റിയാദ്-തിരുവനന്തപുരം വിമാന സർവിസ്; ജി.എം.എഫ് സ്വാഗതം ചെയ്തു
text_fieldsറിയാദ്: നേരിട്ട് വിമാന സർവിസില്ലാതെ പ്രയാസം നേരിടുന്ന തിരുവനന്തപുരം-റിയാദ് സെക്ടറിലെ യാത്രക്കാരായ പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിക്കുന്നതിനെ ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) സ്വാഗതം ചെയ്തു.
ഏറെക്കാലമായി കാത്തിരുന്ന ഒരു തീരുമാനമാണിതെന്നും വലിയ ആശ്വാസവും ആഹ്ലാദകരവുമാണ്. കുട്ടികളടക്കമുള്ള കുടുംബങ്ങൾക്ക് മാത്രമല്ല കിടപ്പുരോഗികളായ പ്രവാസികൾക്ക് പോലും അടിയന്തരമായി നാട്ടിലെത്താൻ കഴിയാത്ത വിധം ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
റിയാദിൽ നിന്നുള്ളവർ നെടുമ്പാശ്ശേരിയെയാണ് ആശ്രയിച്ചിരുന്നത്. ഈ ദുസ്ഥിതിക്ക് പരിഹാരം തേടി ഗൾഫ് മലയാളി ഫെഡറേഷൻ എയർ ഇന്ത്യ അതോറിറ്റിക്കും വ്യോമയാന വകുപ്പ് മന്ത്രിക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കേരളാ മുഖ്യമന്ത്രിക്കും കേരളത്തിൽനിന്നുള്ള 20 എം.പിമാർക്കും ഗവർണർക്കും കത്തുകൾ അയക്കുകയും നിവേദനം നേരിട്ട് എത്തിക്കുകയും ചെയ്തിരുന്നതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.
പലപ്പോഴും എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനകമ്പനികൾ റിയാദ് എയർപോർട്ടിലെ ടെർമിനലുകളുടെ പണി നടക്കുന്നതുകൊണ്ട് ഷെഡ്യൂൾ കിട്ടാത്തതാണ് നേരിട്ട് വിമാനസർവിസ് ആരംഭിക്കാൻ തടസ്സമെന്ന് അറിയിക്കുകയുണ്ടായി.
ആഴ്ചയിൽ ഏഴുദിവസവും റിയാദിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ട്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തിരുവനന്തപുരത്തേക്ക് സർവിസ് നടത്തണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ അതോറിറ്റിക്ക് നേരിട്ട് നിവേദനം നൽകുകയായിരുന്നു. മറ്റു പല സംഘടനകളും ഇതേ ആവശ്യമുന്നയിച്ച് അധികാരികളെ സമീപിച്ചിരുന്നു.
എയർ ഇന്ത്യ പ്രതിനിധി ഡോ. അങ്കൂറിനെ നേരിട്ടുകണ്ട് ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് നിവേദനം നൽകിയിരുന്നു. മറ്റ് വിമാനകമ്പനികളും റിയാദ് എയർപോർട്ടിലെ ടെർമിനലുകളുടെ പണി കഴിഞ്ഞാൽ തിരുവനന്തപുരം സെക്ടറിൽ സർവിസ് തുടങ്ങുമെന്ന് അറിയിച്ചിരുന്നു. അതിനായും കാത്തിരിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.