സുസ്ഥിര ഗതാഗത കേന്ദ്രമാകാൻ റിയാദ്; 1,300 കോടി റിയാലിന്റെ പദ്ധതിയുമായി റോയൽ കമീഷൻ
text_fieldsറിയാദ്: തലസ്ഥാന നഗരത്തിന്റെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, റോഡ് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക, മിഡിലീസ്റ്റിലെ സുസ്ഥിര ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളുടെ മുൻനിര കേന്ദ്രമായി നഗരത്തെ മാറ്റിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി റിയാദ് റിങ് ആൻഡ് മേജർ റോഡ് ഡെവലപ്മെന്റ് പ്രോഗ്രാം പ്രഖ്യാപിച്ച് റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി. പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ഉൾപ്പെടുന്ന നാല് പദ്ധതികൾക്ക് 1,300 കോടി സൗദി റിയാലിൽ കൂടുതലാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
റിയാദിനെ ലോകത്തിലെ മഹത്തായ നഗരങ്ങളിലൊന്നായി ഉയർത്തുക എന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ് ഈ പദ്ധതികളെന്ന് പ്രഖ്യാപന വേളയിൽ പുറത്തിറക്കിയ കുറിപ്പിൽ റോയൽ കമീഷൻ സി.ഇ.ഒ. എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താൻ അറിയിച്ചു. ബൃഹദ് പദ്ധതി നടപ്പാക്കാൻ അനുമതിയും പിന്തുണയുമേകിയ സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടും ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു. റിയാദ് റോഡ് വികസന പ്രോഗ്രാം നഗരത്തിന്റെ ഭാവി കാഴ്ചപ്പാടിന് അനുസൃതമായി എക്സ്പ്രസ് വേകളുടെയും പ്രധാന റോഡുകളുടെയും ശൃംഖലയുടെ വികസനത്തിലൂടെ കണക്റ്റിവിറ്റി വർധിപ്പിച്ച് നഗരത്തിന്റെ നിലവിലെയും ഭാവിയിലെയും ഗതാഗത ആവശ്യങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്ന റോഡ് പദ്ധതികൾ
- കിഴക്ക് പഴയ റിയാദ്-അൽ ഖർജ് റോഡ് മുതൽ പടിഞ്ഞാറ് ജിദ്ദ റോഡ് വരെ നീളുന്ന 56 കിലോമീറ്റർ ദൈർഘ്യമുള്ള സൗത്ത് സെക്കൻഡ് റിങ് റോഡ്. പ്രധാന റോഡിൽ ഓരോ ദിശയിലും നാല് ട്രാക്കുകൾ വീതവും ഓരോ ദിശയിലും മൂന്ന് സർവിസ് റോഡുകളുമുണ്ടാവും. 10 പ്രധാന ഇന്റർചേഞ്ചുകളുടെയും 32 പാലങ്ങളുടെയും നിർമാണവും സൗത്ത് സെക്കൻഡ് റിങ് റോഡ് പദ്ധതിയിൽ ഉൾപ്പെടുന്നു.
- വാദി ലബൻ തൂക്കുപാലത്തിന് സമാന്തരമായി രണ്ട് പാലങ്ങളുടെ നിർമാണവും വെസ്റ്റേൺ റിങ് റോഡിനെ ജിദ്ദ റോഡുമായി ബന്ധിപ്പിക്കുന്ന നാല് കിലോമീറ്റർ ഇൻറർചേഞ്ച് റോഡിന്റെ വികസനവുമാണ് രണ്ടാം പദ്ധതി. സമാന്തര പാലങ്ങളും ഇൻറർചേഞ്ച് വികസനവും കൂടാതെ വെസ്റ്റേൺ റിങ് റോഡും ജിദ്ദ റോഡും സന്ധിക്കുന്നിടത്ത് വേറെ നാല് പാലങ്ങളും ഈ പദ്ധതിക്ക് കീഴിൽ നിർമിക്കും.
- പടിഞ്ഞാറ് കിങ് ഖാലിദ് റോഡ് മുതൽ കിഴക്ക് കിങ് ഫഹദ് റോഡ് വരെ നീളുന്ന ആറ് കിലോമീറ്റർ ദൈർഘ്യമുള്ള അൽ തമാമ റോഡിന്റെ വികസനമാണ് മൂന്നാം പദ്ധതി.
- നിർദിഷ്ട ഖിദ്ദിയ വിനോദ നഗരത്തിലേക്ക് വാദി ലബൻ-ത്വാഇഫ് റോഡിെൻറ പടിഞ്ഞാറൻ അറ്റത്ത് നിന്ന് 16 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമാണമാണ് നാലാം പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.