റിയാദ് സീസൺ; സുഡാനീസ് വാരാഘോഷത്തിന് തുടക്കം
text_fieldsറിയാദ്: റിയാദ് സീസണിലെ സാംസ്കാരികവേദിയായ അൽസുവൈദി പാർക്കിൽ 'സുഡാനീസ് വാരാഘോഷ'ത്തിന് തുടക്കം. ആദ്യ ദിവസങ്ങളിൽ സുഡാനികളുടെ പരമ്പരാഗത വസ്ത്രമായ നീളൻ തോപ്പും തലപ്പാവും ധരിച്ച് പുരുഷന്മാരും ചുവപ്പുകലർന്ന കറുത്ത മൈലാഞ്ചിയും പരമ്പരാഗത ആഭരണവും ബഹുവർണ വസ്ത്രവും ധരിച്ച് സ്ത്രീകളുമെത്തി. സംഗമിച്ചവർ വിനിമയത്തിന് സുഡാനികളുടെ ഒഴുക്കൻ അറബി കൂടി ഉപയോഗിച്ചപ്പോൾ നഗരഹൃദയത്തിലെ സുവൈദി പാർക്ക് അൽപസമയത്തേക്ക് തലസ്ഥാനമായ ഖാർതൂം നഗരം പോലെയായി മാറി. സുഡാന്റെ തനത് ഭക്ഷണവിഭവങ്ങൾ രുചിക്കാനും അവയുടെ പാചകരീതി അറിയാനുമുള്ള അവസരം ആഘോഷം സമ്മാനിക്കുന്നു. വസ്ത്രങ്ങളുടെ വിൽപനയും പ്രദർശനവും ഫാൻസി ആഭരണങ്ങളും മൈലാഞ്ചി ഇടലും തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്ന കിയോസ്കുകളും വാരാഘോഷത്തിന്റെ ഭാഗമായുണ്ട്.
സന്ദർശകർക്ക് സുഡാന്റെ ചരിത്രത്തെയും പൈതൃകത്തെയുംകുറിച്ച് കൂടുതലറിയാനും സുഡാൻ സന്ദർശിച്ചവർക്ക് അനുഭവം പങ്കുവെക്കാനും അവസരമുണ്ട്. നാടകങ്ങൾ, നാടോടിക്കഥകൾ, നാടൻകലകൾ, ചിത്രരചന തുടങ്ങി ആഘോഷനഗരിയിലെത്തുന്നവർക്ക് ആസ്വാദനം പകരുംവിധം ക്രമീകരിച്ചിട്ടുണ്ട്. പരമ്പരാഗത സുഡാനീസ് ഗാനങ്ങളും നൃത്തവും പ്രമുഖ ബാൻഡുകളും വിഖ്യാത സുഡാനി ഗായകരും വേദിയിൽ അവതരിപ്പിച്ച് തലസ്ഥാന നഗരിയിൽ സുഡാന്റെ മിനിയേച്ചർ നിർമിക്കുകയാണ് സുഡാനി പ്രവാസികൾ. വിവിധ രാജ്യങ്ങളുടെ വ്യത്യസ്ത സംസ്കാരങ്ങളും പൈതൃകങ്ങളും ആഗോള സമൂഹത്തിന് പരിചയപ്പെടുത്തുക ലക്ഷ്യംവെച്ചുള്ള റിയാദ് സീസൺ പരിപാടികളിലൊന്നാണിത്. സീസൺ ആഘോഷത്തിന്റെ 15 വേദികളിൽ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്ന കേന്ദ്രം അൽസുവൈദി പാർക്കാണ്.
ഓരോ ആഴ്ചയും ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ജീവിതരീതികൾ പരിചയപ്പെടുത്തിയും തനത് കലാപ്രകടനങ്ങൾ ആഘോഷിക്കാനും ആസ്വദിക്കാനും വേദിയൊരുക്കിയുമാണ് ഈ വേദി ശ്രദ്ധേയമാകുന്നത്. നഗരഹൃദയമായ ബത്ഹയിൽനിന്ന് അര മണിക്കൂറിൽ താഴെ മാത്രം യാത്രയുള്ള സുവൈദി പാർക്ക് എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 12 വരെ സന്ദർശകരെ സ്വീകരിക്കും. നിലവിൽ ഡിസംബർ അഞ്ചു വരെയാണ് സുവൈദി പാർക്ക് റിയാദ് സീസണിന്റെ ഭാഗമാക്കുക. പ്രവേശനം സൗജന്യമാണെങ്കിലും റിയാദ് സീസൺ വെബ്സൈറ്റ് വഴി ടിക്കറ്റ് എടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.