ശബരീനാഥന്റെ അറസ്റ്റ് അപലപനീയം -റിയാദ് ഒ.ഐ.സി.സി
text_fieldsറിയാദ്: യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ തിരക്കുകൂട്ടി ശബരിനാഥനെ അറസ്റ്റ് ചെയ്ത നടപടി സി.പി.എമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. ഭരണകക്ഷിയുടെ കൊള്ളരുതായ്മകൾക്കെതിരെ പ്രതിഷേധിക്കുക എന്നുള്ളത് ജനാധിപത്യ സംവിധാനത്തിൽ സാധാരണമാണ്. മുദ്രാവാക്യം വിളിക്കുക, കരിങ്കൊടി വീശുക സാധാരണ പ്രതിഷേധ മാർഗങ്ങളാണ്. അത്തരത്തിലുള്ള സമരരീതികൾ എല്ലാ രാഷ്ട്രീയപാർട്ടികളും സ്വീകരിച്ചുവരുന്നതാണ്. എന്നാൽ കേരളം ഒരു ഏകാധിപതിയുടെ കീഴിലാണ് എന്ന് തെളിയിക്കുന്നതാണ് ശബരിനാഥന്റെ അറസ്റ്റിലൂടെ മനസ്സിലാവുന്നത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അറസ്റ്റ് ചെയ്യേണ്ട എന്ത് തിടുക്കമാണ് ഈ കേസിലുള്ളതെന്ന് വ്യക്തമാക്കാൻ സർക്കാർ തയാറാകണം. ഈ സർക്കാറിനെതിരെ ശബ്ദിക്കുന്നവർക്കെതിരെ പൊലീസിനെ ഉപയോഗിച്ച് ഇത്ര തരംതാണ പ്രവൃത്തി ചെയ്യിച്ച ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നുള്ളത് കേരളത്തിനു തന്നെ അപമാനമാണ്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച വ്യക്തിക്കെതിരെ വിമാനകമ്പനി നടപടിയെടുത്തപ്പോൾ ഇ.പി. ജയരാജനെതിരെ സർക്കാർ ഇതുവരെ ഒരു നടപടിയും എടുത്തില്ല എന്നത് അങ്ങേയറ്റം ദുരൂഹമാണ്. വിമാനകമ്പനിയുടെ നടപടി സൂചിപ്പിക്കുന്നത് വിമാനത്തിനകത്ത് അക്രമം നടത്തിയത് ഇ.പി. ജയരാജനാണ് എന്നത്. അതുകൊണ്ട് സർക്കാർ ഉടൻ ജയരാജനെതിരെ നടപടിയെടുക്കണമെന്ന് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ശബരിനാഥന്റെ അറസ്റ്റിൽ ജനാധിപത്യ വിശ്വാസികൾ എല്ലാവരും പ്രതിഷേധിക്കണമെന്ന് സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിലൂടെ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.