റോയൽ റിഫ മെഗാ കപ്പ് സീസൺ ത്രീ; ഇന്ന് ക്വാർട്ടർ ഫൈനൽ, പോരാട്ടം തീപാറും
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിക്കുന്ന റോയൽ റിഫ മെഗാ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ വൈകീട്ട് 6.30നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
സെവൻസ് ഫുട്ബാളിന്റെ സൗന്ദര്യവും വീറും വാശിയുമൊക്കെ വാനോളം ഉയരുന്ന മത്സരങ്ങൾ കാണാൻ നൂറുകണക്കിന് കാൽപന്ത് പ്രേമികളാണ് എത്തിച്ചേരുക.
പ്രവാസികളുടെ ചരിത്രത്തോളം പഴക്കമുണ്ട് അവരുടെ ഫുട്ബാൾ കമ്പത്തിനും. 80കളിൽ ഒറ്റപ്പെട്ട ക്ലബുകളിൽ നാന്ദി കുറിച്ച കളിക്കൂട്ടായ്മകൾ ഇന്ന് 41 ടീമുകളായി ‘റിഫ’യുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുവത്വ സഹജമായ ഉത്സാഹവും ഫുട്ബാൾ തൽപരരായ പഴയകാല താരങ്ങളും കളിയെ പ്രോത്സാഹിപ്പിക്കുന്ന പ്രായോജകരുമാണ് ഈ കുതിപ്പിന് പിന്നിൽ. ഒപ്പം ഓരോ ടീമിനും പിന്തുണയും പ്രചോദനവുമായി ആവേശം വാരിവിതറുന്ന കാണികളും.
രണ്ടുനാൾ നീണ്ട പ്രീക്വാർട്ടറിൽ എ, സി ഗ്രൂപ്പുകളിലെ വിജയികളായ യൂത്ത് ഇന്ത്യ ഇലവൻ, സ്പോർട്ടിങ് എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്, റോയൽ അസീസിയ സോക്കർ, റെയിൻബോ എഫ്.സി, റിയാദ് ബ്ലാസ്റ്റേഴ്സ്, പ്രവാസി സോക്കർ സ്പോർട്ടിങ്, ബ്ലാക്ക് ആൻഡ് വൈറ്റ് എന്നീ എട്ട് ടീമുകളും ബി, ഡി ഗ്രൂപ്പുകളിൽ വിജയം വരിച്ച മൻസൂർ അറേബ്യ, റിയൽ കേരള എഫ്.സി, സനാഇയ്യ പ്രവാസി എഫ്.സി, റോയൽ ഫോക്കസ് ലൈൻ, റീകൊ എഫ്.സി, ഒബയാർ എഫ്.എഫ്.സി, കേരള ഇലവൻ, ലാന്റേൺ എഫ്.സി എന്നീ ടീമുകളുമാണ് സെമി ഫൈനൽ ബെർത്തിനു വേണ്ടി കൊമ്പുകോർക്കുക.
കടുത്ത പോരാട്ടത്തിൽ മുന്നോട്ടുള്ള പ്രയാണം എളുപ്പമാക്കാൻ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി താരങ്ങളും എത്തും. എതിരാളികൾക്കെതിരെ പുതിയ നീക്കങ്ങളും തന്ത്രങ്ങളും പ്രയോഗിക്കാൻ ടീമുകളെ സജ്ജമാക്കിയാണ് ഓരോ ടീമിന്റെയും വരവ്.
രാവേറെ നീളുന്ന പോരാട്ടവീര്യവും കളിയാരവങ്ങളും നേരിൽ കാണാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കായിക പ്രേമികളും കുടുംബങ്ങളും വന്നുചേരും. മുഴുവൻ മത്സരങ്ങളും നിയന്ത്രിക്കുന്നത് റിഫയുടെ കീഴിലുള്ള പ്രഗത്ഭരായ റഫറിമാരുടെ ഒരു പാനലാണ്. ഷരീഫ് പാറക്കൽ, സൽമാൻ ഫാരിസ്, നജീബ്, മാജിദ്, നിയാസ്, നാസിർ എന്നിവരാണ് മുഴുവൻ മത്സരങ്ങളുടെയും വിധികർത്താക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.