സൽമാൻ രാജാവ് ഫലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ചു
text_fieldsറിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഫലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ചു. സംഭാഷണത്തിൽ കഴിഞ്ഞ 11 ദിവസമായി ജറൂസലമിലെയും ഗസ്സ മുനമ്പിലെയും ഇസ്രായേൽ ആക്രമണങ്ങളെ സൽമാൻ രാജാവ് അപലപിച്ചു.
ഇസ്രായേലും ഹമാസും അംഗീകരിച്ച വെടിനിർത്തൽ വെള്ളിയാഴ്ച പുലർച്ച പ്രാബല്യത്തിൽ വന്നിരുന്നു. സംഘർഷത്തിനിടെ പരിക്കേറ്റവരുടെ അസുഖം വേഗത്തിൽ സുഖപ്പെടട്ടെ എന്ന് സൽമാൻ രാജാവ് പ്രാർഥിക്കുകയും ഫലസ്തീൻ ജനതക്ക് സുരക്ഷയും സമാധാനവും നേരുകയും ചെയ്തു. ജറൂസലമിനെതിരായ ഇസ്രായേൽ ആക്രമണങ്ങൾ തടയുന്നതിനുള്ള എല്ലാ ശ്രമങ്ങളും രാജ്യം തുടരുമെന്നും ഇസ്രായേൽ സർക്കാറിനെ സമ്മർദത്തിലാക്കാൻ പ്രസക്തമായ എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും സൽമാൻ രാജാവ് അറിയിച്ചു.
ഫലസ്തീനുള്ള സൗദിയുടെ പിന്തുണക്ക് മഹമൂദ് അബ്ബാസ് നന്ദി പ്രകടിപ്പിച്ചു. ഇസ്രായേൽ ആക്രമണം തടയാനും ഫലസ്തീൻ ജനതയെ പിന്തുണക്കാനും അന്താരാഷ്ട്ര, ഇസ്ലാമിക്, അറബ് സംഘടനകൾക്കുള്ളിൽ സൗദി നടത്തിയ ശ്രമങ്ങൾക്ക് രാജാവിനും സർക്കാറിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.