റിയാദ് സീസൺ ഉത്സവത്തിന് താരപ്രഭയേകാൻ സൽമാൻ ഖാൻ എത്തുന്നു
text_fieldsറിയാദ്: ലോക ശ്രദ്ധ പിടിച്ച റിയാദ് സീസൺ ആഘോഷത്തിന് താരപ്രഭയേകാൻ പ്രമുഖ ബോളിവുഡ് താരം സൽമാൻ ഖാൻ എത്തുന്നു. ഡിസംബർ 10ന് സൽമാൻ സൗദി തലസ്ഥാന നഗരിയിലെത്തുമെന്ന് ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖ് ട്വീറ്റ് ചെയ്തതോടെ താരത്തിെൻറ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാരുൾപ്പടെയുള്ള ആരാധകർ.
എല്ലാവരെയും കാണാൻ ഞാൻ റിയാദിലെത്തുന്നുണ്ടെന്ന് സൽമാൻ ഖാെൻറ മറു ട്വീറ്റ് കൂടി എത്തിയതോടെ ആരാധകർ ആവേശത്തിലായി. സൗദി പ്രവാസി മലയാളികളുടെയും ഇഷ്‌ടതാരമാണ് സൽമാൻ. താരത്തെ നേരിട്ട് കാണാൻ ടിക്കറ്റ് ഓൺലൈനിൽ എത്തുന്നത് കാത്തിരുന്നവർക്ക് ആഹ്ലാദം പകർന്ന് ഞായറാഴ്ച മുതൽ ടിക്കറ്റ് വിൽപനയും ആരംഭിച്ചു.
150 റിയാൽ, 375 റിയാൽ, 1000 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 'ദ ബാങ്' എന്ന പേരിലാണ് സൽമാൻ ഖാെൻറ പരിപാടി അരങ്ങേറുന്നത്. സൗദിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ നടന്മാരിൽ ഒരാൾ കൂടിയാണ് സൽമാൻ ഖാൻ.
സൗദി അറേബ്യയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയുടെ പരസ്യ മോഡലായിരുന്നു സൽമാൻ ഖാൻ. ആബാലവൃദ്ധം അറബ് സമൂഹത്തിനിടയിലെ സൽമാെൻറ സ്വാധീനമാണ് റിയാദ് സീസണിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടതിന് പിന്നിൽ. രണ്ട് വർഷം മുമ്പ് കിഴക്കൻ പ്രവിശ്യയിലെ 'അൽഷർഖ് ഫെസ്റ്റിവലി'ൽ അതിഥിയായി സൽമാൻ ഖാൻ എത്തിയിരുന്നു.
ഒക്ടോബർ 20ന് ആരംഭിച്ച റിയാദ് സീസൺ ഉത്സവത്തിൽ ലോക പ്രശസ്ത റാപ്പർ പിറ്റ് ബുൾ, വിഖ്യാത സൗദി ഗായകൻ മുഹമ്മദ് അബ്ദു, സിറിയൻ ഗായിക റാഷാ റിസ്ക് ഉൾപ്പടെയുള്ളവരുടെ പരിപാടികൾ ഇതിനം അരങ്ങേറിയെങ്കിലും കാര്യമായ ഇന്ത്യൻ സാന്നിധ്യം ഉണ്ടായിരുന്നില്ല. സൽമാൻ ഖാെൻറ വരവോടെ താരപരിവേഷമായി തന്നെ ആ കുറവ് നികത്തപ്പെടും.
സൗദി പൗരന്മാർക്ക് പുറമെ മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് ഇന്ത്യക്കാർ സൽമാനെ കാണാനും പ്രകടനം ആസ്വദിക്കാനും നഗരിയിലെത്തും. സൽമാൻ ഖാന് പുറമെ ശിൽപ ഷെട്ടി, ജാക്വലിൻ ഫെർണാണ്ടസ്, സായ് മഞ്ച്റേക്കർ, സുനിൽ ഗ്രോവർ, ഗുരു രൺധാവ തുടങ്ങിയ താരങ്ങളും അരങ്ങിലെത്തും.
മാർച്ച് 31ന് അവസാനിക്കുന്ന ഉത്സവത്തിലേക്ക് ആഗോള പ്രശസ്ത കലാകാരന്മാരും കായിക ലോകത്തെ വമ്പന്മാരും വരും ദിവസങ്ങളിൽ ഇനിയും എത്താനുണ്ട്. 'കൂടുതൽ സങ്കൽപ്പിക്കുക' എന്ന സീസൺ തലവാചകം അന്വർഥമാകും വിധമാണ് ദിനേന വിസമയങ്ങൾ തീർത്ത് സീസൺ മുന്നേറുന്നത്. ഫുട്ബാൾ താരങ്ങളായ മെസ്സിയും എംബാപ്പായും നെയ്‌മറും സൗദി ഗ്രൗണ്ടിൽ പന്തുരുട്ടാനെത്തുന്നതിനാണ് ഫുട്ബാൾ ആരാധകരുടെ അടുത്ത കാത്തിരിപ്പ്. കളിയും കാര്യവും കലയും തുടങ്ങി എല്ലാ തരം ആസ്വാദകരുടെയും അഭിരുചിക്കനുസരിച്ചാണ് സീസൺ വേദികൾ ഒരുങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.