റിയാദിലെ റഷ്യൻ-അമേരിക്കൻ പ്രതിനിധിതല ചർച്ച; ലോകസുരക്ഷക്കും സമാധാനത്തിനും വേണ്ടിയെന്ന് സൗദി മന്ത്രിസഭ
text_fieldsകിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം
റിയാദ്: റഷ്യയും അമേരിക്കയും തമ്മിൽ റിയാദിൽ നടക്കുന്ന ചർച്ചകൾ ലോകത്തിന്റെ സുരക്ഷയും സമാധാനവും വർധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് സൗദി മന്ത്രിസഭ.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച റിയാദിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു ശാക്തേയ രാജ്യങ്ങൾ തമ്മിൽ റിയാദിൽ നടക്കുന്ന ചർച്ചകളെ മന്ത്രിസഭ സ്വാഗതംചെയ്തു. ഇരുരാജ്യങ്ങളുടെയും പ്രതിനിധിതല ചർച്ചയാണ് കഴിഞ്ഞദിവസം നടന്നത്. ഇനി രാഷ്ട്രത്തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കുന്നു. ഇതെല്ലാം ലോകത്തിന്റെ സുരക്ഷയിലേക്കും സമാധാനത്തിലേക്കും വാതിൽ തുറക്കുന്ന നടപടികളാണ്.
ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ചർച്ചയുടെയും ഉള്ളടക്കവും റിയാദും വാഷിങ്ടണും തമ്മിലുള്ള ബന്ധത്തിന്റെ അവലോകനവും വിവിധ മേഖലകളിൽ അവ വികസിപ്പിക്കാനുള്ള വഴികളും കൂടാതെ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും സംബന്ധിച്ച് നടത്തിയ ചർച്ചകളും മന്ത്രിസഭയെ അറിയിച്ചു.
റിയാദ് ആതിഥേയത്വം വഹിച്ച നാലാമത് ‘ലീപ് 2025’ സമ്മേളനത്തിന്റെ വിജയവും 14.9 ബില്യൺ ഡോളറിലധികം മൂല്യമുള്ള നിക്ഷേപങ്ങളുടെയും പദ്ധതികളുടെയും ഒരു പരമ്പരയുടെ പ്രഖ്യാപനവും മന്ത്രിസഭ വിലയിരുത്തി. 600 അന്താരാഷ്ട്ര കമ്പനികൾ സൗദിയിൽ മേഖലാ ആസ്ഥാനങ്ങൾ തുറന്നതിനെ യോഗം പ്രശംസിച്ചു. 2000 മെഗാവാട്ട് കപ്പാസിറ്റിയുള്ള ബിഷ വൈദ്യുതി പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ബാറ്ററി എനർജി സ്റ്റോറേജ് മേഖലയിലെ മികച്ച 10 ആഗോളവിപണികളിൽ സൗദി ഒരു പ്രമുഖസ്ഥാനം നേടിയതിനെയും മന്ത്രിസഭ പ്രശംസിച്ചു.
ഫെബ്രുവരി 22ലെ സൗദി ‘സ്ഥാപക ദിനാചരണം’ ഭരണകൂടത്തിന്റെ ചരിത്രത്തിലും അതിന്റെ ഉറച്ച വേരുകളിലും മൂന്ന് നൂറ്റാണ്ടുകളായി വ്യാപിച്ച നാഗരികതയിലും അത് സ്ഥാപിച്ച ഐക്യം, നീതി, തുടർ നിർമാണം, വികസനം എന്നിവയിലും അഭിമാനിക്കാനുള്ള അവസരമാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.