺട്രോൾ ടവറിലോ കയറി ഇവൻറുകൾ ആസ്വദിക്കാനും ഗെയിമുകളിൽ പങ്കെടുക്കാനും ഭക്ഷണം കഴിക്കാനും കഴിയും.
ഈ സ്പെയ്സിൽ ഒരു ഹൊറർ സിനിമയുടെ അനുഭവവും ലഭിക്കും. വിമാനത്തിനുള്ളിൽ തോക്ക് ചുണ്ടി ഒരാൾ ചാടിവീണേക്കാം, അല്ലെങ്കിൽ ഒരു രക്തരക്ഷസോ പ്രേതമോ വന്നുപിടികൂടിയേക്കാം. അസാധാരണമായ ഹൊറർ അനുഭവം പകരുന്ന വൈവിധ്യമാർന്ന ഗെയിം പരിപാടി പ്രത്യേക ആകർഷണമാണ്. ഇത് നിരവധി വൈവിധ്യമാർന്ന അനുഭവങ്ങൾക്ക് വിധേയമാകുന്ന സന്ദർശകർക്ക് സന്തോഷം നൽകുന്നതിന് സഹായിക്കുന്നതാണെന്ന് ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.