റിയാദ് മെട്രോ ട്രെയിനും ബസും; പൊതുഗതാഗത പദ്ധതി മാർച്ചിൽ പ്രവർത്തനം ആരംഭിക്കും
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി മാർച്ചിൽ പ്രവർത്തനം ആരംഭിക്കും. മെട്രോ ട്രെയിനും ബസും ഉൾപ്പെടുന്ന പുതിയ പൊതുഗതാഗത സംവിധാനമാണ് ഒരുങ്ങുന്നതെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് അൽറഷീദ് വെളിപ്പെടുത്തി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയോട് (വേൾഡ് എക്കണോമിക്ക് ഫോറം) അനുബന്ധിച്ച് സൗദി മിസ്ക് ഫൗണ്ടേഷൻ സംഘടിപ്പിച്ച യൂത്ത് മജ്‌ലിസിനെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ആറ് മെട്രോ ലൈനുകൾ, 84 സ്റ്റേഷനുകൾ, 80 ബസ് റൂട്ടുകൾ, 842 ബസുകൾ, 2860 ബസ് സ്റ്റോപ്പുകൾ എന്നിവയടങ്ങുന്ന ഏറ്റവും വലിയ ഒറ്റഘട്ട പദ്ധതിക്കാണ് മാർച്ചിൽ തുടക്കം കുറിക്കുക. വിവിധ മെട്രോ സ്റ്റേഷനുകളെ ബസ് ഗതാഗതവുമായി ബന്ധപ്പെടുത്തിയാണ് പൊതുഗതാഗത പദ്ധതി ആരംഭിക്കുന്നതെന്ന് ഫഹദ് അൽ റഷീദ് വെളിപ്പെടുത്തി.
റിയാദ് നഗരത്തിന്റെ ഗതാഗത പരിഹാരം മുന്നിൽ കണ്ട് റിയാദ് റോയൽ കമീഷൻ നിശ്ചയിച്ചിട്ടുള്ള വിവിധ പദ്ധതികളിൽ ഒന്നാണ് കിങ് അബ്ദുൽ അസീസ് സംയോജിത പൊതുഗതാഗത പദ്ധതി. രാജ്യം ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ഒറ്റഘട്ട പൊതുഗതാഗത പദ്ധതിയാണ് റിയാദ് മെട്രോ.
ഭാവിയിൽ മെട്രോ ലൈനുകളുടെ വിപുലീകരണം കമീഷന്റെ പരിഗണനായിലാണെന്നും സി.ഇ.ഒ വിശദീകരിച്ചു. ഡ്രൈവർമാരില്ലാത്ത ഇലക്ട്രിക് ട്രെയിനുകൾ 176 കിലോമീറ്റർ ഓടുന്ന സംവിധാനം റിയാദ് മെട്രോക്കുണ്ട്.
ദറഇയ, ഗ്രീൻ റിയാദ്, കിങ് സൽമാൻ പാർക്ക്, മെട്രോ എന്നിവയടക്കം 30-ലധികം മെഗാ പദ്ധതികളാണ് തലസ്ഥാന നഗരിയുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കിങ് അബ്ദുൽ അസീസ് ഗതാഗത പദ്ധതി കാർബൺ പുറന്തള്ളലിന്റെ തോത് കുറയ്ക്കുകയും, പ്രതിദിനം നാല് ലക്ഷം ലിറ്റർ ഇന്ധനം ലാഭിക്കത്തക്ക വിധം 2,50,000 സ്വകാര്യവാഹന യാത്രകൾ കുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ഫഹദ് അൽ റഷീദ് വെളിപ്പെടുത്തി.
റിയാദ് ഗതാഗത നയം പ്രഖ്യാപിക്കുന്നതിന് സമയമെടുത്തത് ആഴത്തിലുള്ളതും നിരവധി ഉപപദ്ധതികൾ ഉൾക്കൊള്ളുന്നതുമായ മെഗാ പദ്ധതിയായത് കൊണ്ടാണെന്ന് ‘അൽ അറബിയ’ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.