റിയാദ് സീസണിന് നാളെ തുടക്കം; ബോക്സിങ് ഇടിപ്പൂരം
text_fieldsറിയാദ്: ലോക ബോക്സിങ് താരങ്ങളുടെ ഇടിപ്പൂരത്തോടെ നാലു മാസം നീളുന്ന അഞ്ചാമത് റിയാദ് സീസൺ ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കം കുറിക്കും. റിയാദ് ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീനയിൽ ‘ഫോർ ക്രൗൺ ഷോഡൗൺ’ എന്ന ടൈറ്റിലിൽ റഷ്യൻ ബോക്സിങ് ലൈറ്റ്-ഹെവിവെയ്റ്റ് താരങ്ങളായ ആർച്ചർ ബെറ്റർബിയേവും ദിമിത്രി ബിവോളും ഇടിവെട്ട് പോരാട്ടം കാഴ്ചവെക്കും.
ഈ ഏറ്റുമുട്ടൽ കേവലം പേരിന് വേണ്ടിയുള്ളതല്ല. ആഗോളതലത്തിൽ ലൈറ്റ്-ഹെവിവെയ്റ്റ് വിഭാഗത്തിൽ ആധിപത്യം തെളിയിക്കാനുള്ള പോരാട്ടമാണിത്. ആർതർ ബെറ്റർബിയേവും ദിമിത്രി ബിവോളും നാല് ലൈറ്റ് ഹെവി ബെൽറ്റുകൾക്കും വേണ്ടിയാണ് പോരാടുന്നത്.
അതുകൊണ്ടുതന്നെ ഈ യുദ്ധം നിർണായകമാണ്. ത്രസിപ്പിക്കുന്ന കാഴ്ചാനുഭവവുമായിരിക്കും. അജയ്യരായ ഈ പോരാളികൾ തമ്മിലുള്ള മത്സരം കൗതുകകരവുമായിരിക്കും.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഉദ്ഘാടന പരിപാടി കൂടിയായ ഈ പോരാട്ടത്തിലേക്ക് പ്രതീക്ഷിക്കുന്നത്. രാത്രിയിലും ശ്രദ്ധേയമായ വേറെയും പോരാട്ടങ്ങൾ നടക്കും.
മിഡിൽ വെയ്റ്റ് വിഭാഗത്തിൽ ബ്രിട്ടെൻറ ക്രിസ് യൂബാങ്ക് ജൂനിയർ പോളണ്ടിെൻറ കാമിൽ സെറെമെറ്റയെയും ഹെവിവെയ്റ്റ് വിഭാഗത്തിൽ ബ്രിട്ടീഷ് ബോക്സർ ഫാബിയോ വാർഡ്ലി സഹനാട്ടുകാരനായ ഫ്രേസർ ക്ലാർക്കിനെയും നേരിടും.
ക്രൂസർവെയ്റ്റ് വിഭാഗത്തിൽ ആസ്ട്രേലിയയുടെ ജയ് ഒപെറ്റയ്യ ബ്രിട്ടന്റെ ജാക്ക് മാസിയെ നേരിടും. ലൈറ്റ്-ഹെവിവെയ്റ്റ് വിഭാഗത്തിൽ ബ്രിട്ടെൻറ ബെൻ വിറ്റേക്കറും സഹതാരം ബ്രിട്ടിഷ് ലിയാം കാമറൂണും ഏറ്റുമുട്ടും.
ആസ്ട്രേലിയയുടെ സ്കൈ നിക്കോൾസണും ബ്രിട്ടന്റെ റേവൻ ചാപ്മാനും തമ്മിലുള്ള വനിത പോരാട്ടവും തുടർന്ന് അരങ്ങേറും. കൂടാതെ, വെൽറ്റർ വെയ്റ്റ് ഡിവിഷനിൽ മെക്സിക്കോയുടെ ജീസസ് ഗോൺസാലസിനെ സൗദി അറേബ്യയുടെ മുഹമ്മദ് അൽ അഖെൽ നേരിടും.
ആഘോഷം 14 സോണുകളിൽ
വലിയ ഇവൻറുകൾ, പുതിയ സോണുകൾ, ആവേശകരമായ വിനോദം എന്നിവയാണ് ഇത്തവണത്തെ റിയാദ് സീസൺ വാഗ്ദാനം ചെയ്യുന്നത്. ബൊളിവാഡ് സിറ്റി, കിങ്ഡം അരീന, റിയാദ് വയ എന്നിവയടക്കം 14 സോണുകളിലാണ് പരിപാടികൾ അരങ്ങേറുന്നത്.
സൗദി അറേബ്യയിൽ ആതിഥേയത്വം വഹിക്കുന്ന വാർഷിക ഉത്സവമാണ് റിയാദ് സീസൺ. ഒക്ടോബറിൽ ആരംഭിക്കുകയും ശീതകാലം മുഴുവൻ നീളുകയും ചെയ്യും. 2019 ലാണ് തുടക്കം കുറിക്കുന്നത്. ഇത് അഞ്ചാം പതിപ്പാണ്. ഉദ്ഘാടന പതിപ്പിൽ 70 ലക്ഷം സന്ദർശകരുടെ ശ്രദ്ധേയ പങ്കാളിത്തമാണുണ്ടായത്.
14 വ്യത്യസ്ത വിനോദമേഖലകൾ ഓരോന്നും സന്ദർശകരെ ആകർഷകവും മാന്ത്രികവുമായ അനുഭവങ്ങളിൽ മുഴുകാൻ പ്രേരിപ്പിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.