റിയാദ് മതിമറന്നാഘോഷിച്ച ബോളിവുഡ് രാവ്
text_fieldsറിയാദ്: ഹിന്ദി സിനിമകളിലെ നൃത്തരംഗങ്ങൾ നേരിട്ടരങ്ങേറിയ ബോളിവുഡ് രാവിൽ മതിമറന്നാടി സൗദി തലസ്ഥാന നഗരം. ഹൃദയത്തിൽ പതിഞ്ഞ പാട്ടുകൾക്കൊപ്പം ചുവടുവെച്ച് സൽമാൻ ഖാനും സംഘവും നിറഞ്ഞാടുേമ്പാൾ അക്ഷരാർഥത്തിിൽ ഇളകിമറിയുകയായിരുന്നു റിയാദ് സീസൺ ആഘോഷങ്ങളുടെ മുഖ്യവേദിയായ ബോളിവാർഡ് സിറ്റി. ഹിന്ദിസിനിമയെ ഇഷ്ടപ്പെടുന്ന, ബോളിവുഡ് താരങ്ങളെ നെഞ്ചേറ്റുന്ന അറബ് ആസ്വാദകർക്ക് വിഭവസമൃദ്ധമായിരുന്നു ഖാനും സംഘവും ഒരുക്കിയ നൃത്ത സംഗീത മെഗാ ഷോ.
ബോളിവാർഡ് പ്ലസ് ഇൻറർനാഷനൽ അരീനയിൽ വെള്ളിയാഴ്ച വൈകീട്ട് 7.30 മുതൽ മൂന്നേകാൽ മണിക്കൂർ നീണ്ട ദൃശ്യ വിസ്മയം പക്ഷേ, മധുരമിഠായി നുണഞ്ഞതുപോലെ പെട്ടെന്ന് അലിഞ്ഞുപോയ പ്രതീതിയായിരുന്നു ഗാലറികളിൽ നിറഞ്ഞുകവിഞ്ഞ പ്രേക്ഷക ലക്ഷത്തിന്. ആസ്വദിച്ചിട്ടും മതിയായില്ലെന്നാർപ്പുവിളികളിൽ മുങ്ങി ഗാലറികൾ. ബോളിവുഡ് താരം സൽമാൻ ഖാനും 'ഡബാങ് ദ ടൂറി'ലെ സഹ താരങ്ങളും അസാധാരണവും കേട്ടുപതിഞ്ഞതുമായ മനോഹര ഗാനങ്ങൾക്ക് മികച്ച നൃത്താവിഷ്കാരം നൽകി അവാച്യവും ത്രസിപ്പിക്കുന്നതുമായ അനുഭവം സമ്മാനിച്ച ഈ രാവ് ഞങ്ങൾക്ക് അവിസ്മരണീയമെന്നാണ് സൗദി ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി ട്വീറ്റ് ചെയ്തത്.
ബോളിവുഡ് താരങ്ങളുടെ പതാക സൗദി അറേബ്യയുടെ പതാകയോടൊപ്പം തിളങ്ങുന്നു എന്ന് ട്വീറ്റിൽ പ്രത്യേകം വിശേഷണം ചാർത്തുകയും ചെയ്തു. ബോളിവുഡ് നക്ഷത്രങ്ങളായ ശിൽപാ ഷെട്ടി, സായി മഞ്ജരേക്കർ, ആയുഷ് ഷർമ, ഗായകൻ ഗുരു രണദേവ് തുടങ്ങി വൻ താരനിരയാണ് സൽമാൻ ഖാനോടൊപ്പം അരങ്ങിൽ അവിസ്മരണീയ കാഴ്ചകളിൽ മിന്നിത്തിളങ്ങിയത്. പ്രമുഖരായ 10 വോളിവുഡ് താരങ്ങൾക്കൊപ്പം 150ഓളം മറ്റ് കലാകാരന്മാരും അണിനിരന്നു. ഹിന്ദി സിനിമ കാണും പോലൊരു പ്രതീതിയിലായിരുന്നു വേദിക്ക് മുന്നിൽ പ്രേക്ഷകർ. സൽമാൻ ഖാെൻറ സഹോദരൻ കൂടിയായ സുഹൈൽ ഖാനാണ് ഷോ ഒരുക്കിയത്.
സൽമാൻ ഖാൻ രണ്ടാം തവണയാണ് സൗദി അറേബ്യയിലെങ്കിലും റിയാദിൽ ആദ്യമായിട്ടാണ്. കോവിഡിന് മുമ്പ് ദമ്മാമിൽ നടന്ന അൽഷർഖിയ ഫെസ്റ്റിവലിൽ അതിഥിയായി എത്തിയിരുന്നു. ബാക്കി താരങ്ങളെല്ലാം സൗദിയിൽ ആദ്യമായിട്ടായിരുന്നു. ബുധനാഴ്ചയാണ് സൽമാൻ ഖാനും സംഘവും റിയാദിലെത്തിയത്. വ്യാഴാഴ്ച റിയാദിൽ മാധ്യമപ്രവർത്തകരെ കാണുകയും സൗദിയിൽ ഇത്തരത്തിലൊരു ബോളിവുഡ് ഷോ അവതരിപ്പിക്കാൻ കഴിയുന്നതിൽ തങ്ങൾക്കുള്ള വിസ്മയവും ആവേശവും വെളിപ്പെുത്തുകയും ചെയ്തിരുന്നു. സൗദിയിൽ അടുത്തിടെയുണ്ടാവുന്ന മാറ്റങ്ങളെല്ലാം അവിശ്വസനീയവും വിസ്മയാവഹവുമാണെന്നും സൽമാൻ ഖാൻ അഭിപ്രായപ്പെട്ടു. ഇനി ഹിന്ദി സിനിമ ഷൂട്ടിങ്ങിനായി സൗദിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സൽമാൻ ഖാെൻറയും ബോളിവുഡ് സംഘത്തിെൻറയും റിയാദിലെ സന്ദർശനവും മെഗാഷോയുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ വൈറലാണ്. സൽമാൻ ഖാനൊപ്പമുള്ള സൗഹൃദ നിമിഷങ്ങളുടെ വീഡിയോ ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ട്വീറ്ററിൽ പങ്കുവെച്ചതും വൈറലായി. സൽമാൻ ഖാനെ നേരിട്ട് കാണാൻ സാധിച്ച സന്തോഷം തുർക്കി ആലുശൈഖ് പ്രകടിപ്പിച്ചപ്പോൾ സൗദിയിലെത്താനും തുർക്കി ആലുശൈഖിനെ കാണാനും സാധിച്ചതിൽ സൽമാൻ ഖാനും സന്തോഷം പ്രകടിപ്പിച്ചു. മെഗാ ഷോയുടെ ടിക്കറ്റ് ഓൺലൈനിൽ വിൽപനക്കെത്തി കുറഞ്ഞ ദിവസം കൊണ്ട് എല്ലാം വിറ്റുപോയിരുന്നു. അത്രമേൽ ആവേശത്തോടെയാണ് സൗദിയിലെ സ്വദേശികളും വിദേശികളുമായ കലാസ്വാദകർ സൽമാൻ ഖാൻ ഷോക്കായി കാത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.