രക്തബന്ധം വീണ്ടെടുത്ത് സൽവയും അൽഅഹ്സയും
text_fieldsമൂന്നരവർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സൗദിക്കും ഖത്തറിനുമിടയിൽ മഞ്ഞുരുകിയപ്പോൾ വീണ്ടെടുക്കപ്പെട്ടതിൽ രണ്ടു നാടുകൾ തമ്മിലെ രക്തബന്ധവുമുണ്ട്. ഇരു രാജ്യങ്ങളുടെയും അതിർത്തിയിലെ ജനവാസ മേഖലകൾ തമ്മിൽ വൈവാഹിക ബന്ധവും അതിലൂടെ രക്തബന്ധവുമുള്ള നിരവധി പേരുണ്ട്. അതാണ് ഉപരോധത്തിലൂടെ മുറിഞ്ഞുപോയിരുന്നത്. ഖത്തറിന് നേരിട്ട് കരബന്ധമുള്ളത് സൗദിയുമായി മാത്രമാണ്. ആ അതിർത്തി പങ്കിടുന്ന ഭാഗം സൗദിയുടെ കിഴക്കൻ മേഖലയിലെ അൽഅഹ്സയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള സൽവയാണ്.
ഒമാനിലേക്കും യു.എ.ഇയിേലക്കും ബഹ്റൈനിലേക്കും പോകാൻ ഖത്തറിലുള്ളവർ ആശ്രയിക്കുന്നത് സൗദിയുടെ സൽവ അതിർത്തിയെയാണ്. അതുകൊണ്ടുതന്നെ ഒരു വിഭാഗം ഖത്തറികളുടെ നിത്യജീവിതവുമായി സൗദിയുടെ കിഴക്കൻ മേഖല ബന്ധപ്പെട്ടുകിടക്കുന്നു. ഇരുരാജ്യങ്ങൾക്കിടയിൽ വിലക്കുകൾ വരുന്നതിന് മുമ്പ് ദമ്മാമിെൻറയും അനുബന്ധ പട്ടണങ്ങളുടെയും നിരത്തുകളിൽ ഖത്തർ രജിസ്ട്രേഷൻ വാഹനങ്ങൾ സാധാരണ കാഴ്ചയായിരുന്നു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ പരസ്പരം പങ്കുവെക്കുന്ന രാജ്യങ്ങളാണ് ഖത്തറും സൗദിയും.
ഖത്തരികൾ അധികവും അൽഅഹ്സയിലെ 'അൽമർറി' കുടുംബങ്ങളുമായി ബന്ധമുള്ളവരാണ്. ഇരുകൂട്ടർക്കുമിടയിൽ വിവാഹ ബന്ധങ്ങൾ സാധാരണമാണ്. അതുകൊണ്ടുതന്നെ അനവധി ഖത്തരി കുടുംബങ്ങൾക്ക് അൽഅഹ്സയിൽ സ്വന്തമായി സ്വത്തുമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള സൂഖ് ഖൈസരിയ്യ ഖത്തരികളുടെ പ്രധാന വാണിജ്യ കേന്ദ്രമാണ്. സൗദിയിലെത്തി ദിവസങ്ങൾ താമസിച്ച് ഖൈസരിയ്യ സൂഖിൽ നിന്ന് സാധനങ്ങൾ വാങ്ങിയാണ് ഇവർ മടങ്ങാറ്. ഉപ്പുമുതൽ കർപ്പൂരം വരെ മിതമായ വിലയിൽ കിട്ടുന്ന വിപണിയാണ് ഖൈസരിയ്യ. ഖത്തർ ബന്ധം അവസാനിച്ചേതാടെ അൽഅഹ്സയിലെ ഹോട്ടൽ, അപാർട്ട്മെൻറ് മേഖലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
തണുപ്പുകാലത്ത് സൗദിയുടെ മരുഭൂമികളിൽ അവധിക്കാലം ചെലവിടാനും ഖത്തരികൾ ധാരാളമായി എത്തിയിരുന്നു. ഇത് കിഴക്കൻ മേഖലയിലെ വിപണികളെയും സജീവമാക്കിയിരുന്നു. പുതിയ വർഷത്തെ ഏറ്റവും സന്തോഷം നിറഞ്ഞ വാർത്തയാണ് ഖത്തർ-സൗദി ബന്ധത്തിെൻറ പുനരുജ്ജീവനമെന്ന് അൽഅഹ്സയിലെ സാമൂഹിക പ്രവർത്തകൻ നാസർ മദനി പറഞ്ഞു. അൽഅഹ്സയിൽ ചലനംനിലച്ച കച്ചവട കേന്ദ്രങ്ങൾക്ക് കൂടുതൽ ഊർജം നൽകാൻ ഖത്തരികളുടെ വരവ് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ നിരവധി പേർക്കും ഖത്തരികളുമായി വിവാഹ, കുടുംബ ബന്ധങ്ങൾ ഉണ്ടായിരുന്നു. ഭരണ കുടുംബത്തിൽപെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
ഖത്തറിലും സൗദി സഖ്യ രാജ്യങ്ങളിലുമായി ജോലിയെടുക്കുന്ന പ്രവാസി സഹോദരങ്ങൾക്കും ഉപരോധം അവസാനിച്ചത് സന്തോഷം പകരുന്നു. വല്ലപ്പോഴും മറ്റൊരു രാജ്യത്തിലെത്തി ജ്യേഷ്ഠാനുജന്മാർ പരസ്പരം കാണുന്നതും വേറൊരു രാജ്യത്ത് ജോലിയെടുക്കുന്ന പിതാവിനടുത്തേക്ക് മക്കൾ എത്തുന്നത ടക്കമുള്ള നിരവധി വൈകാരിക മുഹൂർത്തങ്ങളാണ് ഉപരോധത്തിൽ നിന്നുപോയിരുന്നത്. അവയെല്ലാം തീർന്നു. ഇനി സന്തോഷത്തിെൻറയും സ്നേഹം പങ്കിടലിെൻറയും
◆ നാളുകൾ. (തുടരും)
പൂത്തുലയുന്നു; തീർഥാടകെൻറ കനവുകൾ
ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയെ പ്രതീക്ഷയോടെ കാത്തിരുന്നവരായിരുന്നു ഹജ്ജിനും ഉംറക്കുമായി പുണ്യഭൂമിയിലെത്താൻ കൊതിച്ച ഖത്തർ പൗരന്മാരും അവിടെയുള്ള വിദേശികളും. െഎക്യപ്രഖ്യാപനം ഇവർക്ക് പകർന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതുതന്നെ. ഉപരോധം നിലനിൽക്കെത്തന്നെ ഖത്തറില്‍നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടകരെ വിശുദ്ധഭൂമിയിലേക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയം സ്വാഗതം ചെയ്തിരുന്നു. എന്നാൽ, നേരേത്ത സ്വന്തം വാഹനം മുഖേന കരമാർഗവും മറ്റും എളുപ്പത്തിൽ സൗദിയിലെത്തിയിരുന്ന സൗകര്യങ്ങളെ അപേക്ഷിച്ചു പുതിയ രീതിയിലൂടെ ഉംറക്കെത്തുന്നത് ഖത്തർ പൗരന്മാർക്കും വിദേശികൾക്കും ബുദ്ധിമുട്ടായതിനാൽ അവർ തീർഥാടനത്തിനെത്തിയിരുന്നില്ല. ഖത്തറിലുള്ള വിദേശികൾ അവരുടെ സ്വന്തം നാടുകളിലെത്തി അവിടെനിന്നായിരുന്നു ഉംറക്കും ഹജ്ജിനും പോയിരുന്നത്. മലയാളികളായ ഖത്തർ പ്രവാസികൾ അവധിക്ക് നാട്ടിൽ പോയി നാട്ടിൽനിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളോടൊപ്പം മക്കയിലെത്തി. ഇത്തരം പ്രയാസങ്ങളെല്ലാം പുതിയ തീരുമാനത്തോടെ ഇല്ലാതാവുകയാണ്.
കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതോടെ സജീവമാകുന്ന മക്കയിലും മദീനയിലും ഇനി ഖത്തറിൽനിന്നുള്ളവരും ഉണ്ടാവും. കോവിഡ് കാരണം സൗദിയിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന വിഭാഗം മക്കയിലെ മസ്ജിദുൽ ഹറാമിന് ചുറ്റും കച്ചവടസ്ഥാപനങ്ങളും ഭക്ഷണശാലകളും നടത്തുന്നവരാണെന്ന് മക്കയിൽ ഹോട്ടൽ നടത്തിപ്പുകാരനായ ഷമീർ വലിയകത്ത് പറയുന്നു. ഒരുവർഷമായി ഇവിടെയുള്ള സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. തീർഥാടകരുടെ വരവ് പഴയതുപോലെ ആയാൽ മാത്രമേ ഇവിടെയുള്ള കച്ചവടക്കാർക്ക് ആശ്വാസമാവൂ. സമീപഭാവിയിൽ തന്നെ അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഷമീർ ഉൾപ്പെടെയുള്ള നൂറുകണക്കിന് മലയാളി കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.