'റുഅ്യ അൽമദീന' നഗരനിർമാണം ആരംഭിച്ചു
text_fieldsമൂന്നു കോടി തീർഥാടകർക്ക് സൗകര്യമൊരുക്കുന്ന പദ്ധതിയെന്ന് കിരീടാവകാശി
ജിദ്ദ: മദീനയിൽ തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി മസ്ജിദുന്നബവിയുടെ കിഴക്കുഭാഗത്ത് 'റുഅ്യ അൽമദീന' (വിഷൻസ് ഓഫ് അൽമദീന) എന്ന പേരിൽ നിർമിക്കുന്ന പ്രത്യേക നഗര പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാസ്റ്റർ പ്ലാനിന്റെ ഉദ്ഘാടനം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നിർവഹിച്ചു. പദ്ധതിയുടെ അടിസ്ഥാന പ്രവർത്തനങ്ങൾക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്. മദീനയിലെ റിയൽ എസ്റ്റേറ്റ് വികസനവുമായി ബന്ധപ്പെട്ട ഈ പദ്ധതി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലാണ്. റുഅ്യ മദീന ഹോൾഡിങ് കമ്പനിയാണ് നടപ്പാക്കുന്നത്.
2030ഓടെ 30 ദശലക്ഷം തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള ശേഷി വർധിപ്പിക്കുന്നതിനുള്ള വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പദ്ധതിയെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും ഇത് നടപ്പാക്കുക. ആധുനിക ഇസ്ലാമിക സാംസ്കാരിക കേന്ദ്രമായ മദീനയിലെത്തുന്ന തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താനുള്ള രാജ്യത്തിന്റെ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതി. മൊത്തം 15 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുക. 2030ഓടെ ഈ നഗരത്തിനകത്ത് നിർമിക്കപ്പെടുന്ന മുഴുവൻ ഹോട്ടലുകളിലുമായി 47,000 റൂമുകൾ ഉണ്ടാവും.
മസ്ജിദുന്നബവിയിലെ സന്ദർശകർക്ക് പ്രവേശനം സുഗമമാക്കുന്നതിന് തുറസ്സായ മുറ്റങ്ങളും ഹരിത പ്രദേശങ്ങളുമുണ്ടാകും. മൊത്തം സ്ഥലത്തിന്റെ 63 ശതമാനം പ്രദേശം തുറസ്സായതും ഹരിതാഭവുമായ ഇടങ്ങളായിരിക്കും. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി രൂപകൽപന ചെയ്ത പദ്ധതിക്കുകീഴിൽ ഒമ്പത് ബസ് സ്റ്റോപ്പുകൾ, ഒരു മെട്രോ ട്രെയിൻ സ്റ്റേഷൻ, സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്കുള്ള ട്രാക്ക്, ഭൂഗർഭ കാർ പാർക്കുകൾ എന്നിവയുൾപ്പെടും. സന്ദർശകരുടെ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പാർപ്പിടവും വാണിജ്യപരവുമായ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും നിരവധി തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും പദ്ധതി സഹായിക്കുമെന്നും കിരീടാവകാശി പറഞ്ഞു. ആധുനിക ഇസ്ലാമിക സാംസ്കാരിക കേന്ദ്രമായ മദീനയിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആധുനിക നഗരാസൂത്രണ സംവിധാനങ്ങൾ, സമഗ്ര വികസന ആശയങ്ങൾ, മികച്ച സേവനങ്ങൾ നൽകുന്ന നൂതന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അവലംബിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇത് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സുഖസൗകര്യങ്ങളും ആഡംബരവും വർധിപ്പിക്കുന്നതിനും സഹായിക്കും. മദീനയിലെ താമസക്കാരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കും. സേവനങ്ങളുടെ നിലവാരം ഉയർത്തും. മസ്ജിദുന്നബവിയുടെ കിഴക്കുള്ള ഹോട്ടൽ ശേഷിയും സേവനങ്ങളുടെ ഗുണനിലവാരവും ഉയർത്തുകയും ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.