സന്ദർശകരെ ആകർഷിച്ച് ത്വാഇഫിലെ റോസാപ്പൂത്തോട്ടങ്ങൾ
text_fieldsയാംബു: സൗദിയിലെ റോസാപ്പൂക്കളുടെ നഗരമായ ത്വാഇഫിലെ പനനീർ തോട്ടങ്ങൾ വർണാഭമായ കാഴ്ചകളുമായി സന്ദർശകരെ ആകർഷിക്കുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ത്വാഇഫിലെ റോസാപ്പൂക്കളുടെ വസന്തകാലം. ഈ സമയത്താണ് റോസാപ്പൂക്കളുടെ വർണാഭമായ ഫെസ്റ്റിവലും അപൂർവമായ കാഴ്ചകളും ആസ്വദിക്കാൻ ത്വാഇഫിലേക്ക് സന്ദർശകർ ധാരാളമായി എത്തുന്നത്. പനിനീർ പൂക്കളുടെ സൗരഭ്യവും വേറിട്ട ദൃശ്യങ്ങളും പ്രകൃതിയുടെ മനോഹാരിതയും ആവോളം നുകർന്നാണ് സഞ്ചാരികൾ ഇവിടെ നിന്ന് മടങ്ങാറുള്ളത്.
വസന്തത്തിെൻറ തുടക്കത്തിലാണ് റോസാതൈകൾ നടുന്നത്. ചെടികൾ വെട്ടിയൊതുക്കുകയും ബലം കുറഞ്ഞതും ഉണങ്ങിയതുമായ കൊമ്പുകൾ മുറിക്കുകയും വേണം. ദിവസവും അഞ്ചു മുതൽ ആറു മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നന്നായി ജലസേചനം നടത്തിയാണ് മികച്ച ഫലം കൊയ്യുന്നത്. വസന്തകാലമായാൽ താഇഫ് നഗരം പിങ്ക് വർണമണിയും.
850തോളം റോസാപ്പൂത്തോട്ടങ്ങളുണ്ട് ത്വാഇഫിൽ. മാർച്ച് മാസത്തിലെ ആദ്യ പത്തു ദിവസങ്ങളിലാണ് പനിനീർപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. തുടർന്ന് അഞ്ചു മുതൽ ഏഴ് ആഴ്ചവരെ വിളവെടുപ്പ് തുടരും. സീസൺ തുടങ്ങുന്നതിലെ വ്യത്യാസം അനുസരിച്ച് ഓരോ വർഷവും പത്തുമുതൽ പതിനഞ്ചു ദിവസം വരെ വിളവെടുപ്പിനു കാലതാമസം വരാറുണ്ട്. പകൽസമയത്തെ ചൂട് പനിനീർ തൈലം ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ എണ്ണയെ നശിപ്പിക്കുന്നതുകൊണ്ട് കർഷകർ അതിരാവിലെയാണ് പനിനീർപ്പൂക്കൾ വിളവെടുക്കുന്നത്.
റോസാപ്പൂക്കൾ കൃഷി ചെയ്യാനും പൂക്കളിൽനിന്ന് വിവിധ ഉൽപന്നങ്ങൾ നിർമിക്കാനും ധാരാളം പേർ സീസണിൽ ഇവിടെയെത്തും. റോസാപ്പൂക്കളിൽനിന്ന് വ്യത്യസ്ത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് നഗരിയുടെ വിവിധ ഭാഗങ്ങളിൽ ധാരാളം ഫാക്ടറികളുണ്ട്.സ്വദേശികളുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് റോസാപ്പൂ കാർഷിക വ്യവസായ മേഖലയിൽ ത്വാഇഫിൽ പ്രവർത്തിക്കുന്നത്. വേറിട്ട ഭൂപ്രകൃതിയും മിതമായ കാലാവസ്ഥയും കുന്നിൻ പ്രദേശങ്ങളും റോസാപ്പൂ കൃഷിക്ക് ഇവിടെ നൂറുമേനി ഫലം കൊയ്യാൻ കളമൊരുക്കുന്നു.
പനിനീർ പൂക്കൾക്ക് പുറമെ ആപ്രിക്കോട്ട്, പീച്ച്, മാതളനാരങ്ങ, അത്തിപ്പഴം, പ്ലംസ് തുടങ്ങി ഇരുപതോളം പഴങ്ങളും നഗരിയുടെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.വിവിധ തോട്ടങ്ങളിലെ വേറിട്ട കൃഷിരീതികളും സംവിധാനങ്ങളും സന്ദർശകർക്ക് അവാച്യമായ അനുഭൂതിയാണ് പകർന്നുനൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.