റിയാദിലെ ‘അൽവാഹ, സ്വാലാഹുദ്ദീൻ’ഡിസ്ട്രിക്റ്റുകൾക്ക് സൽമാൻ രാജാവിന്റെ പേരിടും -കിരീടാവകാശി
text_fieldsജിദ്ദ: റിയാദിലെ അൽവാഹ, സ്വാലാഹുദ്ദീൻ ഡിസ്ട്രിക്റ്റുകൾക്ക് സൽമാൻ രാജാവിന്റെ പേരിടുമെന്നും ഈ പ്രദേശങ്ങൾ വികസിപ്പിക്കുമെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു.
ഡിസ്ട്രിക്റ്റുകളെ മാനുഷികവത്കരിക്കുക, അടിസ്ഥാന സേവനങ്ങളുടെയും വിനോദ പ്രവർത്തനങ്ങളുടെയും ഗുണനിലവാരം ഉയർത്തുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്. സൽമാനി വാസ്തുവിദ്യയിൽനിന്നും അതിന്റെ തത്ത്വങ്ങളിൽനിന്നും ഉരുത്തിരിഞ്ഞ ഡിസ്ട്രിക്റ്റിൽ പൊതുസ്ഥാപനങ്ങൾക്ക് നഗര, വാസ്തുവിദ്യ ഐഡൻറിറ്റി സൃഷ്ടിക്കലും ലക്ഷ്യത്തിലുൾപ്പെടും.
നഗരങ്ങളുടെ വികസനത്തിനും ജനസംഖ്യയും സാമ്പത്തിക വളർച്ചയും ഉത്തേജിപ്പിക്കുന്നതിനും കിരീടാവകാശി കാണിച്ചുകൊണ്ടിരിക്കുന്ന താൽപര്യത്തിന്റെയും പിന്തുണയുടെയും തുടർച്ചയായാണ് ഈ പ്രഖ്യാപനം.
കിങ് സൽമാൻ പാർക്കിനോട് ചേർന്ന് 6.6 കിലോമീറ്റർ വിസ്തൃതിയുള്ള കിങ് സൽമാൻ ഡിസ്ട്രിക്റ്റ് തലസ്ഥാനമായ റിയാദിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വിഷൻ 2030ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പ്രദേശത്തിന്റെ വികസനം. ലോകത്തെ മികച്ച 10 നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുകകൂടി ഇതിലൂടെ ലക്ഷ്യമിടുന്നു.
അടിസ്ഥാന സേവനങ്ങളുടെയും ഒഴിവുസമയ, വിനോദ പ്രവർത്തനങ്ങളുടെയും ഗുണനിലവാരം ഉയർത്തുക, ജീവിത നിലവാരം ഉയർത്തുന്നതിന് ഡിസ്ട്രിക്റ്റിൽ സമഗ്രമായ സുസ്ഥിരത പ്രോത്സാഹിപ്പിക്കുക, താമസക്കാർക്കിടയിൽ സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന സംവേദനാത്മക നഗര അന്തരീക്ഷം സൃഷ്ടിക്കുക ഉൾപ്പെടെ നിരവധി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്ഥലത്തുണ്ടാകും.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാലം റിയാദ് മേഖല ഗവർണറായിരിക്കെ സൽമാൻ രാജാവ് ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും ആദരവും കൂടിയാണ് ഈ പേര് നൽകൽ. ഗവർണറായിരിക്കെ ആരംഭിച്ച പദ്ധതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്ഥലത്തിന് ഒരു പ്രത്യേക ഐഡൻറിറ്റി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അതിലെ പൊതുസ്ഥാപനങ്ങൾക്ക് സൽമാനി വാസ്തുവിദ്യ ഉപയോഗിക്കുന്നത്.
മൗലികതയും ആധുനികതയും ഉൾക്കൊള്ളുന്നുവെന്നാണ് ‘സൽമാനി’വാസ്തുവിദ്യയുടെ സവിശേഷത. റിയാദ് നജ്ദിന്റെ വാസ്തുവിദ്യയിലും ഐഡന്റിറ്റിയിലും സൽമാൻ രാജാവിന്റെ താൽപര്യത്തിന്റെ വ്യാപ്തി എടുത്തുകാണിക്കുന്നതാണിത്. ഡിസ്ട്രിക്റ്റ് വികസിപ്പിക്കുമ്പോൾ വ്യത്യസ്ത സ്ഥലങ്ങൾക്കും സ്ഥാപനങ്ങൾക്കുമിടയിൽ താമസക്കാരുടെ സഞ്ചാരം സുഗമമാക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കും.
ഡിസ്ട്രിക്റ്റിൽ വാഹനങ്ങൾക്കല്ല, നിവാസികൾക്കാണ് മുൻഗണന. റിയാദ് മുനിസിപ്പാലിറ്റി നഗരത്തിനുള്ളിൽ നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ആശയങ്ങളിലൊന്നാണിത്. റിയാദ് നഗരത്തിനുള്ളിലെ വികസന, പരിസ്ഥിതി പദ്ധതികളുടെ പരിധിയിലാണ് ഈ പദ്ധതിയും വരുന്നത്. മാനുഷികവും സാമ്പത്തികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ നഗര സമ്പദ്വ്യവസ്ഥയുടെ പങ്കിനെക്കുറിച്ചുള്ള കിരീടാവകാശിയുടെ ചിന്തയിൽനിന്നാണ് ഈ പദ്ധതികൾ ഉരുത്തിരിഞ്ഞത്. വിഷൻ 2030 അനുസരിച്ച് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളും നഗരങ്ങളും സാക്ഷ്യംവഹിച്ച സമഗ്രമായ വികസനത്തിനോടൊപ്പം റിയാദിനെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, ടൂറിസ്റ്റ് തലസ്ഥാനങ്ങളിൽ ഒന്നായി ലോക ഭൂപടത്തിൽ മാറ്റുന്നതിനുകൂടിയാണ് കിരീടാവകാശിയുടെ പുതിയ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.