ശബരിമല വിമാനത്താവളം കൊടുമൺ എസ്റ്റേറ്റിൽ സ്ഥാപിക്കണം
text_fieldsനിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കൊടുമൺ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണം. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി നിയമക്കുരുക്കിൽ പെട്ടതിനാൽ വിമാനത്താവള പദ്ധതി അനിശ്ചിതത്ത്വത്തിലാകുന്നത് ഒഴിവാക്കാൻ സർക്കാറിന്റെ പൂർണ ഉടമസ്ഥതയിലുള്ള റവന്യൂ ഭൂമിയിലെ കൊടുമൺ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മുഖ്യമന്ത്രി, പത്തനംതിട്ട ജില്ലയിൽനിന്നുള്ള പാർലമെൻറ് അംഗം, ആരോഗ്യ മന്ത്രി, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്ക് നിവേദനം നൽകി പിന്തുണ തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മധ്യതിരുവിതാംകൂറിലെ പ്രവാസി മലയാളികൾ പിന്തുണ തേടി ഗൂഗ്ൾ മീറ്റിൽ യോഗം ചേർന്നിരുന്നു.
ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മക്കും ഒപ്പുശേഖരണത്തിനും പ്രവാസി മലയാളികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് നൽകുന്ന നിവേദനത്തിലെ ഒപ്പുശേഖരണം വിജയിപ്പിക്കാനും സംസ്ഥാന മന്ത്രിമാരെയും എം.പിമാരെയും എം.എൽ.എമാരെയും ബന്ധപ്പെടാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ആക്ഷൻ കൗൺസിൽ കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു.
പ്രവാസി മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് രാജു കല്ലുംപുറം, ബെറ്റ്സൻ (ബഹ്റൈൻ), മനോജ് ചന്ദനപ്പള്ളി, അലി തേക്കുതോട്, വിലാസ് കുറുപ്പ് (സൗദി അറേബ്യ), റെജി ഇടുക്കള, തോമസ് ഡാനിയൽ (മസ്കത്ത്), സോഹൻ ജോർജ്, (ദുബൈ), അജി കുഴിവിള, പോൾ വർഗീസ് (ഷാർജ), സജി മോളെത്ത്, രഞ്ജൻ പി. വർഗീസ് (അബൂദബി), സൈമൺ ചെറിയ, തരകൻ (യു.കെ), ആർ. പത്മകുമാർ, ശ്രീജിത്ത് ഭാനുദേവ്, ജോൺസൺ കുളത്തിങ്കരോട്, ലിസൻ ജോർജ്, ബിനോയ് യോഹന്നാൻ, വിനോദ് വാസുക്കുറുപ്പ്, തുളസീധരൻ, രാജൻ സുലൈമാൻ എന്നിവർ യോഗത്തിൽ സംസാരിച്ചിരുന്നു.
തീർഥാടന ജില്ലയായ പത്തനംതിട്ടയിൽ നിലവിൽ കൊച്ചിയിലെ നെടുമ്പാശ്ശേരി - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽനിന്നും ശബരിമലയിലേക്കുള്ള ദൂരം റോഡ് മാർഗം നാല് മണിക്കൂറിൽ അധികമാണ്. ഇത് പകുതിയിൽ അധികം കുറക്കാൻ കഴിയുമെന്നതാണ് പത്തനംതിട്ടയിൽ എയർപോർട്ട് വന്നാൽ ശബരിമല തീർഥാടകർക്ക് പൊതുവേ ഉണ്ടാകുന്ന ഗുണം.
എരുമേലിയിൽനിന്ന് ശബരിമലയിലേക്കുള്ള ദൂരം ഒരു മണിക്കൂറിനടുത്താണെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിന്റെ ബുദ്ധിമുട്ടും വൻ ബാധ്യതയും കോടതി വ്യവഹാരങ്ങളും ശബരിമല വിമാനത്താവള പദ്ധതി തന്നെ പൂർത്തീകരിക്കാനാകാത്ത അവസ്ഥ വന്നുചേരാം.
ഈ അവസ്ഥയിൽ ഒരു കാരണവശാലും ശബരിമല വിമാനത്താവള പദ്ധതി നഷ്ടപ്പെടാതെ ജില്ലയിൽതന്നെ അടിയന്തരമായി തുടങ്ങാൻ, തർക്കരഹിതവും പരിസ്ഥിതി അനുകൂലവുമായ കൊടുമൺ എസ്റ്റേറ്റ് കൂടി എരുമേലിക്ക് ഒപ്പം ചേർത്ത് പരിസ്ഥിതി പഠനം നടത്തണമെന്നാണ് ആക്ഷൻ കൗൺസിലും പ്രവാസികളും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.