തിരക്ക് കുറക്കാൻ ഹറം പരിധിക്കുള്ളിലെ മറ്റ് പള്ളികളിലും നമസ്കരിക്കാൻ നിർദേശം
text_fieldsമക്ക: മസ്ജിദുൽ ഹറാമിലെ തിരക്ക് കുറക്കാൻ ഹറം പരിധിക്കുള്ളിലെ ഏതെങ്കിലും പള്ളിയിൽ നമസ്കാരം നിർവഹിക്കണമെന്ന് മക്കയിലെ ജനങ്ങളോടും നിവാസികളോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. റമദാനിൽ മക്കയിലേക്കുള്ള തീർഥാടകരുടെയും സന്ദർശകരുടെയും തിരക്ക് വർധിച്ച സാഹചര്യത്തിലാണിത്. ഹറമിന്റെ പരിധിയിൽ ഉൾപ്പെടുന്ന പള്ളികളിലെ പ്രാർഥനക്ക് വലിയ പ്രതിഫലമുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു. അതേസമയം ഹറമിലെ തിരക്ക് കുറക്കാൻ ‘മക്ക മുഴുവനും ഹറം ആണ്’ എന്ന തലക്കെട്ടിൽ മക്ക, മശാഇർ റോയൽ കമീഷൻ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.
മക്ക നിവാസികൾക്കും സന്ദർശകർക്കും തീർഥാടകർക്കും ഹറമിന്റെ മഹത്വം മനസ്സിലാക്കാനും അതിന്റെ മഹത്തായ പ്രതിഫലത്തിലേക്കും വെളിച്ചം വീശുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഹറം അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മക്ക നഗരത്തിലെ എല്ലാ പള്ളികളിലും വെച്ചുള്ള പ്രാർഥനക്ക് ഇരട്ടി പ്രതിഫലമുണ്ടെന്നും അതോറിറ്റി സൂചിപ്പിച്ചു. മക്കയിലെത്തുന്ന തീർഥാടകർ അതിൽ മുഴുവനും ആത്മീയത കണ്ടെത്തുന്നു. അത് മസ്ജിദുൽ ഹറാമിൽ മാത്രം ഒതുങ്ങുന്നില്ല. മക്കയുടെ വടക്കുഭാഗത്തേക്ക് അഞ്ച് കിലോമീറ്ററും പടിഞ്ഞാറ് ജിദ്ദ ഗവർണറേറ്റിലേക്ക് 18 കിലോമീറ്ററും തെക്ക് അറഫയുടെ ഭാഗത്തേക്ക് ഹറമിൽനിന്ന് 20 കിലോമീറ്റർ വരെയും മക്കയുടെ കിഴക്ക് പതിനാലര കിലോമീറ്ററും നീണ്ടുകിടക്കുന്നതാണ് ഹറം അതിർത്തി. ആകെ വിസ്തീർണം 560 ചതുരശ്ര കിലോമീറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.