നിർമാണം പ്രഖ്യാപിച്ച് റോഷൻ ഗ്രൂപ്; റിയാദിൽ വീണ്ടുമൊരു അന്താരാഷ്ട്ര സ്റ്റേഡിയം
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരത്തിൽ മറ്റൊരു അന്താരാഷ്ട്ര സ്റ്റേഡിയം കൂടി നിർമിക്കുന്നു. റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറായാണ് അന്താരാഷ്ട്ര നിലവാരത്തിലെ ഐക്കണിക് സ്റ്റേഡിയം നിർമിക്കുന്നത്. സൗദി റോഷൻ ഗ്രൂപ്പാണ് നിർമാണം പ്രഖ്യാപിച്ചിരിക്കുന്നത്. 4,50,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സ്റ്റേഡിയത്തിൽ 45,000 കാണികളെ ഉൾക്കൊള്ളിക്കാം.
വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തതാണ് സ്റ്റേഡിയം. ഷോപ്പുകളും റെസ്റ്റാറന്റുകളും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും സ്റ്റേഡിയം കോംപ്ലക്സിനുള്ളിൽ ഉണ്ടാവും.
മധ്യഭാഗത്താണ് പ്രധാന സ്റ്റേഡിയം. മേൽക്കൂര തുറന്നതും പരസ്പരബന്ധിതവുമായ രൂപകൽപനയിൽ പദ്ധതിക്ക് കീഴിലെ വിവിധ സ്ഥാപനങ്ങളെ തടസ്സമില്ലാത്ത രീതിയിൽ ബന്ധിപ്പിക്കുന്നു.
പദ്ധതി റിയാദിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്ന് റോഷൻ ഗ്രൂപ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തിളങ്ങുന്ന ക്രിസ്റ്റൽ ഡിസൈനാണ് റോഷൻ സ്റ്റേഡിയത്തെ വ്യത്യസ്തമാക്കുന്നത്. സ്റ്റേഡിയത്തിനു ചുറ്റുമുള്ള പ്രദേശത്തിന്റെ ആകാശത്തിന് മനോഹാരികത നൽകാൻ അതിന്റെ അരികുകളുടെ രൂപകൽപന ഉയർന്ന നിലയിലാണ്.
സൗദിയുടെ മധ്യമേഖലയിലെ നഗരഘടനയും വാസ്തുവിദ്യാ സവിശേഷതകളും പ്രതിഫലിപ്പിക്കുന്നതാണ് ഡിസൈൻ. വിനോദ, സാംസ്കാരിക, സാമൂഹിക പരിപാടികൾക്കു പുറമേ ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങൾക്കും അനുസൃതമായ രീതിയിലാണ് സ്റ്റേഡിയം രൂപകൽപന ചെയ്തിരിക്കുന്നത്. സൗരോർജം പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തും.
പകൽ സമയങ്ങളിൽ സ്റ്റേഡിയത്തിലേക്കുള്ള സൂര്യപ്രകാശത്തിന്റെ പ്രവേശനം നിയന്ത്രിക്കുന്നതിനൊപ്പം വായുസഞ്ചാരം വർധിപ്പിക്കുന്നതിനും മതിയായ വെന്റിലേഷൻ ഉറപ്പാക്കുന്നതിനും സഹായിക്കുന്നതാണ് മേൽക്കൂരയുടെ രൂപകൽപ്പനയെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഒരു മൾട്ടി-അസറ്റ് റിയൽ എസ്റ്റേറ്റ് ഡെവലപ്പറായി മാറാനുള്ള റോഷൻ ഗ്രൂപ്പിന്റെ തന്ത്രപരമായ സമീപനം ഈ പദ്ധതി ഉൾക്കൊള്ളുന്നുവെന്ന് സി.ഇ.ഒ ഖാലിദ് ജൗഹർ പറഞ്ഞു. റിയാദ് നഗരവാസികൾക്ക് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്ന ഈ അഭിലാഷ പദ്ധതി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ താൽപര്യം ഇത് വർധിപ്പിക്കുന്നുവെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.