റിയാദ് ഒ.ഐ.സി.സി പ്രസിഡൻറ് പദവിയിൽ മത്സരമൊഴിവാക്കിയത് വീതംവെപ്പ് ഫോർമുല
text_fieldsറിയാദ്: റിയാദ് ഒ.ഐ.സി.സി പ്രസിഡൻറ് പദത്തിനായുള്ള പോര് ഒഴിവാക്കിയത് മാസങ്ങൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ ഉരുത്തിരിഞ്ഞ വീതംവെപ്പ് സമവായം. അബ്ദുല്ല വല്ലാഞ്ചിറയും സലീം കളക്കരയും ഇടവിട്ട് പ്രസിഡൻറാകുമെന്ന ഫോർമുലയിലാണ് അന്തിമ തീരുമാനമായതും കഴിഞ്ഞ ദിവസം ഭാരവാഹി പ്രഖ്യാപനമുണ്ടായതും.
സീനിയർ വൈസ് പ്രസിഡൻറ് സലിം കളക്കരയും ഓർഗനൈസിങ് ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറയും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്ത് എത്തിയതോടെ കടുത്ത മത്സരമുണ്ടാകുമെന്ന നിലയിൽ അന്തരീക്ഷം ചൂട് പിടിക്കുകയായിരുന്നു. ചർച്ചകളും ഗ്രൂപ് യോഗങ്ങളും സജീവമായി. സമവായ ചർച്ചകൾ ഒരുപാട് നടന്നെങ്കിലും മത്സരത്തിൽനിന്ന് പിന്തിരിയാൻ ആരും തയാറായില്ല.
പരമാവധി മത്സരം ഒഴിവാക്കാൻ ഗ്ലോബൽ ചെയർമാൻ ശങ്കർ പിള്ള കുമ്പളയുടെ നിർദേശം വന്നതോടെ റിയാദിലെ ഗ്ലോബൽ നാഷനൽ ഭാരവാഹികളായ മജീദ് ചിങ്ങോലി, റസാഖ് പൂക്കോട്ടുപാടം, ഷാജി കുന്നിക്കോട്, ഷാജി സോണ, റഹ്മാൻ എന്നിവർ ആ വഴിക്കുള്ള ശ്രമം നടത്തുകയായിരുന്നു. ഫോർമുലകൾ പലതും പറഞ്ഞെങ്കിലും ഇരുവരും മത്സര രംഗത്ത് ഉറച്ചു നിന്നു. ഒടുവിൽ ഭരണസമിതി കാലാവധിയായ മൂന്നുവർഷം വീതിച്ച് പ്രസിഡൻറാക്കാമെന്ന ഫോർമുലക്ക് ഇരുവരും വഴങ്ങുകയായിരുന്നു.
ആദ്യത്തെ ഊഴം ആവശ്യപ്പെടുന്നവർക്ക് ഒരു വർഷവും രണ്ടാം ഊഴക്കാർക്ക് രണ്ട് വർഷവും നൽകാൻ തീരുമാനമായി. ആദ്യത്തെ ഒരു വർഷം കൊണ്ട് തൃപ്തിയടയാൻ അബ്ദുല്ല വല്ലാഞ്ചിറ സന്നദ്ധനായി. ആദ്യം പ്രസിഡൻറാകാമല്ലോ എന്ന പ്രത്യേകതയാണ് അബ്ദുല്ലയെ ആകർഷിച്ചത്. ആദ്യ ഊഴം ത്യജിച്ചതിന് സലീം കളക്കരക്ക് കിട്ടുന്ന പ്രതിഫലമാണ് രണ്ടുവർഷം.
കഴിഞ്ഞ ശനിയാഴ്ച ബത്ഹയിലെ അപ്പോളോ ഹോട്ടലിൽ ചേർന്ന കോൺസുലർമാരുടെ യോഗത്തിൽ കുഞ്ഞി കുമ്പള പുതിയ ഭാരവാഹികളെയും നിർവാഹക സമിതി അംഗങ്ങളെയും പ്രഖ്യാപിച്ചതോടെ പ്രവർത്തകർ കൈയടിയോടെ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.