റോസ് മേള: ത്വാഇഫിൽ സന്ദർശക പ്രവാഹം; പൈതൃക ചരിത്ര കേന്ദ്രങ്ങളിലും തിരക്കേറി
text_fieldsത്വാഇഫ്: ചൊവ്വാഴ്ച ആരംഭിച്ച 19ാ മത് ത്വാഇഫ് റോസാപ്പൂമേളയിൽ സന്ദർശകരുടെ തിരക്ക്. സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന പൂക്കളുടെ വിളവെടുപ്പുകാലത്തെ റോസാപ്പൂ മേളയോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്. പ്രദേശത്തിന്റെ സമ്പന്നമായ പുഷ്പ പൈതൃകത്തെ ഉയർത്തിക്കാട്ടി ത്വാഇഫിലെ അൽ റദ്ദാഫ് പാർക്കിലാണ് വർണാഭമായ മേള നടക്കുന്നത്. ത്വാഇഫ് റോസ് കോഓപറേറ്റിവ് സൊസൈറ്റിയും ത്വാഇഫ് മുനിസിപ്പാലിറ്റിയുമാണ് മേളയുടെ സംഘാടകർ. ദശലക്ഷത്തിലധികം പൂക്കളുള്ള പരവതാനിയാണ് ഈ വർഷത്തെയും മേളയിൽ മുഖ്യ ആകർഷകം. മേള നടക്കുന്ന പാർക്കിന്റെ മധ്യഭാഗത്ത് നഗരസഭ ഒരുക്കിയ പൂക്കളം സന്ദർശകർക്ക് വിസ്മയിപ്പിക്കുന്ന ദൃശ്യമൊരുക്കുന്നു.
5,206 ചതുരശ്ര മീറ്റർ വിസ്തീർണത്തിലിത് ഒരു ദശലക്ഷത്തിലധികം പൂക്കളും റോസ് തൈകളും ഉപയോഗിച്ചാണ് നിർമിച്ചത്. മേളയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയാണിത്. രാജ്യത്തെയും പുറത്തുമുള്ള ആയിരക്കണക്കിനു സന്ദർശകരും സഞ്ചാരികളും പ്രദേശത്തെ കർഷകരുടെ പാരമ്പര്യ ഉത്സവംകൂടിയായ മേളയെ വമ്പിച്ച ആവേശത്തോടെയാണ് വരവേൽക്കുന്നത്. സൗദിയുടെ സുസ്ഥിര വികസനത്തിന്റെ സാമ്പത്തിക സഹായിയാക്കി മാറ്റുന്നതിനുള്ള വൈവിധ്യമാർന്ന പദ്ധതികളും മേളയിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നു.
മേളയോടനുബന്ധിച്ച് ലൈറ്റ് ഷോ, റോസാപ്പൂ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും, ഭക്ഷ്യമേള, കുട്ടികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പ്രദേശവാസികളുടെയും ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളുടെയും ശ്രദ്ധേയമായ പങ്കാളിത്തമാണ് മേളയിലുള്ളത്. പ്രദേശത്തെ കർഷകർക്കും കച്ചവടക്കാർക്കും അവരുടെ വിഭവങ്ങൾ വിപണനം ചെയ്യാൻ കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ട്. പരിപാടിയോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള പൈതൃക ചരിത്ര പ്രദേശങ്ങളിലും സന്ദർശകരുടെ നല്ല സാന്നിധ്യമാണ് പ്രകടമാകുന്നത്.
300 വർഷത്തിലേറെ പഴക്കമുള്ള ചരിത്ര കൊട്ടാരങ്ങളും പഴമയുടെ പെരുമ വിളിച്ചോതുന്ന പൈതൃക ശേഷിപ്പുകളും സന്ദർശകർക്ക് വിസ്മയ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഹിജാസ് രൂപകൽപനയെ അടിസ്ഥാനമാക്കി തടികളിൽ തീർത്ത പൗരാണിക ശിൽപ കലയും, ഗ്രാനൈറ്റ് കല്ല്, നിറമുള്ള ഗ്ലാസ് എന്നിവ ഉപയോഗിച്ചുള്ള അതിമനോഹരമായ വാസ്തുവിദ്യാ വൈദഗ്ധ്യമുള്ള ത്വാഇഫിലെ 'അൽ കാകി' കൊട്ടാരം സന്ദർശകരെ ആവോളം ആകർഷിക്കുന്നു. പാരമ്പര്യ മികവിൽ പ്രതിഫലിക്കുന്ന ഗവർണറേറ്റിന്റെ അന്നത്തെ സാമ്പത്തികനില തെളിയിക്കുന്ന പൈതൃക കൊട്ടാരങ്ങൾ ത്വാഇഫ് സന്ദർശകർക്ക് വിസ്മയക്കാഴ്ചയാണ് നൽകുന്നത്.
അൽ കതേബ്, ജബ്ര, അൽ സബ്ബാൻ, അൽ ബുഖാരി, അൽ ദഹ്ലാവി, അൽ ഖമാ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന നിരവധി കൊട്ടാരങ്ങൾക്ക് ത്വാഇഫ് പ്രശസ്തമാണ്. അവയെല്ലാം വ്യത്യസ്തമായ സൗന്ദര്യാത്മക അനുഭവമാണ് സഞ്ചാരി കൾക്ക് പകർന്നു നൽകുന്നത്. റോസ് മേളയും ത്വാഇഫിലെ പൈതൃക സ്ഥലങ്ങളും കാണാൻ വരും ദിവസങ്ങളിലും നല്ല തിരക്ക് പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.