സബീന എം. സാലിയുടെ ‘ലായം’ നോവൽ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
text_fieldsറിയാദ്/എറണാകുളം: സൗദിയിൽ പ്രവാസിയായ എഴുത്തുകാരി സബീന എം. സാലിയുടെ ‘ലായം’ എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. എറണാകുളം സി. അച്യുതമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുസ്തകം ജില്ലാ സെക്രട്ടറി കെ.എം. ദിനകരന് നൽകി പ്രകാശനം നിർവഹിച്ചു. പുരോഗമനാശയത്തിന്റെ കാതൽ മനുഷ്യത്വമാണെന്നും മനുഷ്യനെ കാണാൻ കഴിയാത്ത രാഷ്ട്രീയം മികച്ചതല്ലെന്നും യഥാർഥ വിശ്വാസിക്ക് ഒരിക്കലും തീവ്രവാദി ആകാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി കരയാൻ പാടില്ല എന്ന് ചിലർ പറയും.
എന്നാൽ വേദനകളിൽ കരയാനും സഹതപിക്കാനും കഴിയുന്നവരായിരിക്കണം കമ്യൂണിസ്റ്റ് നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവകലാസാഹിതിയുടെ ഗാന്ധിജി ജീവിക്കുന്ന രക്തസാക്ഷി എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എം. മുകുന്ദൻ വായിച്ച് പ്രശംസിച്ച ഭാഷയാണ് നോവലിന്റേതെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
സന്ദർഭോചിതമായി വിഷയങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് പോയി ആവിഷ്കരിക്കാൻ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രഫ. ജോർജ് ഐസക് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ, ചവറ എം.എൻ. സ്മാരക ലൈബ്രറി സെക്രട്ടറി സക്കീർ വടക്കുംതല, ജില്ലാ സെക്രട്ടറി കെ.എ. സുധി, സബീന എം. സാലി, നാസർ കൊച്ചി എന്നിവർ സംസാരിച്ചു. ഡിസി ബുക്സ് ആണ് നോവലിെൻറ പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.