റോം അന്താരാഷ്ട്ര സമ്മേളനം; പങ്കെടുത്ത് സൗദിയും യു.എ.ഇയും
text_fieldsറിയാദ്: കുടിയേറ്റ പ്രതിസന്ധിയും ലോകരാജ്യങ്ങൾക്കു മുന്നിൽ അതുയർത്തുന്ന പ്രശ്നങ്ങളും ചർച്ചചെയ്യാൻ ഇറ്റലിയിലെ റോമിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ജി.സി.സി അംഗരാജ്യങ്ങളായ സൗദി അറേബ്യയുടെയും യു.എ.ഇയുടെയും സജീവ പങ്കാളിത്തം. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദാണ് സൗദി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയതെങ്കിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാൻ നേരിട്ടുതന്നെ സമ്മേളനത്തിൽ പങ്കെടുത്തു. അനധികൃത കുടിയേറ്റത്തിന്റെ അപകടങ്ങളെയും ചൂഷണത്തിന്റെ വിവിധ രൂപങ്ങളെയും കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ട് സൗദി അറേബ്യ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളും പദ്ധതികളും ആഭ്യന്തരമന്ത്രി സമ്മേളനത്തിൽ വിശദീകരിച്ചു.
സമ്മേളനം സംഘടിപ്പിക്കുന്നതിന് മുൻകൈയെടുത്ത ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയയെ അദ്ദേഹം അഭിനന്ദിച്ചു. ക്രമരഹിതമായ കുടിയേറ്റത്തിന് പിന്നിലെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വശങ്ങളെയും അഭിസംബോധന ചെയ്യുന്ന ഏതു നീക്കങ്ങളെയും സൗദി സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി അത്തരം നീക്കങ്ങളോട് ഐക്യപ്പെടാനും സഹകരണം ഉറപ്പുവരുത്താനും അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
ചൂഷണം, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാനും സംഘടിത കുറ്റകൃത്യ ശൃംഖലകൾ സൃഷ്ടിക്കുന്ന അപകടങ്ങൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.ക്രമരഹിതമായ കുടിയേറ്റം ബാധിച്ച രാജ്യങ്ങളിലെ വികസന പദ്ധതികളെ പിന്തുണക്കുന്നതിനായി 10 കോടി ഡോളറിന്റെ സഹായം സമ്മേളനത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാൻ വാഗ്ദാനം ചെയ്തു. അനധികൃത കുടിയേറ്റത്തിന്റെ തീവ്രത കുറക്കാനും ആളുകൾ സ്വദേശംവിട്ട് ഇതര നാടുകളിലെത്താൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെ നേരിടാനുമുള്ള നടപടികൾ സമ്മേളനം ചർച്ചചെയ്തു. കള്ളക്കടത്ത് തടയുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും ദരിദ്രരാജ്യങ്ങളുടെ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും പുനരുപയോഗ ഊർജം പോലുള്ള മേഖലകളിലെ സഹകരണം ശക്തമാക്കാൻ ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം നടപടികൾ സ്വീകരിക്കാൻ സമ്മേളനത്തിൽ ധാരണയായി.
കുടിയേറ്റം ഒരു അനിവാര്യതയാണെന്ന് പറഞ്ഞ ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനി എന്നാൽ അനധികൃത കുടിയേറ്റം നമ്മെ ഓരോരുത്തരെയും ദ്രോഹിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഏറ്റവും ദുർബലരായവരുടെ ചെലവിൽ ചിലർ സമ്പന്നരാകുകയും സർക്കാറുകൾക്കെതിരെ പോലും തങ്ങളുടെ ശക്തി ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ക്രിമിനൽ ഗ്രൂപ്പുകൾക്കല്ലാതെ ആർക്കും ഇതിൽനിന്ന് പ്രയോജനം ലഭിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടക്കാൻ യു.എ.ഇ പ്രഖ്യാപിച്ച 10 കോടി ഡോളറിന്റെ സഹായത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 20ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.