ആർ.എസ്.സി ഹജ്ജ് വളന്റിയർ ക്യാമ്പ്
text_fieldsമക്ക: ഹജ്ജിനെത്തിയ വിശ്വാസി ലക്ഷങ്ങൾക്ക് ആർ.എസ്.സി നൽകുന്ന സേവനപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഏകോപനം സാധ്യമാക്കുന്നതിനും മിനായിൽ വളന്റിയർ ക്യാമ്പും ഓഫിസും ആരംഭിച്ചു.ജീവിതത്തിലെ വലിയ സ്വപ്നപൂർത്തീകരണത്തിന് എത്തുന്ന ഹാജിമാർക്ക് മിനായിലും പരിസരങ്ങളിലും സേവന, സാന്ത്വന പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വളന്റിയർ സംഘമാണ് ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ. ഹാജിമാർക്ക് മിനായിൽ ആവശ്യമായ എല്ലാ സേവനങ്ങളും വളന്റിയർ കോർ അംഗങ്ങൾ ചെയ്യുന്നുണ്ട്. സൗദിയിലെ 19 സോൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ടു ഘട്ടങ്ങളിലായി നടന്ന പ്രത്യേക പരിശീലനം പൂർത്തീകരിച്ച വളന്റിയർമാരാണ് മിനായിലേക്ക് സേവനത്തിനെത്തുന്നത്.
മിനായിൽ 300 പോയൻറുകളിൽ നിരന്തര സേവനം ലഭ്യമാവും. ടെന്റിൽനിന്ന് ജംറയിലേക്കും തിരിച്ചും കാൽനടയായി പോകുന്ന ഹാജിമാർക്ക് ഇലക്ട്രിക് വീൽ ചെയർ സംവിധാനമടക്കം സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വഴിതെറ്റി പ്രയാസപ്പെടുന്ന തീർഥാടകരെ തിരിച്ചു ടെന്റുകളിൽ എത്തിക്കുന്നതിനും ആവശ്യമായ മെഡിക്കൽ സഹായങ്ങൾ ചെയ്തുകൊടുക്കാനും പ്രത്യേക സംഘങ്ങളായി വളൻറിയർ ടീമുകൾ രംഗത്തുണ്ടാവും. ത്വവാഫിന് എത്തുന്ന ഹാജിമാർക്കുവേണ്ടി മക്ക ഹറം പരിസരത്തും സേവനം ഉറപ്പുവരുത്തും.
ആദ്യ ഹാജിമാർ വന്നത് മുതൽ മക്കയിലും മദീനയിലും ജിദ്ദയിലും ആർ.എസ്.സി ഹജ്ജ് വളൻറിയർമാരുടെ സേവനപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദുൽഹജ്ജ് 13 വരെ നീണ്ടുനിൽക്കുന്ന മിനായിലെ സേവനങ്ങൾക്ക് മേൽ നോട്ടം വഹിക്കുകയും വളൻറിയർമാർക്കുള്ള ഭക്ഷണം, വിശ്രമം എന്നിവക്കും വേണ്ടിയാണ് ക്യാമ്പും ഓഫിസ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും ഓഫിസിൽ ഇൻഫർമേഷൻ സെന്റർ പ്രവർത്തനസജ്ജമായിരിക്കും. ഐ.സി.എഫ് മക്ക വെൽഫെയർ സെക്രട്ടറി ജമാൽ മുക്കം ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറിമാരായ നാസർ തച്ചംപൊയിൽ, ശിഹാബ് കുറുക്കത്താണി, ആർ.എസ്.സി മക്ക സോൺ സെക്രട്ടറിമാരായ അൻവർ കൊളപുറം, കബീർ ചൊവ്വ, ഇസ്ഹാഖ് ഖാദിസിയ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.