റുഷ്ദിക്കെതിരായ ആക്രമണം ഇസ്ലാം അംഗീകരിക്കുന്നില്ല -മുസ്ലിം വേൾഡ് ലീഗ്
text_fieldsജിദ്ദ: ഏതാനും ദിവസം മുമ്പ് അമേരിക്കയിൽ പ്രസംഗ പരിപാടിക്കിടെ എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിക്കെതിരെ നടന്ന ആക്രമണം ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ-ഇസ്സ പറഞ്ഞു. ഇറ്റാലിയൻ നഗരമായ റിമിനിയിൽ മതാന്തര സംവാദവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഇറ്റാലിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് ചെയർമാൻ കർദ്ദിനാൾ മാറ്റെയോ മരിയ സൂപ്പിയുമായി ദീർഘവും സൗഹൃദപരവുമായ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
'ഇസ്ലാം അക്രമത്തിന് എതിരാണ്, അക്രമത്തിന്റെ ഒരു രീതിയും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എന്തിന്റെ പേരിലായാലും ഏത് അക്രമത്തെയും എതിർക്കുന്ന വ്യക്തമായ വചനങ്ങൾ ഇസ്‌ലാമിലെ പ്രാമാണിക ഗ്രന്ഥങ്ങളിൽ ഉണ്ടെന്നിരിക്കെ, മതപരവും ബൗദ്ധികവുമായ വിഷയങ്ങൾ അക്രമാസക്തമായ രീതികളിൽ ഒരിക്കലും കൈകാര്യം ചെയ്യാൻ കഴിയില്ല. അഭിനിവേശവും സ്നേഹവും മതത്തിലെ കേന്ദ്രഘടകങ്ങളാണ്. ഒരു മതവിശ്വാസി മറ്റുള്ളവരോട് ആശയപരമായി യോജിക്കുന്നില്ലെങ്കിലും എല്ലാവരെയും സ്നേഹിക്കണം. ജീവിതത്തിൽ സ്നേഹവും കാരുണ്യവും ആവശ്യമാണെന്ന് വിശ്വാസിക്കറിയാം. സ്നേഹവും സഹവർത്തിത്വവും സമാധാനവും ഐക്യവുമാണ് ജീവിതം' -അൽഇസ്സ പറഞ്ഞു.
മതാന്തര സംവാദത്തിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'സംവാദം എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കുകയും ഇസ്‌ലാമിക ലോകത്തിനകത്തും പുറത്തുമുള്ള സത്യങ്ങൾ മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കും വ്യക്തമാക്കുകയും ചെയ്യുന്നു. സംഭാഷണം യുക്തിസഹമായ, ജ്ഞാനികളുടെ ഭാഷയാണ്. എല്ലാവരും ഇത് പരിശീലിക്കുകയാണെങ്കിൽ നാമെല്ലാവരും അടുത്തിടപഴകുകയും ഈ സമീപനം മറ്റുള്ളവരുടെ ഭയം അകറ്റുകയും ചെയ്യും. ഓരോരുത്തരും മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാണെങ്കിലും മറ്റൊരാളെക്കുറിച്ച് ഭയപ്പെടാനോ വിഷമിക്കാനോ ഒരു കാരണവുമില്ല. നാമെല്ലാം ഭൂമിയിലെ ജീവിതം പങ്കിടുന്നവരാണ്. എല്ലാവരും പരസ്പരം സംസാരിക്കുകയും മനസ്സിലാക്കുകയും വേണം. ദൈവം ആഗ്രഹിച്ചിരുന്നെങ്കിൽ, അവന് ഒരു വംശീയ വിഭാഗത്തെയോ ഒരു മതത്തെയോ മാത്രം സൃഷ്ടിച്ചാൽ മതിയായിരുന്നു. പക്ഷേ ദൈവം അങ്ങനെ ചെയ്തില്ല. വ്യത്യസ്തരായി ജനിപ്പിച്ചു. ദൈവത്തിന്റെ ജ്ഞാനത്തിൽ നാം വിശ്വസിക്കണം' -അദ്ദേഹം കൂട്ടിച്ചേർത്തു.
'ലോകമെമ്പാടുമുള്ള മുസ്‌ലിംകളും മറ്റെല്ലാ ന്യൂനപക്ഷങ്ങളും അവർ താമസിക്കുന്ന ഭൂമിയിൽ അന്തസ്സോടെ ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ സർക്കാരുകളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും അവരുടെ മതപരവും സാംസ്കാരികവുമായ പ്രത്യേകതകളെയും മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഒരു ന്യൂനപക്ഷവും അവർ മുസ്ലീങ്ങളാണെങ്കിലും അല്ലെങ്കിലും അവരെ വ്രണപ്പെടുത്തുന്നത് ഞങ്ങൾ അംഗീകരിക്കുന്നില്ല. അഭയാർഥികളെ പരിപാലിക്കാൻ എല്ലാ രാജ്യങ്ങളും സന്നദ്ധമാകണം' - അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്റർനാഷനൽ ഇസ്‌ലാമിക് ഹലാൽ ഓർഗനൈസേഷന്റെ പ്രസിഡന്റും സൗദി മുൻ നീതിന്യായ മന്ത്രിയുമാണ് അൽ-ഇസ്സ. എല്ലാ ആളുകൾക്കിടയിലും മിതത്വവും സഹകരണവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ മുഴുവൻ മതനേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും ഒരുപോലെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.