ആയിരത്തിലേറെ വേദികൾ പിന്നിട്ട് അവതാരകൻ സജിൻ നിഷാൻ
text_fieldsറിയാദ്: ആയിരങ്ങൾ നിറഞ്ഞ പുരുഷാരത്തെയും വി.ഐ.പികൾ മാത്രം ഉൾക്കൊള്ളുന്ന ഡിപ്ലോമാറ്റിക് സംഘങ്ങളെയും ചടുലതയോടെ നിയന്ത്രിക്കുകയും മെയ്വഴക്കത്തോടെ നയിക്കുകയും ചെയ്യുന്ന സൗദിയിലെ അപൂർവ ഇന്ത്യൻ അവതാരകരിലൊരാളാണ് സജിൻ നിഷാൻ. ഭാഷയുടെ വഴക്കവും മൊഴികളുടെ സ്ഫുടതയും കൈമുതലായുള്ള ഈ പ്രതിഭാശാലി അവതരണകലയിൽ വേറിട്ടൊരു ഇടം രേഖപ്പെടുത്തിയ ചെറുപ്പക്കാരനാണ്. 13 വർഷമായി റിയാദിന്റെ സാമൂഹിക സാംസ്കാരിക വേദികളിലും പ്രഫഷനൽ രംഗങ്ങളിലും വാണിജ്യ തുറകളിലും നിറഞ്ഞുനിൽക്കുകയാണ്.
കമ്പ്യൂട്ടർ സയൻസിൽ ബിരുദവും ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദവും നേടിയ സജിൻ അടങ്ങാത്ത അറിവിന്റെയും അന്വേഷണ തൃഷ്ണയുടെയും ഉപാസകൻ കൂടിയാണ്. 30ഓളം ചെറുതും വലുതുമായ വിവിധ കോഴ്സുകളിൽനിന്ന് സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയ സജിൻ ഇപ്പോഴും പഠനം തുടരുന്നു. തിരുവനന്തപുരം സ്വദേശിയാണെങ്കിലും ഇപ്പോൾ കോട്ടയത്താണ് താമസം. അബ്ദുൽ വഹാബ്, ജാസ്മിൻ എന്നിവരാണ് മാതാപിതാക്കൾ. ബംഗളൂരുവിൽ പഠനകാലത്ത് ‘ഹച്ച്’കമ്പനിയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു.
പ്രവാസത്തിൽ ഇപ്പോൾ 13 വർഷം പിന്നിട്ടു. മലസിൽ ഒരു കമ്പനിയിലായിരുന്നു തുടക്കം. ഒന്നര വർഷത്തിന് ശേഷം ജോലി നഷ്ടപ്പെട്ട്, ആറേഴ് മാസം പ്രയാസങ്ങളുടെ കൈപ്പുനീർ കുടിച്ച നാളുകൾ ഞെട്ടലോടെയാണ് സജിൻ ഓർക്കുന്നത്. യോഗ്യതകളുടെ ആധിക്യമായിരുന്നു പലപ്പോഴും ജോലി ലഭിക്കാതെ പോയത്. പിന്നീടാണ് സൗദി ഹെൽത്ത് സർവിസ് കമ്പനിയിൽ അഡ്മിൻ ജോലിയിൽ പ്രവേശിച്ചത്. 11 വർഷം വിവിധ തസ്തികകളിൽ ജോലി ചെയ്തു.
കോവിഡ് കാലത്തെ തൊഴിൽ ജീവിതം മറക്കാനാവില്ല. എല്ലാവരും വീടകങ്ങളിൽ സുരക്ഷാകവചത്തിൽ പ്രവർത്തിക്കുമ്പോൾ മുഴുസമയം ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യമായിരുന്നു ഹെൽത്ത് മേഖലയിൽ. എന്നാൽ വളരെ ആത്മാർഥതയോടെ അത് നിർവഹിക്കുകയും കോവിഡ് ദുരന്തത്തെ അഭിമുഖീകരിച്ചവരെ സഹായിക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. അക്കാലത്ത് രൂപവത്കരിച്ച ‘ഹെൽപ് ഡെസ്ക്’ നിരവധി പേർക്ക് സാന്ത്വനമായി മാറി.
മദ്റസയിൽ നബിദിനത്തിൽ ‘മൗത്തും ഹയാത്തും’ എന്ന ഉമ്മ പഠിപ്പിച്ച പാട്ടിലൂടെയാണ് ആദ്യമായി ഒരു വേദിയിലെത്തുന്നത്. പിന്നീട് മാതൃഭൂമി ബാലജനസഖ്യം, സ്കൂൾ, കോളജ് തുടങ്ങി പൊതുവേദികളിലൂടെ മുന്നോട്ട് പോയി. ലക്ഷദ്വീപുകാരനായ മുഹമ്മദ് ഐക്കൻ എന്ന അധ്യാപകനായിരുന്നു പ്രചോദനമായി മാറിയത്. പ്രവാസലോകത്ത് എത്തിയ ശേഷം അൽ ബന്ദർ ലാൻഡ് മാർക്ക് അറേബ്യയുടെ പരിപാടിയിൽ അവതാരകനാകാൻ ക്ഷണം ലഭിച്ചു.
പിന്നീട് റിയാദ് ടാക്കീസിന്റെ മ്യൂസിക് ബാൻഡിന്റെ ഉദ്ഘാടന പരിപാടിയിൽ അവതാരകനായി. ഇപ്പോൾ ആയിരത്തിലധികം വേദികൾ പിന്നിട്ടു. കൈരളി ടി.വി സംപ്രേഷണം ചെയ്ത ‘അറേബ്യൻ കാഴ്ചകൾ’ എന്ന ടെലിവിഷൻ ഷോയുടെ 150 എപ്പിസോഡുകൾ, ‘അറേബ്യൻ പട്ടുറുമാൽ’ റിയാലിറ്റി ഷോ 32 ഭാഗങ്ങൾ, കുക്കറി ഷോ, മോഡലിങ് തുടങ്ങി വിവിധ പരിപാടികളിൽ അവതാരകന്റെ വേഷത്തിൽ തിളങ്ങാനായി. സൗദിയിലെ പ്രധാന ടെലിഫോൺ കമ്പനികൾക്കും പ്രമുഖ ഹൈപ്പർ മാർക്കറ്റുകൾക്കും വേണ്ടി പരസ്യമോഡലായിട്ടുണ്ട്.
റിയാദിൽ നടന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ അവതാരകനായത് മറക്കാനാകാത്ത അനുഭവമാണ്. ദൂരദർശനും സ്റ്റാർ സ്പോർട്സും ലൈവ് സംപ്രേഷണം ചെയ്തിരുന്നു. സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി, വിദേശകാര്യ മന്ത്രാലയം, റിയാദ് സീസൺ എന്നിവക്ക് കീഴിൽ നിരവധി വേദികളിലും ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാത്രമല്ല, സവിശേഷമായ പല പരിപാടികളിലും അവതാരകനായിട്ടുണ്ട്.
നിലവിൽ ഇന്ത്യൻ എംബസിയിലാണ് ജോലി ചെയ്യുന്നത്. കലാസാംസ്കാരിക പ്രവർത്തകയായ അഞ്ജു സുനിലാണ് ജീവിതപങ്കാളി. പ്രഫഷനൽ നാടകങ്ങളിലും ഡോക്യുമെൻററികളിലും അഭിനയിച്ചിട്ടുണ്ട്. മകൾ സൈറ യാസ്മിൻ റിയാദിലെ സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.