സന്ദർശകരെ ആകർഷിച്ച് ത്വാഇഫിൽ റോസ്മേള
text_fieldsത്വാഇഫ്: കഴിഞ്ഞ മാസം 21ന് ആരംഭിച്ച ത്വാഇഫിലെ 18ാമത് റോസാപ്പൂമേള കാണാൻ സന്ദർശകരുടെ തിരക്ക്. സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന പൂക്കളുടെ വിളവെടുപ്പുകാലത്ത് നടക്കുന്ന റോസാപ്പൂ മേളയോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് ത്വാഇഫ് നഗരിയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള പൈതൃക ചരിത്ര പ്രദേശങ്ങളിലും സന്ദർശകരുടെ നല്ല സാന്നിധ്യമാണ് പ്രകടമാകുന്നത്. മേളയോടനുബന്ധിച്ച് നഗരിയുടെ വിവിധ ഭാഗങ്ങളിലുള്ള പൗരാണിക കൊട്ടാരങ്ങളും പൈതൃക കേന്ദ്രങ്ങളും വർണാഭമായ നിറങ്ങളുടെ അകമ്പടിയോടെ ‘ലൈറ്റ് ആൻഡ് സൗണ്ട്ഷോ’ ഒരുക്കിയാണ് സന്ദർശകരെ വരവേൽക്കുന്നത്. ത്വാഇഫ് ഗവർണറേറ്റിലെ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയും ‘ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമി’ന്റെ പിന്തുണയോടെയുമാണ് സാംസ്കാരിക മന്ത്രാലയം മേള മനോഹരമാക്കുന്നത്.
രാജ്യത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് സന്ദർശകരും സഞ്ചാരികളും, പ്രദേശത്തെ കർഷകരുടെ പാരമ്പര്യ ഉത്സവം കൂടിയായ മേള വമ്പിച്ച ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന്റെ സാമ്പത്തിക സഹായിയാക്കി മാറ്റുന്നതിനുള്ള വൈവിധ്യമാർന്ന പദ്ധതികളും അധികൃതർ ഒരുക്കുന്നുണ്ട്. വിവിധ സാംസ്കാരിക കലാപരിപാടികളും ഫുഡ് ഫെസ്റ്റിവലും കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികളും മേളയോടനുബന്ധിച്ച് നടന്നു. 300 വർഷത്തിലേറെ പഴക്കമുള്ള ചരിത്ര കൊട്ടാരങ്ങളും പഴമയുടെ പെരുമ വിളിച്ചോതുന്ന പൈതൃക ശേഷിപ്പുകളും സന്ദർശകർക്ക് വിസ്മയ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഹിജാസ് രൂപകല്പനയെ അടിസ്ഥാനമാക്കി തടികളിൽ തീർത്ത പൗരാണിക ശില്പ കലയും ഗ്രാനൈറ്റ് കല്ല്, നിറമുള്ള ഗ്ലാസ് എന്നിവ ഉപയോഗിച്ചുള്ള അതിമനോഹരമായ വാസ്തുവിദ്യാ വൈദഗ്ധ്യമുള്ള ത്വാഇഫിലെ ‘അൽ കാകി’ കൊട്ടാരം സന്ദർശകരെ ആവോളം ആകർഷിക്കുന്നു. പാരമ്പര്യ മികവിൽ പ്രതിഫലിക്കുന്ന ഗവർണറേറ്റിന്റെ അന്നത്തെ സാമ്പത്തിക നില തെളിയിക്കുന്ന പൈതൃക കൊട്ടാരങ്ങൾ ത്വാഇഫ് സന്ദർശകർക്ക് വിസ്മയക്കാഴ്ചയാണ് നൽകുന്നത്.
അൽ കതേബ്, ജബ്ര, അൽ സബ്ബാൻ, അൽ ബുഖാരി, അൽ ദഹ്ലാവി, അൽ ഖമാ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന നിരവധി കൊട്ടാരങ്ങൾക്ക് ത്വാഇഫ് പ്രശസ്തമാണ്. അവയെല്ലാം വ്യത്യസ്തമായ സൗന്ദര്യാത്മക അനുഭവമാണ് സഞ്ചാരികൾക്ക് പകർന്നുനൽകുന്നത്. മൂന്ന് നിലകളിലായി 40 മുറികളും 10 കുളിമുറികളും ആറ് അടുക്കളകളുമുള്ള അൽ കാകി കൊട്ടാരം ഹിജ്റ 1358 ൽ പണികഴിപ്പിച്ചതാണ്. കൊട്ടാരത്തിനുചുറ്റും പൂന്തോട്ടങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾ, റോസാപ്പൂക്കൾ എന്നിവയാൽ ചുറ്റപ്പെട്ട വലിയ ഇന്റീരിയർ യാർഡുകളുണ്ട്. കൊട്ടാരത്തിന് ശുദ്ധജലം നൽകിയിരുന്ന ഒരു കിണറും ഇവിടെയുണ്ട്. മേയ് അഞ്ചുവരെ തുടരുന്ന റോസ് മേളയും ത്വാഇഫിലെ പൈതൃക സ്ഥലങ്ങളും കാണാൻ വരും ദിവസങ്ങളിലും നല്ല തിരക്ക് പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.