ആർ.എസ്.സി ജിദ്ദ സിറ്റി, നോർത്ത് സാഹിത്യോത്സവ് നാളെ നടക്കും
text_fieldsജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആർ.എസ്.സി) 13മത് എഡിഷൻ ജിദ്ദ സിറ്റി, നോർത്ത് സോണുകളുടെ പ്രവാസി സാഹിത്യോത്സവ് നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ അൽ സാമിറിലെ വില്ലയിൽ നടക്കുന്ന പരിപാടി രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെ നീണ്ടുനിൽക്കും.
ജിദ്ദയിലെ 12 കേന്ദ്രങ്ങളിൽ നടന്ന സെക്ടർ സാഹിത്യോത്സവ് പ്രതിഭകളാണ് സോൺ സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്. ബവാദി, മഹ്ജർ, ശറഫിയ, സഫ, ബലദ്, റാബഗ്, ബഹ്‌റ തുടങ്ങിയ സെക്ടറുകളിൽ നിന്നായി 350 ലധികം മത്സരാർത്ഥികൾ സംബന്ധിക്കും. പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ എന്നിങ്ങനെ വിഭാഗങ്ങളിലായി വിവിധ ഭാഷ പ്രസംഗങ്ങൾ, മാപ്പിളപ്പാട്ട്, കവിത പാരായണം, രചനാ മത്സരങ്ങൾ, ദഫ്, കാലിഗ്രഫി, ഹൈകു, സ്പോട് മാഗസിൻ തുടങ്ങി 80 ഇനങ്ങളിൽ 12 വേദികളിലായാണ് സാഹിത്യോത്സവ് മത്സരങ്ങൾ നടക്കുക. പെൺകുട്ടികൾക്കും വനിതകൾക്കും പ്രത്യേകം ആയിരിക്കും മത്സരങ്ങൾ. വിജയികൾ നവംബർ 10 ന് മദീനയിൽ വെച്ചു നടക്കുന്ന ദേശീയ സാഹിത്യോത്സവിൽ മാറ്റുരക്കും. സാഹിത്യോത്സവ് മത്സരങ്ങളോടനുബന്ധിച്ച് വൈകീട്ട് നടക്കുന്ന സമാപന സാംസ്കാരിക സംഗമത്തിൽ ജിദ്ദയിൽ വിവിധ സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രതിനിധികൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി സാദിഖ് ചാലിയാർ, ജിദ്ദ നോർത്ത് ചെയർമാൻ സദഖത്തുള്ള മാവൂർ, ജിദ്ദ സിറ്റി സോൺ ചെയർമാൻ ജാബിർ നഈമി, ജിദ്ദ സോൺ സെക്രട്ടറി അസ്ഹർ കാഞ്ഞങ്ങാട്, സംഘാടക സമിതി അംഗം അബ്റാർ ചുള്ളിയോട് എന്നിവർ വാർത്താമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.