സൗദിയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു; കണക്കുകൾ പുറത്തുവിട്ട് അതോറിറ്റി
text_fieldsറിയാദ്: സൗദിയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. കാരണങ്ങളുൾപ്പെടെ വിശദീകരിച്ച് ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. ഹൈവേ ട്രാക്കുകളിൽനിന്ന് വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ട് പറയുന്നു. 2022 ലെ റോഡപകടങ്ങളുടെ റിപ്പോർട്ടാണ് അതോറിറ്റി പുറത്തുവിട്ടത്. രാജ്യത്തെ വാഹനാപകടങ്ങളുടെ കാരണങ്ങളും എണ്ണവുമാണ് റിപ്പോർട്ടിലുള്ളത്. ഹൈവേകളിൽ ട്രാക്കു മാറുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കാതെ പെട്ടെന്ന് മാറുന്നതാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പെട്ടെന്നുള്ള ട്രാക്ക് മാറ്റം മൂലം കഴിഞ്ഞ വർഷം 4,75,000 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മുന്നിലെ വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെ ഡ്രൈവ് ചെയ്തതാണ് രണ്ടാമത്തെ അപകട കാരണം. ഇതുവഴി 4,59,000 അപകടങ്ങളും പോയ വർഷം റിപ്പോർട്ട് ചെയ്തു.
ഡ്രൈവിങ്ങിൽനിന്നും ശ്രദ്ധതിരിക്കുന്ന മൊബൈൽ ഉപയോഗം പോലുള്ളവ കൊണ്ട് 1,94,000വും മറ്റു കാരണങ്ങൾ കൊണ്ട് 1,85,000 അപകടങ്ങളും റിപ്പോർട്ട് ചെയ്തതായും അതോറിറ്റി റിപ്പോർട്ട് പറയുന്നു. എന്നാൽ ഗുരുതര അപകടങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് വലിയ കുറവ് രേഖപ്പെടുത്തി. ഇത്തരം അപകടങ്ങൾ 55 ശതമാനം തോതിൽ കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.