സഹൂദ് കൊട്ടാരം ഭാഗികമായി തകർന്നു; ഉടൻ പുനർനിർമിക്കും
text_fieldsദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ, അൽ-അഹ്‌സയിലെ മുബാറസ് പട്ടണത്തിലുള്ള ചരിത്രപ്രസിദ്ധമായ സഹൂദ് കൊട്ടാരം ഭാഗികമായി തകർന്നു. ഞായറാഴ്ച അപ്രതീക്ഷതമായുണ്ടായ ശക്തമായ കാറ്റിലാണ് കൊട്ടരത്തിെൻറ ഒരു ഭാഗം തകർന്നുവീണത്.
മുബാറസിലെ അൽ-ഹസമിൽ സ്ഥിതി ചെയ്യുന്ന കോട്ടയുടെ പടിഞ്ഞാറൻ ഗോപുരത്തിെൻറ ഒരു വശമാണ് തകർന്നത്. തകർച്ചയിൽ പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. തകർന്ന ഭാഗമുൾപ്പടെ കൊട്ടാരം ഉടൻ നവീകരിക്കുമെന്ന് സൗദി ഹെരിറ്റേജ് കമീഷൻ അറിയിച്ചു.
ഗവർണറേറ്റിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലുടെ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണവും നവീകരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്നും നിലവിലുള്ള പ്രോജക്ടിെൻറ ഭാഗമായി അതിനെ ഉൾപ്പെടുത്തുമെന്നും കമീഷൻ വ്യക്തമാക്കി.
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലെ നിരവധി നഗര പൈതൃകകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനുമായി കമീഷൻ നടപ്പാക്കുന്ന നിരവധി പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. കമീഷൻ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളും സാംസ്കാരിക പൈതൃക സ്ഥലങ്ങളും അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഇൻഷുറൻസിെൻറ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കാലതാമസം കൂടാതെ കൊട്ടാരം പുനർനിർമിക്കാനാകും.
അൽ-അഹ്സയുടെ സമ്പന്നമായ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു സ്മാരകങ്ങളിലൊന്നാണ് സഹൂദ് കൊട്ടാരം. ഏഴാം നൂറ്റാണ്ടിൽ ബനീ ഖാലിദ് ഗോത്രത്തിലെ രാജകുമാരന്മാർ മുബാറസിെൻറ വടക്കുദേശത്തെ സംരക്ഷിക്കുന്നതിനായി നിർമിച്ചതാണ് ഇത്.
17,050 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ കൊട്ടാരത്തിന് അവിടെയുള്ള ഏറ്റവും വലിയ പീരങ്കിയുടെ അടിസ്ഥാനത്തിലാണ് ഈ പേര് ലഭിച്ചത്. 60 മീറ്റർ നീളവും 90 മീറ്റർ വീതിയുമുള്ള ഉയർന്ന ചതുരാകൃതിയിലുള്ള കുന്നിൻ മുകളിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച സഹൂദ് കൊട്ടാരം മണ്ണ് ഇഷ്ടിക, വൈക്കോൽ തുടങ്ങിയ പ്രാദേശിക വസ്തുക്കളാൽ നിർമിച്ചതാണ്. കട്ടിയുള്ള അകത്തും പുറത്തുമുള്ള ഭിത്തികൾ, വളഞ്ഞുപുളഞ്ഞ ഗോവണിപ്പടികൾ, മനോഹരമായി രൂപകല്പന ചെയ്ത ഏഴ് വൃത്താകൃതിയിലുള്ള ഗോപുരങ്ങൾ, ഒന്നിലധികം മുറികൾ, ഈന്തപ്പനത്തടികൾ താങ്ങിനിർത്തുന്ന കല്ല് മേൽത്തട്ട് എന്നിവയാണ് ഈ ശക്തമായ കോട്ടയുടെ സവിശേഷത. കൂടാതെ, അതിെൻറ പ്രധാനകവാടം കാവൽക്കാർക്ക് ശത്രുക്കൾക്ക് നേരെ അനായാസം വെടിയുതിർക്കാൻ സൗകര്യത്തിൽ രൂപകൽപന ചെയ്തിട്ടുണ്ട്.
ചരിത്രപരമായ പ്രാധാന്യവും അമൂല്യമായ വാസ്തുവിദ്യയും ഈ കോട്ടയെയും തൊട്ടുള്ള പള്ളിയെയും സംരക്ഷിക്കാൻ സൗദിയിലെ പൈതൃക വകുപ്പിനെ നിർബന്ധിതമാക്കുന്നുണ്ട്. സൗദി അറേബ്യയിലെ എല്ലാ സാംസ്കാരിക പൈതൃകകേന്ദ്രങ്ങളും സംരക്ഷിക്കാനും സജീവമാക്കാനും ദേശീയപൈതൃകത്തെ അതിെൻറ മൂർത്തവും അദൃശ്യവുമായ എല്ലാ രൂപങ്ങളിലും നിലനിർത്താനും അവയെ സംരക്ഷിക്കാനും സൗദി ഹെരിറ്റേജ് കമീഷൻ വിപുലമായ പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.