ശമ്പളം മുടങ്ങി; നാനൂറോളം തൊഴിലാളികൾ ദുരിതത്തിൽ
text_fieldsറിയാദ്: കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ദുരിതത്തിലായ നാനൂറോളം തൊഴിലാളികൾ ദുരിതത്തിൽ. റിയാദിന് സമീപം മക്ക ഹൈവേയിൽ തബ്റാക്ക് പട്ടണത്തിലെ നല്ല നിലയിൽ പ്രവർത്തിച്ചുപോന്നിരുന്ന ഫാം കമ്പനിയിലാണ് ശമ്പളം മുടങ്ങിയത്. 140 ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ നാനൂറോളം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. ശമ്പളം മുടങ്ങിയിരുന്നെങ്കിലും ഭക്ഷണത്തിനുള്ള സഹായം ഇതുവരെ ഫാം അധികൃതർ നൽകിപ്പോന്നിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം ഭക്ഷണവും കമ്പനി നിർത്തലാക്കിയതോടെ തൊഴിലാളികൾ തീർത്തും ദുരിതത്തിലാവുകയായിരുന്നു. ഇതറിഞ്ഞ് റിയാദിലെ കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ സഹായവുമായി എത്തി. വിവിധ ജില്ലകളിൽനിന്നായി 57 മലയാളികളും ഇവിടെയുണ്ട്. മലയാളികളായ തൊഴിലാളികൾ വിഷയം കേളിയെ അറിയിച്ചതിനെത്തുടർന്ന് മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും ഭക്ഷണക്കിറ്റുകൾ എത്തിച്ചുനൽകുകയും ചെയ്തു.
ഇന്ത്യൻ എംബസിയിൽ പരാതി നൽകിയ തൊഴിലാളികൾ പ്രശ്നത്തിന് അതിവേഗപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. എംബസിയുമായി ചേർന്ന് മറ്റ് നിയമനടപടികൾക്ക് ആവശ്യമായ സഹായം നൽകാൻ കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കൺവീനർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.