അന്താരാഷ്ട്ര തലത്തിൽ പിടികിട്ടേണ്ട സൗദി പൗരനെ റഷ്യ കൈമാറി - അഴിമതി വിരുദ്ധ അതോറിറ്റി
text_fieldsറിയാദ്: സാമ്പത്തികവും ഭരണപരവുമായ അഴിമതികൾ നടത്തിയതിന് അന്താരാഷ്ട്ര തലത്തിൽ പിടികിട്ടേണ്ട സൗദി പൗരനെ റഷ്യ കൈമാറിയതായി അഴിമതി വിരുദ്ധ അതോറിറ്റി പറഞ്ഞു. വെള്ളിയാഴ്ചയാണ് അബ്ദുല്ല ബിൻ അവദ് അയ്ദ അൽഹാരിതി എന്ന പൗരനെ രാജ്യത്തിന് ലഭിച്ചത്.
അതിർത്തി കടന്നുള്ള അഴിമതി കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ സൗദി അറേബ്യയും റഷ്യയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണിത്. ആവശ്യപ്പെടുന്ന പൗരനെ രാജ്യത്തിന് വിചാരണക്കായി കൈമാറണമെന്ന സൗദി അഴിമതി വിരുദ്ധ അതോറിറ്റിയുടെ ഔദ്യോഗിക അഭ്യർഥനയോടുള്ള റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ ഓഫീസിന്റെ പ്രതികരണം നിയമവാഴ്ചയെ പിന്തുണക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയുടെ സ്ഥിരീകരണമാണ്.
നീതി ഉറപ്പാക്കാനും അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കാനും അതിർത്തി കടന്നുള്ള അഴിമതി കുറ്റകൃത്യങ്ങളെ ചെറുക്കാനും അഴിമതിക്കാരെ രക്ഷപ്പെടുന്നത് തടയാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അതോറിറ്റി പറഞ്ഞു. അഴിമതി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പിന്തുടരുന്നതിലും അവരുടെ സുരക്ഷിത താവളങ്ങൾ കണ്ടെത്തുന്നതിലും ഗ്ലോബൽ നെറ്റ്വർക്കിന്റെയും ഇന്റർപോളിന്റെയും പങ്കിനെ അതോറിറ്റി പ്രശംസിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള അഴിമതി കുറ്റവാളികളെ പിന്തുടരുന്നത് തുടരുകയാണ്. നിയമപരമായി അവരെ വിചാരണ ചെയ്യുന്നതും പൊതു ഖജനാവിലേക്ക് ഫണ്ടുകൾ വീണ്ടെടുക്കുന്നതും തുടരുന്നതായും അതോറിറ്റി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.