റിയാദ് സീസൺ: 'മൃഗശാല ഏരിയ' നവംബർ എട്ടിന് തുറക്കും
text_fieldsജിദ്ദ: റിയാദ് സീസണോടനുബന്ധിച്ച് 'റിയാദ് മൃഗശാല ഏരിയ' ഈ മാസം എട്ടിന് തുറക്കും. സന്ദർശകർക്ക് വേറിട്ട അനുഭവമൊരുക്കാൻ ആറ് സംരക്ഷിത പ്രദേശങ്ങളിലായി 190 ഇനങ്ങളിൽനിന്നുള്ള 1,300ലധികം മൃഗങ്ങൾ റിയാദ് മൃഗശാലയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഓരോ മൃഗങ്ങളും വ്യത്യസ്ത ആവാസവ്യവസ്ഥകളിലാണ് കഴിയുന്നത്. പ്രദേശത്ത് എത്തുന്ന സന്ദർശകർക്ക് മൃഗങ്ങളെ അടുത്ത് കാണാനും അവക്കൊപ്പം ഫോട്ടോകൾ എടുക്കാനും അനുവദിക്കും.
മറ്റു സംവേദനാത്മക പരിപാടികളുമുണ്ടാകും. മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന കാഴ്ചകളും കാണാനാകും. മതിൽകയറ്റം, ആമയുടെ വീട്ടിനുള്ളിൽ കയറൽ, ജിറാഫുമായി ഇടപഴകൽ, സിംഹത്തെ കണ്ടറിയാനുള്ള അവസരം, കടുവകൾക്കിടയിൽ ഗ്ലാസ് ടണലിലൂടെയുള്ള നടത്തം എന്നിങ്ങനെ ഒരുകൂട്ടം പരിപാടികൾ പ്രദേശത്ത് ഉണ്ടാകും. വെള്ളക്കടുവയുമായി ഇടപഴകൽ, സിംഹവുമായുള്ള വടംവലി, ബോംഗോ ഹൗസ് അനുഭവം, മൂങ്ങകളുടെ ഇരുണ്ട മുറികളിലൂടെ കടന്നുപോകൽ, വെർച്വൽ റിയാലിറ്റി അനുഭവം എന്നിവയും പ്രദേശത്തുണ്ടാകും.
'സങ്കൽപങ്ങൾക്കപ്പുറം' എന്ന തലക്കെട്ടിൽ നടക്കുന്ന ഈ വർഷത്തെ റിയാദ് സീസൺ ആഘോഷങ്ങളിൽ വിവിധ ദിവസങ്ങളിലായി 8,500 പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 108 സംവേദനാത്മക അനുഭവങ്ങൾ, 150ലധികം സാംസ്കാരിക പരിപാടികൾ, എട്ട് അന്താരാഷ്ട്ര ഷോകളും മറ്റ് വിനോദ പരിപാടികൾ എന്നിവ ഇതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.