കുങ്കുമപ്പൂവ് ഉൽപാദനം പ്രാദേശികവത്കരിച്ചു
text_fieldsറിയാദ്: സൗദിയിൽ കുങ്കുമപ്പൂവ് ഉൽപാദനം പ്രാദേശികവത്കരിക്കാനും ഇരട്ടിയാക്കാനും പദ്ധതി. കുങ്കുമപ്പൂവ് സാമ്പത്തികമായി ഏറെ പ്രതീക്ഷ നൽകുന്ന വിളയെന്ന നിലയിൽ ദേശീയ സുസ്ഥിര കാർഷിക ഗവേഷണ വികസനകേന്ദ്രമാണ് ഇതിനുള്ള പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേശീയ കാർഷിക പദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിെൻറയും പ്രായോഗിക കാർഷിക ഗവേഷണം വികസിപ്പിക്കുന്നതിെൻറയും ഭാഗമാണിത്.
കുങ്കുമപ്പൂവ് ഉൽപാദനം പ്രാദേശികവത്കരിക്കാനുള്ള പദ്ധതിയിൽ റിയാദ്, ഖസിം, തബൂക്ക്, അൽബാഹ എന്നീ നാല് പ്രധാന പ്രവിശ്യകളാണ് ഉൾപ്പെടുന്നത്. ഇതിലൂടെ രാജ്യത്ത് കുങ്കുമപ്പൂവിെൻറ കൃഷിയും ഉൽപാദനവും പ്രാദേശികവത്കരിക്കാനും വർധിപ്പിക്കാനുമാണ് കാർഷിക ഗവേഷണ വികസനകേന്ദ്രം ലക്ഷ്യമിടുന്നത്.
കൂടാതെ പൂക്കളുടെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കലും വിലയിരുത്തലും പൂക്കളും തണ്ടുകളും ഉൽപാദിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല നടീൽ തീയതികൾ നിർണയിക്കലും ഉചിതമായ വളങ്ങൾ തിരഞ്ഞെടുക്കലും ഈ പദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽ വരും. ചെടികളുടെ സാന്ദ്രത, നടീലിെൻറ ആഴം, ജലത്തിെൻറയും മണ്ണിെൻറയും ലവണാംശം, കുങ്കുമപ്പൂക്കൾ ഉൽപാദിപ്പിക്കുന്നതിനുള്ള ഹൈഡ്രോപോണിക്, വെർട്ടിക്കൽ കൃഷിക്കുള്ള പോഷക പരിഹാരങ്ങൾ എന്നിവയും പഠനപരിധിയിൽപെടും.
കുങ്കുമപ്പൂവ് സാമ്പത്തികമായി ഏറെ പ്രതീക്ഷ നൽകുന്ന വിളകളിലൊന്നായി രാജ്യം കണക്കാക്കുന്നു. രാജ്യം അതിെൻറ ഉൽപാദനം ഇരട്ടിയാക്കാൻ ശ്രമിക്കുമ്പോൾ തന്നെ കൃഷിയെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ കാർഷിക ഉൽപാദന സമ്പ്രദായത്തിലേക്ക് അതിനെ പരിചയപ്പെടുത്തുന്നതിനും നിരവധി ശാസ്ത്രീയ ഗവേഷണങ്ങളും പഠനങ്ങളും നടത്താൻ ആഗ്രഹിക്കുന്നു.
ആധുനിക കാർഷിക സംഭവവികാസങ്ങൾക്കൊപ്പം നൂതനമായ കാർഷിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ദേശീയ സുസ്ഥിരതാ കാർഷിക കേന്ദ്രം നടത്തുന്ന ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് കുങ്കുമപ്പൂ കൃഷിയും ഉൾപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.