റോഡപകട മരണങ്ങൾ പകുതിയായി കുറഞ്ഞു -ട്രാഫിക് വകുപ്പ്
text_fieldsറിയാദ്: ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ് പറഞ്ഞു. അപകടങ്ങൾ ആവർത്തിച്ച് സംഭവിക്കുന്ന സ്ഥലങ്ങൾ നിരീക്ഷിക്കുകയും അവയെ ‘ബ്ലാക്ക് സ്പോട്ടുകൾ’ എന്ന് തരംതിരിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ പങ്കാളിത്തത്തോടെ ആവശ്യമായ നിയന്ത്രണ നടപടികളും എൻജിനീയറിങ് പരിഹാരങ്ങളും ചെയ്തുകൊണ്ടാണ് അത്യാഹിതങ്ങൾ പകുതിയായി കുറക്കാൻ കഴിയുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചേർന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അപകടകരമായ സ്ഥലങ്ങളിൽ യന്ത്ര സഹായത്തോടെയുള്ള മുഴുവൻ സമയ നിരീക്ഷണം, കാൽനട യാത്രക്ക് പ്രത്യേക സംവിധാനം, മൊബൈൽ സുരക്ഷാ പട്രോളിങ്ങുകളുടെ ശക്തമായ ഫീൽഡ് സുരക്ഷ സാന്നിധ്യം, അടിയന്തിര നമ്പറുകളിലേക്ക് 24 മണിക്കൂറും ഇൻകമിങ് കാളുകൾ സ്വീകരിക്കൽ എന്നിവ പോലുള്ള നിയന്ത്രണ പരിഹാരങ്ങൾ സജീവമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും അപകടങ്ങളുണ്ടായാൽ 10 മിനിറ്റിനുള്ളിൽ പ്രതികരിക്കുന്ന അടിയന്തര രക്ഷാസംവിധാനങ്ങൾ ഒരുക്കിയതും അപകട മരണങ്ങൾ കുറക്കാൻ സഹായിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള റോഡുകളിൽ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയതും ട്രാഫിക് അപകടങ്ങളെ നേരിടാൻ ട്രാഫിക് വകുപ്പ് ഫീൽഡ് പ്ലാനുകൾ വികസിപ്പിച്ചെടുത്തതും ഇതിന് ഗുണകരമായി ഭവിച്ചു.
ഡ്രൈവിങ് സ്കൂളുകളിൽ വിദ്യാഭ്യാസപരവും പരിശീലനപരവുമായ കഴിവുകൾ പ്രയോഗിച്ചും പാഠ്യപദ്ധതികളും അധ്യാപന രീതികളും കാലാനുസൃതമായി അപ്ഡേറ്റ് ചെയ്തും വാഹന ഡ്രൈവിങ് സംവിധാനത്തിന്റെ നിലവാരം ഉയർത്തിയത് ട്രാഫിക് അപകട മരണങ്ങൾ കുറക്കാനും ട്രാഫിക് സുരക്ഷാ നിരക്ക് ഉയർത്താനും സഹായിച്ചുവെന്നും ട്രാഫിക് അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.