സലാഹുദ്ദീൻ കടന്നമണ്ണ അനുസ്മരണ സമ്മേളനവും പ്രാർഥനയും നടത്തി
text_fieldsറിയാദ്: കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായ മുൻ തനിമ റിയാദ് പ്രസിഡൻറ് സലാഹുദ്ദീൻ കടന്നമണ്ണയുടെ അനുസ്മരണ സമ്മേളനവും പ്രാർഥനയും നടത്തി. ബത്ഹ അപ്പോളോ ഡിമോറോ ഹോട്ടലിൽ തനിമ സെൻട്രൽ പ്രോവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി പ്രാർഥനക്കും അനുസ്മരണ പരിപാടിക്കും നേതൃത്വം നൽകി. സൗമ്യതയുടെയും ലാളിത്യത്തിന്റെയും പര്യായമായ സലാഹുദ്ദീൻ ആസൂത്രണ മികവും നേതൃപാടവവും ഒത്തിണങ്ങിയ നേതാവായിരുന്നുവെന്ന് പറഞ്ഞു.
നെറ്റിയിൽ വിയർപ്പുകണങ്ങളോടെ ദൈവത്തെ കണ്ടുമുട്ടുമെന്ന പ്രവാചക വചനത്തെ ഓർമിപ്പിക്കുന്ന പരിശ്രമശാലിയും സാത്വികനുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ ആഗാധമായ അറിവുള്ള പണ്ഡിതനെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് തനിമ നോർത്ത് സോണൽ പ്രസിഡൻറ് സിദ്ദീഖ് ബിൻ ജമാൽ പറഞ്ഞു. മികച്ചൊരു അധ്യാപകനും നേതാവുമായിരുന്നു അദ്ദേഹമെന്ന് സൗത്ത് സോണൽ പ്രസിഡൻറ് തൗഫീഖുറഹ്മാൻ അനുസ്മരിച്ചു. സങ്കീർണമായ വിഷയങ്ങൾ നിർധാരണം ചെയ്യുന്നതിനും സംശയനിവാരണത്തിനും അവലംബിക്കാൻ പറ്റിയ അറിവുകളുടെ ഉടമയായിരുന്നു പരേതനെന്ന് റഹ്മത്ത് തിരുത്തിയാട് പറഞ്ഞു. സമർപ്പണവും സാധാരണ ജനങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിത്വമായിരുന്നുവെന്ന് സലീം മാഹി ഓർമിച്ചു.
ഒരു മാതൃക വ്യക്തിത്വവും പഠനത്തിലും തന്നോടൊപ്പമുള്ളവരോടുള്ള കരുതലിലും ഒപ്പം കാർഷികവൃത്തിയെ സ്നേഹിക്കുകയും ചെയ്ത ഒരാളായിരുന്നുവെന്ന് നാട്ടുകാരനായ ഉണ്ണീൻ കുട്ടി പറഞ്ഞു. മുജീബുറഹ്മാൻ കക്കോടി, അഷ്റഫ് കൊടിഞ്ഞി, അബ്ദുറഹ്മാൻ ഒലയാൻ, നാസിറുദ്ദീൻ, ഹുസൈൻ എടപ്പാൾ, ജമീൽ മുസ്തഫ, അഷ്റഫ് പൂളമണ്ണ എന്നിവർ സംസാരിച്ചു. നാട്ടുകാരും സഹപ്രവർത്തകരും വിദ്യാർഥികളും തനിമ പ്രവർത്തകരുമടക്കം നിരവധി പേർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. തൗഫീഖുറഹ്മാൻ ഖിറാഅത്തും അബ്ദുല്ലത്തീഫ് ഓമശ്ശേരി സമാപന പ്രഭാഷണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.