നിർമാണാവശ്യങ്ങൾക്ക് റോബോട്ട്; ആഗോള കമ്പനികളുമായി സഖ്യമുണ്ടാക്കി നിയോം
text_fieldsറിയാദ്: കെട്ടിടങ്ങൾ ഉൾപ്പെടെ വിവിധ നിർമാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന റോബോട്ടുകൾ വികസിപ്പിക്കാൻ 130 കോടി റിയാൽ മുടക്കി സാംസങ് സി ആൻഡ് ടിയുമായി സംയുക്ത സംരംഭത്തിനുള്ള കരാറിൽ നിയോം ഒപ്പിട്ടു. രാജ്യത്തെ കെട്ടിട നിർമാണ ജോലികൾക്ക് ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ് ഈ കരാർ. നൂതന റോബോട്ടിക് വെൽഡിങ്, ജോയിന്റ് ടെക്നിക്കുകൾ എന്നിവയിലൂടെ നിർമാണത്തിൽ ഉപയോഗിക്കുന്ന സ്റ്റീൽ റൈൻഫോഴ്സ്മെൻറ് ഘടനകളുടെ എല്ലാ അസംബ്ലി പ്രക്രിയകളും ഓട്ടോമേറ്റ് ചെയ്യാനാണ് സംയുക്ത പദ്ധതി ലക്ഷ്യമിടുന്നത്.
വലിയ പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീൽ ഘടനകൾ ഉണ്ടാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്നതിലൂടെ എളുപ്പത്തിൽ കഴിയും. ഈ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ നിർമാണത്തിന് മൊത്തം ആവശ്യമായി വരുന്ന ജോലി സമയം 80 ശതമാനം വരെ കുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷയും ഗുണനിലവാരവും വർധിപ്പിക്കുന്നതിനും മെറ്റീരിയൽ മാലിന്യങ്ങൾ കുറക്കുന്നതിനും ബലപ്പെടുത്തൽ ഘടനകൾ കൂട്ടിച്ചേർക്കുന്നതിനുമുള്ള ചെലവ് 40 ശതമാനം വരെ കുറക്കുന്നതിനും പുറമെയാണിത്.
സുസ്ഥിരത നിയോമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണെന്നും എല്ലാ നിർമാണ പ്രവർത്തനങ്ങളിലും വികസന രീതികളിലും ഇത് മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും നിയോം ഇൻവെസ്റ്റ്മെൻറ് ഫണ്ട് സി.ഇ.ഒ മജീദ് മുഫ്തി പറഞ്ഞു. റോബോട്ടുകൾ ഉപയോഗിച്ച് വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ കെട്ടിടനിർമാണ മേഖലയിൽ സാങ്കേതിക വിദ്യയുടെ പുതുയുഗപ്പിറവിയാണ് സംഭവിക്കുന്നത്.
നിയോമിൽ കെട്ടിടങ്ങൾ ഉൾപ്പെടെ വിവിധ നിർമാണങ്ങൾക്ക് ആവശ്യമായ ഉരുക്ക് ‘റിബാറു’കൾ ഉൽപാദിപ്പിക്കുന്നതിനുള്ള ഫാക്ടറികൾ സ്ഥാപിക്കലും കരാറിന്റെ ഭാഗമാണ്. ‘ദി ലൈൻ’ നഗരത്തിന്റെയും നിയോമിലെ മറ്റ് പ്രധാന പദ്ധതികളുടെയും നിർമാണപ്രവൃത്തികൾക്കാവശ്യമായ റിബാറുകൾ ഉൽപാദിപ്പിക്കുന്നതിനാണിത്. ഉയർന്ന വൈദഗ്ധ്യമുള്ള ആളുകൾക്ക് ഉപയോഗപ്പെടുംവിധം 2000ത്തിലധികം തൊഴിലവസരങ്ങൾ ഇത് പ്രദാനം ചെയ്യുമെന്നും സി.ഇ. ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.