സൽമാൻ രാജാവ് ഇസ്ലാമിക വ്യക്തിത്വം
text_fieldsദുബൈ: ഇൗ വർഷത്തെ ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം പരിശുദ്ധ ഹറമുകളുടെ സൂക്ഷിപ്പുകാരനായ സൗദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസിന്. ഇസ്ലാമിനും ലോക മുസ്ലിം സമൂഹത്തിനും നൽകി വരുന്ന സേവനങ്ങൾക്ക് ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് സംഘാടക സമിതിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ആയാസ രഹിതമായി കർമങ്ങൾ നിർവഹിക്കാൻ ഹജ്ജ്^ഉംറ തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളും പരിശുദ്ധ ഗേഹങ്ങളിലെ സന്ദർശകർക്ക് അളവറ്റ സേവനങ്ങളും നൽകുന്ന സൽമാൻ രാജാവിന് അർഹിക്കുന്ന അംഗീകാരമാണിതെന്ന് അവാർഡ് സമിതി ചെയർമാനും ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക ഉപദേഷ്ടാവുമായ ഇബ്രാഹിം ബു മിൽഹ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിശുദ്ധ ഖുർആെൻറ കൽപനക്കനുസൃതമായ സേവനങ്ങൾ ചെയ്യുന്ന വ്യക്തികൾക്കോ സംഘങ്ങൾക്കോ ആണ് ഒാരോ വർഷവും പത്തു ലക്ഷം ദിർഹത്തിെൻറ പുരസ്കാരം സമ്മാനിക്കുക. 70 ബൃഹദ് ഗ്രന്ഥങ്ങളെഴുതുകയും 200 ലേറെ ജീവകാരുണ്യ സംഘങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന 96 വയസ് പിന്നിട്ട ഇമറാത്തി പണ്ഡിതൻ ശൈഖ് മുഹമ്മദ് അലി ബിൻ അൽ ശൈഖ് അബ്ദുറഹ്മാൻ സുൽത്താൻ അൽ ഉലമയാണ് കഴിഞ്ഞ വർഷം പുരസ്കാരം നേടിയത്.
അറബ് ലോകത്തെയും മുസ്ലിം സമൂഹത്തെയും ഒരുമിപ്പിക്കാനും അവർ നേരിടുന്ന വെല്ലുവിളികളെ ചെറുക്കാനും നിതാന്ത പരിശ്രമങ്ങളാണ് സൽമാൻ രാജാവ് നടത്തി വരുന്നത്്.
എണ്ണമറ്റ ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങൾക്കാണ് രാജാവ് നേതൃത്വം നൽകുന്നതെന്നും പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും നേരിടുന്ന രാജ്യങ്ങൾക്കെല്ലാം അദ്ദേഹം സഹായമെത്തിക്കുന്നുണ്ടെന്നും ബു മിൽഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.