സൗദി നേവൽ ഫോഴ്സിന് സല്യൂട്ട്
text_fieldsജിദ്ദ: സായുധ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽനിന്ന് 13 രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിച്ച റോയൽ സൗദി നേവൽ ഫോഴ്സിന് അന്താരാഷ്ട്ര തലത്തിൽ അഭിനന്ദന പ്രവാഹം. രക്ഷപ്പെടുത്തിയ പൗരന്മാരുടെ രാജ്യങ്ങളിൽനിന്നെല്ലാം സേനക്ക് സല്യൂട്ടാണ് ഉയരുന്നത്.
13 രാജ്യങ്ങളിലെ 157 പൗരന്മാരെയാണ് സൗദി സായുധ സേനയുടെ വിവിധ ശാഖകളുടെ പിന്തുണയോടെ റോയൽ സൗദി നേവൽ ഫോഴ്സ് സുഡാനിൽനിന്ന് രക്ഷപ്പെടുത്തി കപ്പലുകളിൽ ജിദ്ദയിലെത്തിച്ചത്. സഹോദര-സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്നായിരുന്നു സൗദിയുടെ ഈ നടപടി.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണം ഉടനടി ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. സുഡാനിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാർക്ക് പുറമെ മറ്റു രാജ്യങ്ങളിലെയും പൗരന്മാരെ പറ്റുന്നത്ര സുരക്ഷിതമായി ജിദ്ദയിലെത്തിക്കുകയായിരുന്നു.
റോയൽ സൗദി നേവൽ ഫോഴ്സ് നടത്തിയ ഒഴിപ്പിക്കൽ പ്രക്രിയ അന്താരാഷ്ട്ര സമൂഹത്തിന് വിശ്വസനീയമായ പങ്കാളി എന്ന നിലയിൽ സൗദിയുടെ പങ്കും ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും പൗരന്മാരോടുള്ള കടമയും തുറന്നുകാട്ടുന്നതാണ് എന്ന അഭിപ്രായമാണ് പരക്കെ ഉയർന്നിരിക്കുന്നത്.
ഖർത്തൂമിൽനിന്ന് പോർട്ട് സുഡാനിലും പിന്നീട് ജിദ്ദയിലുമെത്തുന്ന ആളുകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സൗദി സേന നൽകിയിരുന്നു. ജിദ്ദ തുറമുഖത്ത് എത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള എല്ലാ നടപടികളും സൗദി അധികൃതർ സ്വീകരിച്ചിരുന്നു.
സുഡാനിൽനിന്ന് സുരക്ഷിതമായി സൗദിയിലെത്തിക്കുന്നതിന് സഹായിച്ച സൗദി ഭരണകൂടത്തിന് പ്രത്യേകിച്ച് നേവൽ ഫോഴ്സിനും സംഘത്തിലുണ്ടായിരുന്ന നയതന്ത്രജ്ഞരും അന്താരാഷ്ട്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആളുകൾ നന്ദി പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.