മിനയിലെ തമ്പുകളിൽ ഹാജിമാർക്ക് ആശ്വാസവുമായി ആർ.എസ്.സി
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് ചടങ്ങുകൾക്ക് പരിസമാപ്തി കുറിക്കാനിരിക്കെ പ്രധാന കർമങ്ങളിലൊന്നായ കല്ലെറിയൽ ചടങ്ങിനായി ഹാജിമാരുടെ ഒഴുക്ക് തുടരുന്നു. രണ്ടു ദശലക്ഷം ആളുകളാണ് ഇത്തവണ ഹജ്ജിനെത്തിയത്. ഇവർക്കായി ലക്ഷത്തിലധികം തമ്പുകൾ മിനയിലും പരിസരങ്ങളിലുമായി സംവിധാനിച്ചിട്ടുണ്ട്. മിനയിലെ തമ്പുകളിൽ ഹാജിമാർക്ക് സേവനം നൽകുന്നതിനായി ആർ.എസ്.സി വളന്റിയർമാർ സജീവമായി രംഗത്തുണ്ട്. ഹാജിമാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനും ഔദ്യോഗിക സംവിധാനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ആർ.എസ്.സി വളന്റിയർമാരുടെ സേവനം മാതൃകാപരമാണ്.
മിനയിലെയും പരിസരത്തെയും തമ്പുകളിൽനിന്ന് കല്ലെറിയൽ ചടങ്ങിനായി കിലോമീറ്ററുകൾ നടക്കേണ്ടിവരുന്ന ഹാജിമാർ കനത്ത ചൂടിൽ അവശരാകുന്നത് പതിവുകാഴ്ചയാണ്. അത്തരം ഹാജിമാരെ ജംറകളിലേക്കും തിരിച്ച് അവരുടെ താമസസ്ഥലങ്ങളിലേക്കും എത്തിക്കാൻ നിരവധി പോയൻറുകളിൽ വീൽചെയർ സംവിധാനം ആർ.എസ്.സി ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം ഏഴ് കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന മിനയിലെ തമ്പ് ഏരിയകളിൽനിന്നും ജംറ, മസ്ജിദുൽ ഹറാം, മുസ്ദലിഫ, അസീസിയ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള റൂട്ടുകൾ മനസ്സിലാക്കുക ശ്രമകരമാണ്.
ഡയറക്ഷൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭാഷകൾ അറിയാത്തത് വിലങ്ങു തടിയാകാറുണ്ട്. ആർ.എസ്.സിയുടെ പ്രത്യേകം പരിശീലനം നേടിയ വളന്റിയർമാർ നൽകുന്ന സേവനം അത്തരം ഏരിയകളിൽ എത്തിച്ചേരാൻ ഹാജിമാർക്ക് സഹായകമാകുന്നു. വളന്റിയർമാർക്കും ഹാജിമാർക്കും കൃത്യമായ നിർദേശങ്ങളും വിവരങ്ങളും നൽകുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും മിനയുടെ തൊട്ടടുത്തായി സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.