സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടൽ: കരള്‍രോഗം ബാധിച്ച റിയാസ് അടിയന്തര ചികിത്സക്കായി നാട്ടിലേക്ക് യാത്രയായി
text_fieldsജിസാന്‍: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ജിസാനിൽ സാംത ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം പരപ്പൂര് സ്വദേശി റിയാസ് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ അടിയന്തര ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി. രോഗബാധയെ തുടര്‍ന്ന് റിയാസിന് ജോലിയും വരുമാനവുമില്ലാതാവുകയും സ്പോണ്സര് ഹുറൂബാക്കുകയും ചെയ്യുകയായിരുന്നു. ശാരീരികമായും മാനസികമായും തളര്‍ന്ന അദ്ദേഹത്തിന് സാംതയിലെ ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ജറാദിയ യൂനിറ്റ് പ്രവര്‍ത്തകർ ആവശ്യമായ ചികിത്സയും സഹായങ്ങളും നല്കി നാട്ടില്‍ പോകുന്നതിനുള്ള വഴിയൊരുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജിദ്ദയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് റിയാസ് പോയത്. 15 വര്‍ഷമായി സാംത മത്സ്യമാര്‍ക്കറ്റില്‍ സ്വന്തം നിലയില്‍ േജാലികള്‍ ചെയ്തിരുന്ന റിയാസ് ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയും വരുമാനവുമില്ലാതെ പ്രതിസന്ധിയിലായിരുന്നു.
മൂന്നാഴ്ച മുമ്പ് കരള്‍ രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്ന് റിയാസിനെ താമസ സ്ഥലത്തുനിന്ന് ‘ജല’ പ്രവര്‍ത്തകരാണ് സാംത ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി അടിയന്തരമായി നാട്ടില്‍ അയക്കണമെന്ന് ഡോക്ടർന്മാര്‍ നിർദേശിച്ചതിനെ തുടര്‍ന്ന് ജല കേന്ദ്രകമ്മിറ്റി ഭാരവാഹികളായ വെന്നിയൂര്‍ ദേവനും സണ്ണി ഓതറയും സ്പോണ്‍സറെ കണ്ടെത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ആറു മാസം മുമ്പ് റിയാസിനെ ഹുറൂബാക്കിയ വിവരം അറിയുന്നത്. സ്പോണ്‍സറെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഹുറൂബ് ഒഴിവാക്കി എക്സിറ്റ് വിസ അടിക്കാന്‍ റിയാദില്‍നിന്ന് ശ്രമങ്ങള്‍ നടത്തിയെങ്കിലും നിയമപ്രശ്നങ്ങള്‍മൂലം ഫലം കണ്ടില്ല. പിന്നീട് ആരോഗ്യനില വഷളാവുകയും അധികൃതരുമായി ബന്ധപ്പെട്ട് റിയാസിെൻറ രോഗാവസ്ഥ ബോധ്യപ്പെടുത്തി ഹുറൂബ് ഒഴിവാക്കി എക്സിറ്റ് വിസ അടിച്ചുവാങ്ങുകയുമായിരുന്നു.
ജല രക്ഷാധികാരിയും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗവുമായ താഹ കൊല്ലേത്ത് ഇടപെട്ട് റിയാസിന് മാനുഷിക പരിഗണന നല്കി ചികിത്സക്കായി നാട്ടില്‍ പോകാന്‍ വിസ നല്‍കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ജിസാന്‍ ഡിപോര്‍ട്ടേഷന്‍ സെൻറര്‍ ഡയറക്ടര്‍ക്ക് പ്രത്യേക കത്ത് നല്‍കുകയും ഇന്ത്യന്‍ എംബസിയുടെ വന്ദേ ഭാരത് വിമാനത്തില്‍ യാത്രക്കുള്ള വിമാന ടിക്കറ്റ് ശരിയാക്കുകയും ചെയ്തു. ജല ഏരിയ പ്രസിഡൻറ് എന്‍.എം. മൊയ്തീന് ഹാജി, ജറാദിയ യൂനിറ്റ് ഭാരവാഹികളായ ജോജോ, ഹരിദാസ്, രാജ്മോഹന്‍ തിരുവനന്തപുരം, മോഹന്‍ദാസ്, ശ്യാം എന്നിവരാണ് റിയാസിന് ചികിത്സക്കും നാട്ടിലേക്ക് പോകാനുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനും മറ്റ് സഹായങ്ങള്‍ക്കുമായി മുന്നിട്ടിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.